ആത്മാർത്ഥ സുഹൃത്തുക്കൾ പ്രണയിച്ചത് ഒരേ പെൺകുട്ടിയെ; സത്യം അറിഞ്ഞപ്പോൾ തീകൊളുത്തി ജീവനൊടുക്കി
ഹൈദരാബാദ്: സഹപാഠിയായ പെൺകുട്ടിയെ ഒരേസമയം പ്രണയിച്ച സുഹൃത്തുക്കൾ തീകൊളുത്തി ജീവനൊടുക്കി. തെലങ്കാന ജാഗ്തിയാലിലെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്.
രണ്ടുപേരും പ്രണയിക്കുന്നത് ഒരേ പെൺകുട്ടിയെ ആണെന്ന് തിരിച്ചറിഞ്ഞതോടെ ആത്മഹത്യ ചെയ്യാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇവർ പരസ്പരം തീകൊളുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. പത്താം ക്ലാസ് വിദ്യാർത്ഥികളായ മഹീന്ദറും രവി തേജയുമാണ് മരിച്ചത്.

സംഭവദിവസം രാത്രി എഴരയോടെ നഗരത്തിലെ ഒഴിഞ്ഞ പ്രദേശത്ത് ഇരുവരും എത്തി. രണ്ട് പേരും മദ്യപിച്ച ശേഷം കയ്യിൽ കരുതിയ പെട്രോൾ പരസ്പരം ഒഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
സമീപവാസികൾ കുട്ടികളുടെ കരച്ചിൽ കേട്ടതോടെ ഓടിക്കൂടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ തീയണച്ച് ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. മഹീന്ദർ ആശുപത്രിയിൽ എത്തും മുൻപ് മരിച്ചു. എൺപത്തിയിഞ്ച് ശതമാനത്തോളം പൊള്ളലേറ്റ രവി തേജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷപെടുത്താനായില്ല.
ഇവരുടെ കൂടെ മറ്റൊരാൾ കൂടി ഉണ്ടായിരുന്നുവെന്ന് കുട്ടികളുടെ കുടുംബം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ജാഗ്തിയാൽ ടൗൺ പോലീസ് ഇൻസ്പെക്ടർ പ്രകാശ് അറിയിച്ചു.
സഹപാഠിയായ പെൺകുട്ടിയെ പ്രണയിക്കുന്ന വിവരം സുഹൃത്തുക്കളായ ഇരുവരും രഹസ്യമാക്കിവെച്ചു. ഒടുവിൽ രണ്ടുപേരും ഒരേ പെൺകുട്ടിയുമായാണ് പ്രണയത്തിലായതെന്ന് മനസിലാവുകയായിരുന്നു. കൊലപാതക സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ഒരേ പെൺകുട്ടിയോട് തോന്നിയ താൽപര്യം പരസ്പരം ശത്രുതയ്ക്ക് വഴിതെളിച്ചിട്ടുണ്ടോയെന്നും പോലീസ പരിശോധിക്കുന്നു.












Click it and Unblock the Notifications