കോളേജ് വിദ്യാർത്ഥികളുടെ ചിത്രം അശ്ലീല വെബ്സൈറ്റിൽ: ബെംഗളൂരുവിൽ രണ്ട് ടെക്കികൾ അറസ്റ്റിൽ
ബെംഗളൂരു: കോളേജ് വിദ്യാർത്ഥികളുടെ നഗ്ന ചിത്രം അശ്ലീല വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വിദ്യാർത്ഥികളായ പെൺകുട്ടികളുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകളിൽ നിന്നെടുത്ത ചിത്രങ്ങളാണ് അശ്ലീല വെബ്സൈറ്റിൽ അപ് ലോഡ് ചെയ്തതായി കണ്ടെത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവം പുറത്തറിഞ്ഞതോടെ ചിത്രങ്ങൾ പ്രസ്തുത വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ബെംഗളൂരു പോലീസിന്റെ സൈബർ ക്രൈം വിഭാഗമാണ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സന്ദീപ് പാട്ടീൽ ട്വീറ്റിൽ വ്യക്തമാക്കി.
37കാരനായ അജയ്, 27കാരനായ രംഗോതം എന്നീ ടെക്കികളാണ് അറസ്റ്റിലായതെന്നാണ് മാധ്യമറിപ്പോർട്ടുകൾ പറയുന്നത്.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഫോട്ടോ ദുരുപയോഗം ചെയ്ത സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഒരു സംഘം വിദ്യാർത്ഥികളാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ബെംഗളൂരുവിലെ ഒരു പ്രമുഖ സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളുടെ ചിത്രങ്ങളാണ് ഇത്തരത്തിൽ അശ്ലീല വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെടുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വിദ്യാർത്ഥികൾ ആദ്യം കോളേജ് പ്രിൻസിപ്പലിനെയാണ് വിവരമറിയിച്ചത്. തുടർന്ന് കോളേജ് അധികൃരും പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ബെംഗളൂരു സിറ്റി പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നതിനിടെയാണ് രണ്ട് പ്രതികൾ അറസ്റ്റിലായിട്ടുള്ളത്.

ഫോട്ടോ പുറത്ത് വന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇരകളായ പെൺകുട്ടികളിൽ ഒരാൾ നിയമനടപടി സ്വീകരിക്കുമെന്ന് സൈറ്റ് ഉടമകളെ ഭീഷണിപ്പെടുത്തിയതോടെയാണ് ചിത്രങ്ങൾ സൈറ്റിൽ നിന്ന് നീക്കുന്നത്.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൌണ്ടുകളിൽ നിന്നുള്ള ചിത്രങ്ങളാണ് ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നത്. സംഭവത്തെക്കുറിച്ച് ബെംഗളൂരൂ പോലീസ് അന്വേഷണം നടത്തിവരികയാണ്. ചില അധ്യാപികമാരുടെ ചിത്രങ്ങളും ഇത്തരത്തിൽ അശ്ലീല വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു. വിദ്യാർത്ഥികളിൽ നിന്ന് പരാതി പരാതി ലഭിച്ചതോടെ വിദ്യാർത്ഥികളുടെ ഫോട്ടോ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് പോലീസ് വെബ്സൈറ്റിന് ഇമെയിൽ അയയ്ക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications