ഇതിനിടയില്‍ നരേന്ദ്ര മോദി മെഗാസീരിയലിലും അഭിനയിക്കുന്നു....
അഹമ്മദാബാദ്: പ്രധാനമന്ത്രിയാണ്. വിദേശപര്യടനങ്ങള്‍ നടത്തുന്നതില്‍ കേമനാണ്. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ സജീവമാണ്. ഇതൊന്നും പോരാതെ ചൈനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കായ വെയ്‌ബോയിലും അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഇനി ഈ പറഞ്ഞതൊന്നും പോരാതെ നരേന്ദ്ര മോദി സീരിയലിലും കൂടി അഭിനയിച്ചാലോ.
ദിയേ ജാല്‍തേ ഹേ എന്ന ടി വി സീരിയലിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനയിക്കുന്നത്. സീരിയല്‍ എന്ന് കേട്ട് കണ്ണീര്‍ക്കഥയാണ് ഇതിവൃത്തം എന്ന് കരുതരുത് കേട്ടോ. ചന്ദ്ര ഗുപ്ത മൗര്യനെയും അശോകനെയും പോലുള്ള കരുത്തരായ ഭരണാധികാരികളുടെ ജീവ ചരിത്രമാണ് സീരിയല്‍ രൂപത്തില്‍ ഒരുങ്ങുന്നത്. ഗുജറാത്തിലെ പ്രശസ്തമായ ഗാഞ്ചി കമ്യൂണിറ്റിയിലെ പ്രശസ്തരാണ് സീരിയലില്‍ എത്തുന്നത്. മോദിയും ഇവരില്‍ പെടും.

ദേശീയ ടെലിവിഷന്‍ ചാനലായ ദൂരദര്‍ശനാണ് സീരിയല്‍ സംപ്രേക്ഷണം ചെയ്യുക. ഗുജറാത്തിലെ ഗാന്ധിനഗറില്‍ സീരിയലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചു. നരേന്ദ്ര മോദിയുടെ സഹോദരനായ സോമഭായി മോദി ചടങ്ങിനെത്തിയിരുന്നു. പെതാപൂരിലെ മോദി കമ്യൂണിറ്റി ഹാളിലായിരുന്നു ചടങ്ങുകള്‍.
ഒക്ടോബര്‍ മാസത്തോടെ സീരിയല്‍ ദൂരദര്‍ശനില്‍ കാണാമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തില്‍ 128 എപ്പിസോഡുകളാണ് ദൂരദര്‍ശനില്‍ കാണിക്കാന്‍ തീരുമാനമായിരിക്കുന്നത്. 10 വര്‍ഷമെങ്കിലും സീരിയലിന് നീളമുണ്ടാകുമത്രെ. നരേന്ദ്ര മോദിയുടെ കഥാപാത്രവും ഷൂട്ടിംഗും മറ്റും ഒരു മാസത്തിനകം നിശ്ചയിക്കും.












Click it and Unblock the Notifications