ഉത്തർ പ്രദേശിൽ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരർ പിടിയിൽ, രണ്ട് പേരും കശ്മീർ സ്വദേശികൾ
ലഖ്‌നൗ: രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍. ഷഹരാന്‍പൂര്‍ ജില്ലയിലെ ദിയോബന്ദില്‍ വെച്ചാണ് തീവ്രവാദ വിരുദ്ധ സേന ഇവരെ അറസ്റ്റ് ചെയ്തത്. ജെയ്‌ഷെ മുഹമ്മദിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നവരാണ് ഇവരെന്നാണ് ഉത്തര്‍ പ്രദേശ് പോലീസ് മേധാവി ഒപി സിംഗ് വ്യക്തമാക്കിയിരിക്കുന്നത്. പുല്‍വാമ സ്വദേശിയായ അക്വിബ് അഹമ്മദ് മാലിക്, കുല്‍ഗാം സ്വദേശിയായ ഷാഹവാസ് അഹമ്മദ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
ഇവരുടെ പക്കല്‍ നിന്ന് പിസ്റ്റളുകളും തിരകളും കണ്ടെടുത്തിട്ടുണ്ട്. പുല്‍വാമയില്‍ 40 ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്ന കാര്യം വ്യക്തമല്ല. ആക്രമണത്തിന് ശേഷമാണോ മുന്‍പാണോ ഇവര്‍ ഉത്തര്‍ പ്രദേശില്‍ എത്തിയത് എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നു എന്ന് ഇവരെക്കുറിച്ച് മറ്റ് ചില വിദ്യാര്‍ത്ഥികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ഇരുപതിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുളളവരാണ് ഇരുവരും. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നും തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്താനാണ് ഇവര്‍ ശ്രമിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.
ഷാനവാസ് ഗ്രനേഡ് വിദഗ്ധന്‍ ആണെന്ന് ഡിജിപി പറയുന്നു. ഇവര്‍ എന്തിനാണ് കശ്മീരില്‍ നിന്നും ഉത്തര്‍ പ്രദേശിലേക്ക് വന്നത് എന്നും ആരാണ് ഇവര്‍ക്ക് വേണ്ടി പണം നല്‍കുന്നതെന്നും എന്തായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പോലീസ് വിശദമായി അന്വേഷിച്ച് വരികയാണ്.. ജമ്മു പോലീസുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുന്നുണ്ട് എന്നും പോലീസ് മേധാവി വ്യക്തമാക്കി. പിടിയിലായവരുടെ മൊബൈലില്‍ നിന്നും പിടിച്ചെടുത്ത വീഡിയോകള്‍ പോലീസ് പരിശോധിച്ച് വരികയാണ്












Click it and Unblock the Notifications