ഇരട്ട സഹോദരിമാര്‍ക്ക് എംബിബിഎസ് പരീക്ഷയില്‍ ഒരേ മാര്‍ക്ക്; വൈറലായി സ്‌കോര്‍
ഗാന്ധിനഗർ: ഇരട്ട സഹോദരങ്ങള്‍ ഇരട്ടകളെ വിവാഹം കഴിക്കുന്നതും ഒരേ മേഖലയില്‍ നേട്ടങ്ങള്‍ കൊയ്യുന്നതുമൊക്കെ പലപ്പോഴും വാര്‍ത്തയാകാറുണ്ട്. എന്നാല്‍ ഇരട്ടകള്‍ പരീക്ഷയില്‍ ഒരേ മാര്‍ക്ക് നേടി മിന്നുന്ന വിജയം സ്വന്തമാക്കുന്നത് അപൂര്‍വമായ കാര്യമാണ്. അതും ഉന്നത വിദ്യാഭ്യാസ രംഗമായ എംബിബിഎസിനാണ് ഈ നേട്ടമെന്നത് ആ അപൂര്‍വതയുടെ തിളക്കം വര്‍ധിപ്പിക്കുന്നു.
ഗുജറാത്തില്‍ നിന്നുള്ള ഇരട്ടകളായ റിബയും റാഹിന്‍ ഹഫേസ്ജിയുമാണ് അവസാന എംബിബിഎസ് പരീക്ഷയില്‍ ഒരേ മാര്‍ക്ക് നേടിയത്. രണ്ട് സഹോദരിമാരുടെയും സന്തോഷം ആ പ്രദേശത്തെയും ആഘോഷമായി മാറിയിരിക്കുകയാണ്.
ഗുജറാത്തിലെ സൂറത്ത് സ്വദേശികളാണ് റിബയും റഹിനും. വഡോദരയിലെ ജിഎംഇആര്‍എസ് മെഡിക്കല്‍ കോളജില്‍ നിന്നാണ് ഒരേ മാര്‍ക്കോടെ എംബിബിഎസ് പൂര്‍ത്തിയാക്കിയത്. രണ്ടുപേര്‍ക്കും 66.8 ശതമാനം അഥവാ 935 മാര്‍ക്കാണ് ലഭിച്ചത്.

റാഹിന് ശസ്ത്രക്രിയയോടാണ് താല്‍പര്യം. അതേസമയം റിബ ഇന്റേണല്‍ മെഡിസിനിലാണ് തുടര്‍പഠനം ആഗ്രഹിക്കുന്നത്. 24 വയസുള്ള സഹോദരിമാരുടെ ഇതുവരെയുള്ള വിദ്യാഭ്യാസവും തീരുമാനങ്ങളും ഒരേ പാതയിലായിരുന്നു. പിതാവില്ലാതെ ഒറ്റയ്ക്കാണ് അധ്യാപികയായ അമ്മ ഗുല്‍ഷാദ് ബാനു ഇരട്ട മക്കളെ വളര്‍ത്തിയത്.
കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും എംബിബിഎസ് എന്ന ലക്ഷ്യം നേടുന്നതിന് അതു തടസമായില്ല. കുടുംബത്തിലെ ആദ്യത്തെ ഡോക്ടര്‍മാരാകുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. യാതൊരു പരിശീലനവുമില്ലാതെ തന്നെ ഇരട്ട സഹോദരങ്ങള്‍ നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷയിലും മികച്ച പ്രകടനം കാഴ്ചവച്ചു.
'ഞങ്ങള്‍ കുടുംബത്തിലെ ആദ്യത്തെ ഡോക്ടര്‍മാരാണ്. ഞങ്ങളുടെ വലിയ കുടുംബത്തില്‍ അമ്മാവനാണ് മെഡിസിന്‍ പഠിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. ഞങ്ങള്‍ ഒരുമിച്ച് പരീക്ഷകള്‍ക്ക് തയ്യാറെടുത്തിരുന്നതിനാല്‍ ഒരേപോലെ മാര്‍ക്കും നേടി' - റാഹിന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
'കുട്ടിക്കാലത്ത്, ഞങ്ങള്‍ എപ്പോഴും ഒരുമിച്ചാണ് പഠിച്ചിരുന്നത്, അതുകൊണ്ട് എല്ലാ ക്ലാസിലും ഒരേ മാര്‍ക്കാണ് ലഭിച്ചത്. മെഡിസിന്‍ പഠിക്കുമ്പോഴും ഒരേ ഹോസ്റ്റല്‍ മുറിയില്‍ താമസിക്കുകയും ഒരുമിച്ച് ക്ലാസുകളില്‍ പങ്കെടുക്കുകയും ചെയ്തു. ഞങ്ങള്‍ വീട് വിട്ട് ഒറ്റയ്ക്ക് താമസിച്ചതും ആദ്യമായിട്ടായിരുന്നു. പഠനത്തിന് അമ്മയില്‍ നിന്നും മുത്തശ്ശിയില്‍ നിന്നും വലിയ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് തങ്ങള്‍ക്ക് മികച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞതെന്നും സഹോദരിമാര്‍ പറയുന്നു.
'മെഡിസിന് ജാംനഗറിലെയോ ഭാവ്‌നഗറിലെയോ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം ലഭിക്കുമായിരുന്നു. എന്നാല്‍ ഒരുമിച്ച് പഠിക്കാനാണ് തങ്ങള്‍ ആഗ്രഹിച്ചത്. അങ്ങനെ ജിഎംഇആര്‍എസ് തിരഞ്ഞെടുത്തു. അമ്മയുടെയും മുത്തശ്ശിയുടെയും സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്' - റിബ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകളും മറ്റ് സാമ്പത്തിക സഹായങ്ങളും ലഭിച്ചതിനാല്‍ കോളജ് വിദ്യാഭ്യാസത്തിന് വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നില്ല. ഗൈനക്കോളജി മേഖലയിലേക്കു തിരിയാനാണ് റാഹിന്റെ ആഗ്രഹം. രണ്ടുപേര്‍ക്കും ഒരേ കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടാനാണ് ആഗ്രഹം. സിന്ധി ജമാതി സമൂഹത്തില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയ ചുരുക്കം സ്ത്രീകളില്‍ ഈ ഇരട്ട സഹോദങ്ങളും ഉള്‍പ്പെടുന്നു.












Click it and Unblock the Notifications