ടെലിവിഷൻ താരം കൊവിഡ് ബാധിച്ച് മരിച്ചു: കൊവിഡിനൊപ്പം ന്യൂമോണിയയും ഒരാഴ്ചയായി വെന്റിലേറ്ററിൽ!!
മുംബൈ: പ്രമുഖ ടെലിവിഷൻ അഭിനേത്രി ദിവ്യ ഭട്നാഗർ കോവിഡ് ബാധിച്ച് മരിച്ചു. ന്യുമോണിയ ബാധയെത്തുടർന്ന് ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിൽ കഴിഞ്ഞ് വരുന്നതിനിടെയാണ് മുംബൈയിൽ വെച്ച് മരണം സംഭവിച്ചത്. 34 വയസ്സായിരുന്നു. ഒരാഴ്ചയായി ഗുരുരതരാവസ്ഥയിലായിരുന്നുവെന്നാണ് നടിയുടെ അമ്മയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തേര യാർ ഹൂൻ മെയ്ൻ എന്ന കോമഡി ഷോയുടെ അവതരണത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതോടെയാണ് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. യേ റിഷ്താ ക്യാ കെഹ്താ ഹേ, സൻസ്കാർ, ഉഡാൻ, ജീത് ഗെ തോ പിയ മോറം, വിഷ് എന്നിങ്ങനെ നിരവധി ടെലിവിഷൻ പരിപാടികളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. യേ റിഷ്ട ക്യാ കെഹ്‌ലതാ ഹേയിലെ സഹപ്രവർത്തകരിൽ പലരും നടിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.

"ദിവ്യ പുലർച്ചെ 3 മണിയോടെ അന്തരിച്ചു. സെവൻ ഹിൽസ് ആശുപത്രിയിലേക്ക് മാറ്റിയ ദിവ്യയ്ക്ക് പുലർച്ചെ 2 മുതൽ ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നു. 3 മണിയോടെ ഡോക്ടർ ദിവ്യയുടെ മരണം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അവളുടെ മരണം എനിക്കും അവളുടെ കുടുംബത്തിനും ഇത് ഒരു വലിയ ഞെട്ടലാണ്. അവളുടെ ആത്മാവിന് നിത്യശാന്തി.. എന്നാണ് സുഹൃത്തായ യുവരാജ് രഘുവൻഷിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നവംബർ അവസാനം ഇൻസ്റ്റഗ്രാമിലെത്തിയ ദിവ്യ ഒരു വീഡിയോ കോളിന്റെ സ്ക്രീൻഷോട്ട് പങ്കുവെക്കുകയും ഇൻസ്റ്റഗ്രാം കൂടുംബത്തിലുള്ള എല്ലാവരും തന്റെ രോഗമുക്തിയ്ക്കായി പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അസുഖം ബാധിച്ച ദിവ്യയെ നവംബർ 26 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും നവംബർ 28 ന് കൊവിഡ് സ്ഥിരീകരിച്ചതോടെ ദിവ്യയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായും ഡിസംബർ ഒന്നിന് സഹോദരൻ വ്യക്തമാക്കിയിരുന്നു. അവർക്ക് ഇതിനകം ന്യുമോണിയ ബാധിച്ചിരുന്നുവെന്നും കൊറോണ വൈറസ് കാരണം ഇത് വഷളാവുകയും ചെയ്തു. തുടക്കത്തിൽ, ശ്വസന സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെട്ടതോടെ അവരെ വെന്റിലേഷനിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ന്യുമോണിയയിൽ നിന്ന് രോഗമുക്തി നേടാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും സഹോദരൻ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications