പ്രഭാസുമായി ബന്ധം; ശാര്‍മിളയുടെ പരാതിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍, ബന്ധമില്ലെന്ന് ടിഡിപി
ഹൈദരാബാദ്: തെലുങ്ക് നടന്‍ പ്രഭാസുമായി ബന്ധമുണ്ടെന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ നടന്ന പ്രചാരണത്തിനെതിരെ വൈഎസ് ശാര്‍മിള നല്‍കിയ പരാതിയില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആന്ധ്രയിലെ ഗുണ്ടൂരില്‍ നിന്നുള്ള എംസിഎ വിദ്യാര്‍ഥി, തെലങ്കാനയിലെ മന്‍ചെറിയലില്‍ നിന്നുള്ള യുവാവ് എന്നിവരാണ് അറസ്റ്റിലായത്. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. കൂടുതല്‍ പേര്‍ വൈഎസ് ശാര്‍മിളക്കെതിരെ പ്രചാരണം നടത്തിയെന്ന് ആരോപണമുണ്ട്.

ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ മകളാണ് ശാര്‍മിള. ഇവര്‍ക്ക് നടന്‍ പ്രഭാസുമായി ബന്ധമുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടന്നിരുന്നു. തുടര്‍ന്നാണ് ഭര്‍ത്താവിനൊപ്പമെത്തി ഹൈദരാബാദ് പോലീസില്‍ ശാര്‍മിള പരാതി നല്‍കിയത്. കഴിഞ്ഞമാസം നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്.
രാഷ്ട്രീയ പകപോക്കലാണ് നടന്നതെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡി ആരോപിച്ചു. ടിഡിപി നേതാവ് ചന്ദ്രബാബുവാണ് ഇതിന് പിന്നിലെന്നും അവര്‍ സംശയിക്കുന്നു. തിരഞ്ഞെടുപ്പ് വേളയില്‍ ഇത്തരം കളികള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നാണ് ജഗന്‍ പറയുന്നത്. ജഗന്റെ സഹോദരിയാണ് ശാര്‍മിള. അവര്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് കൂടിയാണ്.
ഐടി നിയമം, ഐപിസി 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസടുത്തിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നതിന് അടിസ്ഥാനമില്ലെന്ന് ടിഡിപി മന്ത്രി പാരിത്തല സുനിത പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആര് ചെയ്താലും അംഗീകരിക്കില്ല. സ്ത്രീകളെ അപമാനിക്കല്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്നും മന്ത്രി സുനിത വിശദീകരിച്ചു.












Click it and Unblock the Notifications