മോദി സര്‍ക്കാര്‍ വിലക്കിട്ടു; 50 ട്വീറ്റുകള്‍ നീക്കി; മന്ത്രിയുടെയും സംവിധായകന്റെയും ട്വീറ്റുകള്‍ ഉള്‍പ്പെടെ..
ദില്ലി: കൊറോണ വ്യാപനത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിച്ചുള്ള ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് 50ലധികം ട്വീറ്റുകള്‍ നീക്കിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോദി സര്‍ക്കാര്‍ ട്വീറ്റുകള്‍ നീക്കാന്‍ ആവശ്യപ്പെട്ടുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നു. അടിയന്തര നിര്‍ദേശമാണ് കേന്ദ്രം നല്‍കിയതെന്ന് കമ്പനി വക്താവ് പറഞ്ഞു. ഏപ്രില്‍ 23ന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശത്തില്‍ നിരവധി ട്വീറ്റുകള്‍ നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബംഗാളിലെ മന്ത്രിയുടെയും സിനിമാ നിര്‍മാതാവിന്റെയും ട്വീറ്റുകളും ഇതില്‍പ്പെടും.

കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര, എംപി രേവന്ത് റെഡ്ഡി, ബംഗാള്‍ മന്ത്രി മോളോയ് ഘട്ടക്, എബിപി ന്യൂസ് എഡിറ്റര്‍ പങ്കജ് ഝാ, നടന്‍ വിനീത് കുമാര്‍ സിങ്, സംവിധായകന്‍ അനിവാശ് ദാസ്, വിനോദ് കപ്രി എന്നിവരുടേതുള്‍പ്പെടെയുള്ള ട്വീറ്റുകളാണ് നീക്കാന്‍ നിര്‍ദേശിച്ചത്. ഐടി നിയമത്തിലെ വകുപ്പുകള്‍ ഉദ്ധരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
ട്വിറ്ററിന്റെയും ഇന്ത്യയിലെയും നിയമങ്ങള്‍ പരിശോധിച്ച് നടപടിയുടെക്കുമെന്ന് കമ്പനി അറിയിച്ചു. ട്വിറ്ററിന്റെ നിയമം ലംഘിക്കുന്ന ട്വീറ്റാണ് എങ്കില്‍ നീക്കം ചെയ്യും. അതല്ല, ഇന്ത്യയിലെ നിയമം മാത്രമാണ് ലംഘിക്കുന്നതെങ്കില്‍ അത്തരം ട്വീറ്റുകള്‍ക്ക് ഇന്ത്യയില്‍ ആക്‌സസ് നല്‍കില്ല. നീക്കം ചെയ്യുന്ന ട്വീറ്റുകള്‍ സംബന്ധിച്ച് അക്കൗണ്ട് ഉടമയെ അറിയിച്ചിട്ടുണ്ട് എന്നും ട്വിറ്റര്‍ കമ്പനി വക്താവ് അറിയിച്ചു.
ഇന്ത്യയില്‍ കൊറോണ രോഗികള്‍ വന്‍തോതില്‍ ഉയരുകയാണ്. ദില്ലിയില്‍ ഉള്‍പ്പെടെ ഓക്‌സിജന്‍ ക്ഷാമം ഉണ്ട് എന്ന വാര്‍ത്തകളും വന്നിരുന്നു. ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ചു എന്ന വാര്‍ത്ത കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. ഇതിനെ വിമര്‍ശിച്ചുള്ള ട്വീറ്റുകളാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചത് എന്നാണ് സൂചനകള്‍.
കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ദില്ലി ഹൈക്കോടതിയുടെ നടപടിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവിലെ സാഹചര്യം സുനാമിയോടാണ് ദില്ലി ഹൈക്കോടതി താരതമ്യം ചെയ്തത്. ഇന്ത്യയില്‍ തുടര്‍ച്ചയായ മൂന്ന് ദിവസവും 3 ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികളുള്ള രാജ്യമായി മാറിയിക്കുകയാണ് ഇന്ത്യ. ദില്ലിയില്‍ ഓരോ നാല് മിനുട്ടിലും ഒരു കൊറോണ രോഗി മരിക്കുന്നു എന്ന വിവരങ്ങള്‍ ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു.
Recommended Video













Click it and Unblock the Notifications