രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ വിജയ്; ഒപ്പം ബദല്‍ നിര്‍ദേശവും, ജനാധിപത്യത്തിന് ഭീഷണി
ചെന്നൈ: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് നടന്‍ വിജയ്. ജനാധിപത്യം സംരക്ഷിക്കാനുള്ള ഏക മാര്‍ഗം ഭരണഘടന സംരക്ഷിക്കലാണെന്നു ടിവികെ അധ്യക്ഷന്‍ പറഞ്ഞു. സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പാണ് വേണ്ടതെന്നും ബിഹാറിലെ വോട്ടര്‍ പട്ടിക പരിശോധന ശരിയല്ലെന്നും വിജയ് അഭിപ്രായപ്പെട്ടു.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഒരുങ്ങുകയാണ് വിജയ്. അദ്ദേഹത്തിന്റെ തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് വേണ്ടി വിജയ് ഡല്‍ഹിയിലേക്ക് പോകുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. അതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ സമരത്തെ അദ്ദേഹം പിന്തുണച്ചിരിക്കുന്നത്...

രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷ എംപിമാരെയും അറസ്റ്റ് ചെയ്ത് നീക്കിയ സര്‍ക്കാര്‍ നടപടിയില്‍ വിജയ് കടുത്ത അമര്‍ഷം പ്രകടിപ്പിച്ചു. അപലപനീയമായ നീക്കമാണ് നടന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സുതാര്യമായ തിരഞ്ഞെടുപ്പ് നടത്തുക, വോട്ടര്‍ പട്ടികയിലെ അട്ടിമറി തടയുക, ബിഹാര്‍ വോട്ടര്‍ പട്ടിക പരിശോധന നിര്‍ത്തുക, ബിജെപി-തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒത്തുകളി അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ എംപിമാരും ഉയര്‍ത്തിയത്.
ജനാധിപത്യത്തിന്റെ അടിസ്ഥാനം സുതാര്യമായ തിരഞ്ഞെടുപ്പ് ആണ് എന്ന് വിജയ് അഭിപ്രായപ്പെട്ടു. നിലവിലെ പ്രത്യേക സാഹചര്യങ്ങള്‍ക്ക് പരിഹാരമായി വിജയ് നിര്‍ദേശിച്ചത്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനം വിശദമായ ചര്‍ച്ചകളിലൂടെയും സമവായത്തിലൂടെയും വേണം എന്നതാണ്. ഏകപക്ഷീയമായ നിയമനം പാടില്ലെന്ന് വിജയ് സൂചിപ്പിക്കുന്നു. ബിഹാറിലെ വോട്ടര്‍ പട്ടിക പരിശോധനയെ തമിഴ്‌നാട്ടില്‍ നിന്ന് ആദ്യം എതിര്‍ത്തത് ടിവികെയാണ് എന്നും വിജയ് പറഞ്ഞു.
ബിഹാറിലെ വോട്ടര്‍ പട്ടിക പരിശോധനയും വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് പുറത്താക്കലും ജനാധിപത്യ അവകാശങ്ങള്‍ക്കു മേലുള്ള ഭീഷണിയാണ് എന്ന് വിജയ് വ്യക്തമാക്കി. ഭരണഘടന സംരക്ഷിച്ചാല്‍ മാത്രമാണ് ജനാധിപത്യം സംരക്ഷിക്കാന്‍ സാധിക്കൂ എന്ന് താന്‍ ഡിസംബറില്‍ തന്നെ പറഞ്ഞിരുന്നു. ഭരണഘടന സംരക്ഷിക്കേണ്ടത് എല്ലാ പൗരന്മാരുടെയും ബാധ്യതയാണെന്നും വിജയ് പറഞ്ഞു.
2026ല്‍ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മധുരയിലെ മണ്ഡലത്തില്‍ വിജയ് ജനവിധി തേടുമെന്നാണ് വാര്‍ത്തകള്‍. രണ്ട് ശത്രുക്കളാണ് ടിവികെയ്ക്കുള്ളത് എന്ന് അദ്ദേഹം പറയുന്നു. ഡിഎംകെ രാഷ്ട്രീയ ശത്രുവാണെന്നും ബിജെപി ആശയപരമായ ശത്രുവാണെന്നും വിജയ് വ്യക്തമാക്കി. ബിജെപിയുമായി യാതൊരു ബന്ധവുമുണ്ടാകില്ലെന്നും വിജയ് പറഞ്ഞു.
നടി ഖുശ്ബുവിനെ സംസ്ഥാന വൈസ് പ്രസിഡന്റായി അടുത്തിടെ ബിജെപി കേന്ദ്ര നേതൃത്വം നിയമിച്ചിരുന്നു. വിജയ് ബിജെപിയുമായി സഖ്യം ചേരണം എന്നാണ് ഖുശ്ബു തൊട്ടുപിന്നാലെ ആവശ്യപ്പെട്ടത്. എന്നാല്‍ ബിജെപിയുമായി ഒരു സഖ്യവുമുണ്ടാകില്ലെന്ന് വിജയ് വ്യക്തമാക്കി. മാത്രമല്ല, അദ്ദേഹം വൈകാതെ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തുമെന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.












Click it and Unblock the Notifications