പത്താന്‍കോട്ട് ഇന്ത്യക്ക് നാണക്കേടോ? ആക്രമണം നിലച്ചിട്ടില്ല; മൂന്നാം ദിവസവുംതുടരുന്നു
അമൃത്സര്‍: പത്താന്‍കോട്ടിലെ നിര്‍ണായ വ്യോമ സേനാ കേന്ദ്രത്തിലെ ഭീകരാക്രമണം അവസാനിപ്പിയ്ക്കാന്‍ മൂന്നാം ദിവസവും കഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ആറ് തീവ്രവാദികളെ വധിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പറയുന്നത് അഞ്ച് പേരെ വധിച്ചു എന്നാണ്.
ജനുവരി രണ്ടിന് പുലര്‍ച്ച മൂന്നരയോടെയാണ് പത്താന്‍കോട്ടിലെ വ്യോമസേനാ കേന്ദ്രത്തിന് നേര്‍ക്ക് ഭീകരാക്രമണം തുടങ്ങിയത്. ഒരു ദിവസം നീണ്ട പ്രത്യാക്രമണത്തില്‍ സൈന്യം അഞ്ച് ഭീകരരെ വധിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ജനുവരി മൂന്ന്, ഞായറാഴ്ച രാവിലെയാണ് കൂടുതല്‍ ഭീകരര്‍ സൈനിക കേന്ദ്രത്തില്‍ ഒളിച്ചിരിയ്ക്കുന്ന കാര്യം കണ്ടെത്തിയത്. ഇതിനിടയിലാണ് മലയാളിയായ എന്‍എസ്ജി കമാന്‍ഡോ കൊല്ലപ്പെട്ടത്.
സര്‍ക്കാര്‍ കണക്ക് പ്രകാരം കൊല്ലപ്പെട്ടത് അഞ്ച് ഭീകരരാണ്. എന്നാല്‍ അതിന് വേണ്ടി രാജ്യത്തിന് ബലി നല്‍കേണ്ടിവന്നത് ഏഴ് സൈനികരുടെ ജീവനാണ്.

മൂന്നാം ദിവസം
എത്ര തീവ്രവാദികളാണ് അകത്ത് കയറിയത് എന്നത് സംബന്ധിച്ച് ഇപ്പോഴും കൃത്യമായ ധാരണ അധികൃതര്‍ക്കില്ലെന്നാണ് ആക്ഷേപം.

തീര്‍ന്നിട്ടില്ല
പത്താന്‍കോട്ടിലെ ഭീകരാക്രമണത്തിന് എതിരെയുള്ള സൈനിക നടപടി അവസാനിച്ചിട്ടില്ലെന്ന് ഇപ്പോഴും അധികൃതര്‍ സമ്മതിയ്ക്കുന്നു. കാരണം കഴിഞ്ഞ ദിവസം പ്രതീക്ഷകളെ തകിടം മറിയ്ക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയത്.

മണിക്കൂറുകളുടെ ഇടവേള
ശനിയാഴ്ച രാത്രി എട്ട് മണിയോടെ ആക്രമണം ഏതാണ്ട് അവസാനിച്ചു എന്ന് കരുതിയതാണ്. തീവ്രവാദികളെയെല്ലാം വധിച്ചുവെന്ന് അധികൃതര്‍ പറയുകയും ചെയ്തു. എന്നാല്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വീണ്ടും വെടിവപ്പ് തുടങ്ങി.

1,600 ഏക്കര്‍
ആയിരത്തി അറനൂറ് ഏക്കറില്‍ പരന്ന് കിടക്കുന്നതാണ് പത്താന്‍കോട്ടിലെ വ്യോമസേനാ കേന്ദ്രം. ഭീകരര്‍ക്ക് ഒളിച്ചിരിയ്ക്കാന്‍ ആവശ്യത്തിന് സ്ഥലമുണ്ട്.

എന്‍എസ്ജിയും സൈന്യവും വ്യോമസേനയും
ദേശീയ സുരക്ഷാ ഗാർഡുമാരും സൈന്യവും വ്യോമസേനയും ചേര്‍ന്നാണ് ഇപ്പോള്‍ പത്താന്‍കോട്ടിലെ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിനന്യസിച്ചിട്ടുണ്ട്.

വീണ്ടും വെടിയൊച്ചകള്‍
ജനുവരി നാലിന് രാവിലെ വ്യോമസേനാ കേന്ദ്രത്തില്‍ നിന്ന് വീണ്ടും വെടിയൊച്ചകള്‍ കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

ഭീകരര്‍ എപ്പോഴെത്തി
ഭീകരര്‍ എപ്പോഴായിരിയ്ക്കും പത്താന്‍കോട്ടില്‍ എത്തിയിട്ടുണ്ടാവുക. സൈന്യം കരുതുന്നത് പോലെ ആയിരിയ്ക്കാന്‍ സാധ്യതയില്ലെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണം തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് തന്നെ അവര്‍ എത്തിയിരിയ്ക്കാം.

സുരക്ഷാ പാളിച്ച
ഇത്രയധികം ആയുധങ്ങളുമായി എങ്ങനെയാണ് തീവ്രവാദികള്‍ വ്യോമസേനാ കേന്ദ്രത്തിലെത്തിയത് എന്നതും വലിയ ചോദ്യമാണ്. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടും അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് വന്‍ സുരക്ഷാ വീഴ്ച തന്നെയാണ്.

അവകാശവാദം
വ്യോമകേന്ദ്രത്തിലെ തന്ത്രപ്രധാന ഭാഗങ്ങളിലേയ്ക്ക് ഭീകരര്‍ എത്തുന്നത് തടയാനായി എന്നാണ് സര്‍ക്കാരിന്റെ അവകശവാദം. എന്നാല്‍ ഇതിനെ അംഗീകരിയ്ക്കാന്‍ പല പ്രതിരോധ വിദഗ്ധരും തയ്യാറല്ല.

സുരക്ഷാ സേനകള്‍
കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിച്ചിട്ടും ഭീകരരെ തടയാന്‍ കഴിയാത്തത് സുരക്ഷാ സേനകളുടെ വീഴ്ചയാണെന്നാണ് റോയുടെ മുന്‍ മേധാവി എഎസ് ഗുലാത് പ്രതികരിച്ചത്.












Click it and Unblock the Notifications