അരബിന്ദോ ആശ്രമത്തില്‍ നിന്നും പുറത്താക്കിയ സ്ത്രീ കൂട്ട ബലാത്സംഗത്തിനിരയായി
പോണ്ടിച്ചേരി: സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം പോണ്ടിച്ചേരിയിലെ അരബിന്ദോ ആശ്രമത്തില്‍നിന്നും പുറത്താക്കപ്പെട്ട സ്ത്രീകളിലൊരാള്‍ കൂട്ട ബലാത്സംഗത്തനിരയായതായി കണ്ടെത്തി. ആത്മഹത്യ ചെയ്യാനൊരുങ്ങിയ അഞ്ച് സഹോദരികളില്‍ ബോധമറ്റ് കടല്‍ക്കരയില്‍ കിടന്ന സ്ത്രീയെയാണ് രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കിയത്.
സംഭവത്തില്‍ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞണ്ടുപിടിത്തക്കാരായ കെ. വിജയകുമാര്‍(32), എസ്. രാജ (35) എന്നിവരാണ് അറസ്റ്റിലായത്. ആത്മഹത്യ ചെയ്യാനായി കടലില്‍ ചാടിയ സ്ത്രീ ബോധരഹിതയായി കടല്‍ത്തീരത്തെത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ആശുപത്രിയില്‍വെച്ച് ഇതേക്കുറിച്ച് സ്ത്രീ പോലീസിന് മൊഴി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

അര്‍ദ്ധബോധാവസ്ഥയില്‍ രണ്ടുപേര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചതായായിരുന്നു സ്ത്രീ മൊഴി നല്‍കിയത്. സംഭവദിവസം പ്രതികളെ ദുരൂഹ സാഹചര്യത്തില്‍ പ്രദേശത്ത് കണ്ടെന്ന് സമീപവാസികള്‍ പോലീസിനോട് പറഞ്ഞിരുന്നു. അറസ്റ്റിലായ ഇരുവരും കുറ്റസമ്മതം നടത്തിയതായി അന്വേഷണത്തിന് നേതൃത്വം നല്‍കിയ പോലീസ് സൂപ്രണ്ട് വി. ജെ. ചന്ദ്രന്‍ അറിയിച്ചു.
സൂപ്രീംകോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആശ്രമത്തിലെ അംബാഭിക്ഷു അപ്പാര്‍ട്‌മെന്റില്‍നിന്നും അച്ഛനെ അമ്മയെയും അഞ്ചുപെണ്‍മക്കളെയും ആശ്രമ അധികൃതര്‍ ഇറക്കിവിട്ടിരുന്നു. ഇതില്‍ മനംനൊന്ത ഏഴംഗ കുടുംബം സമീപത്തുള്ള കടലില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. അമ്മയും രണ്ടു മക്കളും മരിച്ചപ്പോള്‍ പിതാവും മൂന്നു പെണ്‍മക്കളും രക്ഷപ്പെടുകയായിരുന്നു.












Click it and Unblock the Notifications