പ്രധാനമന്ത്രിക്കെതിരായ ട്വീറ്റ്; എംഎല്‍എ ജിഗ്‌നേഷ് മേവാനി അറസ്റ്റില്‍
അഹമ്മദാബാദ്; ഗുജറാത്തിൽ നിന്നുള്ള സ്വതന്ത്ര എം എൽ എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി അറസ്റ്റിൽ. ബുധനാഴ്ച രാത്രി 11.30 ഓടെയായിരുന്നു അറസ്റ്റ്. ഗുജറാത്തിലെ പാലന്‍പുരില്‍ വെച്ച് അസം പോലീസ് ആണ് എംഎൽഎയെ അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരായ ട്വീറ്റുകളുടെ പേരിലാണ് അറസ്റ്റ് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ' ഗോഡ്‌സെയെ ദൈവമായാണ് പ്രധാനമന്ത്രി കാണുന്നതെന്നും ഗുജറാത്തിലെ വർഗീയ സംഘർഷങ്ങൾക്കെതിരെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രധാനമന്ത്രി അഭ്യർത്ഥിക്കണമെന്നുമുള്ള ട്വീറ്റിനെതിരെയാണ് എം എൽ എയെ കസ്റ്റഡിയിൽ എടുത്തതത്.

ബനസ്‌കന്തയിലെ പാലൻപൂർ സർക്യൂട്ട് ഹൗസിൽ വച്ചാണ് അസമിൽ നിന്നുള്ള നാല് പോലീസുകാരുടെ സംഘം മേവാനിയെ കസ്റ്റഡിയിലെടുത്തത്. എന്തിന് അറസ്റ്റ് ചെയ്തു എന്നത് സംബന്ധിച്ച വിശദാംശങ്ങൾ നൽകാൻ തുടക്കത്തിൽ പോലീസ് തയ്യാറായില്ലെന്നും പ്രതിഷേധിച്ചപ്പോൾ ചില ട്വീറ്റുകളുടെ പേരിലാണ് അറസ്റ്റ് എന്ന് മാത്രമാണ് പോലീസ് അറിയിച്ചതെന്നും ജിഗ്നേഷിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
അസമിലെ കൊക്രജാർ ജില്ലയിലെ ഭബാനിപൂർ സ്വദേശിയായ അനുപ് കുമാർ ഡേ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ്. മേവാനിക്കെതിരെ 120 ബി (ക്രിമിനൽ ഗൂഢാലോചന), സെക്ഷൻ 153 (എ) ( രണ്ട് വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ),295(എ) (ഏതെങ്കിലും മതത്തിന്റെ ആരാധനാലയത്തിനെ അപമാനിക്കുക), 504 (സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുന്ന ഉദ്ദേശത്തോടെയുള്ള ബോധപൂർവമായ അവഹേളനം), 506 (സമാധാന ലംഘനത്തെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവമായ അപമാനം), ഐടി നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരമാണ് മേവാനിക്കെതിരെ കേസെടുത്തത്.
ഏപ്രിൽ 18 ന് മേവാനി പങ്കുവെച്ച ട്വീറ്റിനെതിരാണ് ഡേയുടെ പരാതി. 'പ്രധാനമന്ത്രി നരേന്ദ്ര മോദി 'ഗോഡ്‌സെ'യെ ദൈവമായി കാണുകയും ആരാധിക്കുകയും ചെയ്യുന്നു, ഏപ്രിൽ 20 ന് ഗുജറാത്ത് സന്ദർശന വേളയിൽ പ്രധാനമന്ത്രി ഹിമ്മത്നഗർ, ഖംഭാട്ട്, വെരാവൽ തുടങ്ങിയ പ്രദേശങ്ങളിലെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി പൊതുജനങ്ങളോട് അഭ്യർത്ഥിക്കണം' എന്നതായിരുന്നു ജിഗ്നേഷ് മേവാനിയുടെ ട്വീറ്റ്.
എന്നാൽ ട്വീറ്റിന്റെ പ്രചാരം വ്യാപകമായ വിമർശനത്തിന് കാരണമായെന്നും ഒരു പ്രത്യേക വിഭാഗം ആളുകൾക്കിടയിൽ മുൻവിധിയോടെ പൊതു സമാധാനം തകർക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും അനൂപ് ഡേ പരാതിയിൽ പറയുന്നു. മേവാനിയുടെ രണ്ട് ട്വീറ്റുകൾ നേരത്തേ ട്വീറ്റർ തടഞ്ഞിരുന്നു.












Click it and Unblock the Notifications