
ഒരേസമയം ബെംഗളൂരുവില്‍ രണ്ട് വിമാനങ്ങള്‍ പറന്നുയര്‍ന്നു; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ തമ്മിലാണ് കൂട്ടിയിടിയ്ക്ക് സാഹചര്യമൊരുങ്ങിയത്. ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 9ന് ടേക്ക് ഓഫിനു പിന്നാലെയായിരുന്നു സംഭവം. എന്നാല്‍ ഇക്കാര്യം രേഖകളില്പ്പെടുത്തിയിട്ടില്ലെന്നും എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു മുന്‍പാകെ ബോധിപ്പിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം വിഷയം പരിശോധിച്ചു വരികയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ഡി ജി സി എ മേധാവി അരുണ്‍ കുമാര്‍ പറഞ്ഞു. ഇതേക്കുറിച്ചുള്ള പ്രതികരണത്തിന് ഇന്‍ഡിഗോ അധികൃതര്‍ തയാറായിട്ടില്ല. ബെംഗളൂരു- കൊല്‍ക്കത്ത 6ഇ455 വിമാനവും, ബെംഗളൂരു-ഭുവനേശ്വര്‍ 6ഇ246 വിമാനവുമാണു 'ബ്രീച്ച് ഓഫ് സെപ്പറേഷന്‍' മറികടന്നതെന്നു ഡി ജി സി എ അധികൃതര്‍ പറഞ്ഞു. എയര്‍സ്പേസില്‍വച്ച് തമ്മില്‍ പാലിക്കേണ്ട നിശ്ചിത അകലം വിമാനങ്ങള്‍ മറികടക്കുമ്പോഴാണ്ബ്രീച്ച് ഓഫ് സെപ്പറേഷന്‍ ഉണ്ടാകുന്നതെന്നും ഡി ജി സി എ അധികൃതര്‍ വ്യക്തമാക്കി.
ജനുവരി 9 ന് 5 മിനിറ്റിന്റെ വ്യത്യാസത്തിനിടെയാണ് ഇരു വിമാനങ്ങളും ബെംഗളൂരുവില്‍നിന്നു പറന്നുയര്‍ന്നത്. ടേക്ക് ഓഫിനു ശേഷം ഇരു വിമാനങ്ങളും ഒരേ ദിശയിലാണു സഞ്ചരിച്ചത്. ഗതി മാറി സഞ്ചരിക്കാനുള്ള നിര്‍ദേശം അപ്രോച്ച് റഡാര്‍ നല്‍കിയതോടെയാണ് കൂട്ടിയിടി ഒഴിവായതെന്നാണ് പുറത്തുവരുന്ന വിവരം.
ഇതേ ദിവസമാണ് ദുബായ് വിമാനത്താവളത്തിലും സമാന സംഭവം അരങ്ങേറിയത്. ഇന്ത്യയിലേക്കുള്ള രണ്ട് ബോയിങ് 777 വിമാനങ്ങളാണ് ഒരേസമയം റണ്‍വേയിലേക്ക് വരാനൊരുങ്ങിയത്. അധികൃതരുടെ സമയോചിതമായ ഇടപെടലാണ് അപകടം ഒഴിവാക്കിയത്. രണ്ട് ഇന്ത്യന്‍ വിമാനങ്ങളും ഒരേസമയമാണ് ടേക്ക് ഓഫിനൊരുങ്ങിയത്. ഒരു റണ്വേയിലൂടെയായിരുന്നു ഇവ രണ്ടും പറന്നുയരേണ്ടിയിരുന്നത്.
കടുത്ത ആശങ്ക; സംസ്ഥാനത്ത് ഇന്ന് 34,000ത്തിലധികം കൊവിഡ് രോഗികൾ..49 മരണം
സംഭവത്തില്‍ അന്വേഷണത്തിന് യു എ ഇ വ്യോമയാന മന്ത്രാലയം ഉത്തരവിട്ടിരുന്നു. ദുബായില്‍ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇകെ -524 വിമാനവും ദുബായില്‍ നിന്നും ബെംഗളൂരുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇകെ- 568 വിമാനവുമാണ് ഒരേസമയം റണ്‍വേയില്‍ നിന്ന് പറന്നുയരാന്‍ ഒരുങ്ങിയത്. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ഈ രണ്ട് വിമാനങ്ങളുടേയും ടേക്ക് ഓഫ്.
രണ്ട് വിമാനങ്ങളും ഒരേസമയം റണ്‍വേയിലേക്ക് തിരിഞ്ഞപ്പോള്‍ തന്നെ എയര്‍ ട്രാഫിക് കണ്ട്രോളര് ഇടപ്പെടുകയായിരുന്നു. എടിസി ക്ലിയറന്‍സ് ഇല്ലാതെയാണ് ഹൈദരാബാദിലേക്ക് പോകേണ്ടിയിരുന്ന ഇകെ 524 വിമാനം ടേക്ക് ഓഫിന് ഒരുങ്ങിയത് എന്നാണ് പ്രാഥമിക നിഗമനം. 350 മുതല്‍ 440 വരെ സീറ്റിംഗ് കപ്പാസിറ്റി ഉള്ളതാണ് രണ്ട് വിമാനങ്ങളും. രണ്ട് വിമാനങ്ങളുടേയും ടേക്ക് ഓഫിന് അഞ്ച് മിനിറ്റ് വ്യത്യാസം സാധാരണ ഗതിയില്‍ ഉണ്ടായിരുന്നു.