അറസ്റ്റിലായ പാക് തീവ്രവാദിയെ സഹായിച്ച രണ്ടുപേര്‍ അറസ്റ്റില്‍
ശ്രീനഗര്‍: പാക്കിസ്ഥാനില്‍ നിന്നും അതിര്‍ത്തികടന്ന് ഇന്ത്യയിലെത്തുകയും രണ്ട് ബിഎസ്എഫ് ജവാന്‍മാരെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ജീവനോടെ പിടികൂടപ്പെട്ട തീവ്രവാദിയെ സഹായിച്ചെന്ന കുറ്റത്തിന് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തീവ്രവാദി മുഹമ്മദ് നവേദിനെ സഹായിച്ച ജവൈദ് അഹമ്മദ്, ഫയാസ് അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.
മുഹമ്മദ് നവേദിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രണ്ടുമാസത്തോളമായി ഇയാള്‍ കാശ്മീരില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. നേരത്തെ 12 ദിവസം മുന്‍പാണ് താന്‍ ഇന്ത്യയിലെത്തിയതെന്നായിരുന്നു തീവ്രവാദി പറഞ്ഞിരുന്നത്. ലഷ്‌കറെ ഇ തോയിബയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളാണ് അറസ്റ്റിലായ ഫയാസ് അഹമ്മദ്.

ഇന്ത്യയില്‍ രണ്ടുമാസത്തോളം ഒളിവില്‍ കഴിയാന്‍ സഹായിച്ചത് ജവൈദ് അഹമ്മദാണ്. ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളില്‍ എന്‍ഐഎ തീവ്രവാദിയുമായി എത്തി തെളിവെടുപ്പ് നടത്തും. കേസ് ഇപ്പോള്‍ എന്‍ഐഎ ആണ് കൈകാര്യം ചെയ്യുന്നത്. അതിനിടെ എന്‍.ഐ.എ ചോദ്യം ചെയ്യലില്‍ നവേദ് പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് പറയുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
അമര്‍നാഥ് തീര്‍ഥാടകരെ ആക്രമിക്കുകയായിരുന്നു മുഹമ്മദ് നവേദിന്റെയും ഒപ്പമുണ്ടായിരുന്നയാളുടെയും ലക്ഷ്യം. പിന്നീട് ഇവര്‍ ബിഎസ്എഫ് സെക്യൂരിറ്റിയെ ആക്രമിക്കുകയായിരുന്നു. കടുത്ത ഏറ്റമുട്ടലിനൊടുവില്‍ ഒരു തീവ്രവാദിയെ കൊലപ്പെടുത്തുകയും നവേദിനെ ജീവനോടെ പിടികൂടുകയും ചെയ്തു. നാട്ടുകാരുടെ സഹായത്തോടെയാണ് മുഹമ്മദ് നവേദിനെ പിടികൂടിയത്.












Click it and Unblock the Notifications