തമിഴ്‌നാട്ടില്‍ ടിവികെ സർക്കാരുണ്ടാക്കും, വിജയ് കന്നിയങ്കത്തിൽ മുഖ്യമന്ത്രി? മറ്റാരും പ്രവചിക്കാത്ത ഫലം
തമിഴ്‌നാട്ടില്‍ കന്നിയങ്കത്തിന് ഇറങ്ങിയ വിജയുടെ ടിവികെയെ പോലും അമ്പരപ്പിക്കുന്ന പ്രവചനവുമായി ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ശൈശവദിശയിലുളള ടിവികെ ആദ്യ പോരാട്ടത്തില്‍ തന്നെ സംസ്ഥാനത്ത് അധികാരം പിടിക്കും എന്നാണ് സര്‍വ്വേ പ്രവചിച്ചിരിക്കുന്നത്. ആക്‌സിസ് മൈ ഇന്ത്യ മാത്രമാണ് ഇത്തരമൊരു പ്രവചനം നടത്തിയിരിക്കുന്നത്.
117 സീറ്റാണ് തമിഴ്‌നാട് നിയമസഭയില്‍ വേണ്ട കേവല ഭൂരിപക്ഷം എന്നിരിക്കേ, വിജയുടെ പാര്‍ട്ടി 98 മുതല്‍ 120 സീറ്റുകള്‍ നേടി സര്‍ക്കാരുണ്ടാക്കാനുളള സാധ്യതയാണ് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിച്ചിരിക്കുന്നത്. അങ്ങനെ വന്നാല്‍ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിജയ് എത്താനുളള സാധ്യതയാണ് കാണുന്നത്.

ഭരണകക്ഷിയായ ഡിഎംകെയ്ക്ക് 92 മുതല്‍ 110 വരെ സീറ്റുകള്‍ ലഭിച്ചേക്കുമെന്നും ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. പ്രതിപക്ഷത്തിരിക്കുന്ന എഐഎഡിഎംകെ സഖ്യത്തിന് വന്‍ തിരിച്ചടി ഈ തിരഞ്ഞെടുപ്പിലുണ്ടാകുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. വിജയുടെ പാര്‍ട്ടി ഒന്നാം സ്ഥാനത്തേക്ക് എത്തുന്നതോടെ എന്‍ഡിഎ സഖ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടേക്കാം. 22 മുതല്‍ 32 സീറ്റുകള്‍ വരെ മാത്രമേ എന്‍ഡിഎയ്ക്ക് ലഭിക്കുകയുളളൂ എന്നും ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിച്ചിരിക്കുന്നു.
അതേസമയം പുറത്ത് വന്ന ഭൂരിഭാഗം എക്‌സിറ്റ് പോളുകളും ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ തുടരാനുളള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പീപ്പിള്‍സ് പള്‍സ് സര്‍വ്വേ പ്രവചിക്കുന്നത് 125 മുതല്‍ 145 വരെ സീറ്റുകള്‍ ഡിഎംകെ നേടും എന്നാണ്. എന്‍ഡിഎയ്ക്ക് 65-80 സീറ്റുകളും ടിവികെയ്ക്ക് 18-24 സീറ്റുകളും ലഭിച്ചേക്കും. മാട്രിസ് പോള്‍ പ്രവചിക്കുന്നത് 122-132 സീറ്റുകള്‍ ഡിഎംകെ നേടി ഭരണത്തുടര്‍ച്ച സ്വന്തമാക്കും എന്നാണ്. അതേസമയം എഐഎഡിഎംകെ സഖ്യം അധികാരം പിടിക്കുമെന്നാണ് ടൈംസ് നൗ, സിഎന്‍എന്‍ സര്‍വ്വേകള്‍ പ്രവചിച്ചിരിക്കുന്നത്.












Click it and Unblock the Notifications