ടിവി അവതാരക ഓഫീസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
നോയിഡ: സ്വകാര്യ ടി വി ചാനലിലെ അവതാരകയായ 31 കാരി ചാനല്‍ ഓഫീസില്‍ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഞായറാഴ്ച നോയിഡയിലെ സെക്ടര്‍ 85 ലാണ് സംഭവം. വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച അവതാരകയെ സഹപ്രവര്‍ത്തകര്‍ ഉടനെ ആശുപത്രിയിലെത്തിച്ചു. കൈലാഷ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് അവതാരക ഇപ്പോള്‍.
സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിയിട്ട ശേഷമാണ് അവതാരക ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ചാനലിലെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ചാനലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തനിക്കെതിരെ ഗൂഡാലോചന നടത്തുന്നു എന്നും തന്നെ വഞ്ചിച്ചു എന്നും പറഞ്ഞാണ് ഇവര്‍ ആത്മഹത്യയ്ക്ക് തുനിഞ്ഞത്.

അവതാരകയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ടി വി ചാനലിലെ മുതിര്‍ന്ന ആളുകള്‍ക്കെതിരെ പോലീസ് കേസെടുത്തു. സെക്കന്‍ഡ് ഫേസ് പോലീസ് അവതാരകയുടെ ആത്മഹത്യാശ്രമത്തെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് യുവതി ചാനലില്‍ ചേര്‍ന്നതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ ഓഫീസിലെത്തിയ ഇവര്‍ വിഷാദമൂകയായാണ് കാണപ്പെട്ടതെന്ന് സഹപ്രവര്‍ത്തകര്‍ പോലീസിനോട് പറഞ്ഞു.
അവതാരക വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു എന്ന് ചാനലില്‍ നിന്നും ഫോണ്‍ വന്നതിനെത്തുടര്‍ന്നാണ് തങ്ങള്‍ സംഭവ സ്ഥലത്തെത്തിയതെന്ന് ഫേസ് 2 സ്റ്റേഷന്‍ ഓഫീസര്‍ രവികാന്ത് പര്‍സാര്‍ പറഞ്ഞു. രാവിലെ പതിനൊന്നരയോടെയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. മാനേജ്‌മെന്റുമായുള്ള പ്രശ്‌നങ്ങളാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications