ഫേസ്ബുക്ക് മാത്രമല്ല, ഇനി നെറ്റില്ലാതെ ട്വിറ്ററും
ദില്ലി: മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റായ ട്വിറ്ററും ഇനി ഇന്റര്‍നെറ്റില്ലാതെ ഉപയോഗിക്കാം. ബേസിക് ഫോണില്‍ പോലും ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ ട്വിറ്റര്‍ ഉപയോഗിക്കാനുള്ള പരിപാടികള്‍ അടുത്തവര്‍ഷം ആദ്യത്തോടെ നടപ്പാകും. ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണുമില്ലാതെ ഫേസ്ബുക്ക് തുറക്കാനുള്ള ആശയം കണ്ടെത്തിയ സിംഗപ്പൂര്‍ കമ്പനിയായ ഉട്ടോപ്യയാണ് ട്വിറ്ററിനെയും ഇന്റര്‍നെറ്റ് ഫ്രീയാക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മൈക്രോ ബ്ലോഗിംഗ് വെബ് സൈറ്റാണ് ട്വിറ്റര്‍. 140 അക്ഷരങ്ങളുടെ കളികളിലൂടെ ന്യൂസ് ബ്രേക്കിംഗിന്റെയും കുഞ്ഞന്‍ മെസേജുകളുടെയും ഒരു പുതിയ ലോകം തന്നെയാണ് ട്വിറ്റര്‍ നെറ്റിസണ്‍മാര്‍ക്ക് പരിചയപ്പെടുത്തിയത്. നെറ്റില്ലാതെ ഫേസ്ബുക്ക് കിട്ടുമെന്ന വാര്‍ത്ത കേട്ട് ട്വിറ്റര്‍ മാത്രം അടങ്ങിയിരിക്കുന്നത് എങ്ങനെ, ഈ അന്വേഷണമാണ് സ്മാര്‍ട്ട് ഫോണും നെറ്റുമില്ലാതെ ട്വീറ്റും സാധ്യമാക്കുന്നത്.

അടുത്ത വര്‍ഷം ആദ്യമാസങ്ങളില്‍ നെറ്റ് ഫ്രീ ട്വിറ്റര്‍ സാധ്യമാകുമെന്ന് ഉട്ടോപ്യ സ്ഥാപകരിലൊരാളായ സുമേഷ് മേനോന്‍ പറഞ്ഞു. ഉട്ടോപ്യയുടെ ഫോനെറ്റ് വിഷ് സര്‍വ്വീസ് വഴി 11 മില്യണ്‍ ആളുകള്‍ ഇന്റര്‍നെറ്റില്ലാതെ ഫേസ്ബുക്കും ഗൂഗിള്‍ ടോക്കും മൊബൈല്‍ ഫോണില്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഏകദേശം 230 മില്യണ്‍ ആളുകളാണ് ട്വിറ്ററില്‍ സജീവമായിട്ടുള്ളത്.
യു എസ് എസ് ഡി എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും ട്വിറ്റര്‍ ഇന്റര്‍നെറ്റില്ലാതെ ഉപയോഗിക്കാന്‍ സാധിക്കുക. ഇതില്‍ ചിത്രങ്ങള്‍, വീഡിയോ എന്നിവ കാണാന്‍ സാധിക്കില്ല. പത്തില്‍ എട്ട് പേരിലും ഇപ്പോഴും മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് ഇല്ലാത്ത അവസ്ഥയാണ് എന്നും സുരേഷ് മേനോന്‍ പറഞ്ഞു. ഉട്ടോപ്യ ഏഴ് ഭാഷകളിലും 30 രാജ്യങ്ങളിലും ഇപ്പോള്‍ സേവനം നല്‍കുന്നുണ്ട്.












Click it and Unblock the Notifications