മതില്‍ ചാടി ഷാരൂഖിന്റെ മേക്കപ്പ് റൂം വരെ എത്തി, ഒളിച്ചിരുന്നത് 8 മണിക്കൂര്‍!! പ്രതികളെ കണ്ട് ഞെട്ടി ഷാരൂഖും
പത്താന്‍ സിനിമ കണ്ട് ഇഷ്ടം തോന്നിയാണ് ഇത്തരമൊരു സാഹസം ചെയ്ത് എന്നാണ് പ്രതികള്‍ പറയുന്നത്. എന്നാല്‍ പ്രതികള്‍ ഇത് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല

മുംബൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ രണ്ട് പേര്‍ എട്ട് മണിക്കൂറോളം വീട്ടില്‍ ചെലവഴിച്ചെന്ന് മുംബൈ പൊലീസ്. ഷാരൂഖ് ഖാന്റെ മേക്കപ്പ് റൂമിന് അകത്താണ് രണ്ട് പേരും ഒളിച്ചിരുന്നത്. പത്താന്‍ സാഹില്‍ സലിം ഖാന്‍, രാം സറഫ് കുശ്വാഹ എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
തങ്ങള്‍ ഗുജറാത്തിലെ ബറൂച്ചില്‍ നിന്നുള്ളവരാണെന്നും ഷാരൂഖിനെ കാണാന്‍ മുംബൈയില്‍ എത്തിയതാണെന്നും പ്രതികള്‍ മുംബൈ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ഐ പി സി വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. ഷാരൂഖ് ഖാന്റെ വീട്ടിലെ മൂന്നാം നിലയിലാണ് മേക്കപ്പ് റൂം.
ഇവിടെയാണ് ഇവര്‍ ഒളിച്ച് കഴിഞ്ഞിരുന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ഇരുവരും ബംഗ്ലാവില്‍ പ്രവേശിച്ചതായും പിറ്റേന്ന് രാവിലെ 10.30 ഓടെയാണ് പിടികൂടിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട് എന്നാണ് വിവരം. വീട്ടിലെ ജീവനക്കാരാണ് ഇവരെ കണ്ടെത്തുന്നതും പിടികൂടുന്നതും.

ഹൗസ് കീപ്പിംഗ് ജീവനക്കാരനായ സതീഷാണ് പ്രതികളെ ആദ്യം കണ്ടത് എന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. രണ്ട് പ്രതികളെയും മേക്കപ്പ് റൂമില്‍ നിന്ന് ലോബിയിലേക്ക് കൊണ്ടുപോയത് സതീഷാണ്. ഇത് കണ്ട് ഷാരൂഖ് ഖാനും ഞെട്ടിപ്പോയെന്നാണ് വിവരം.
ഷാരൂഖിന്റെ ബംഗ്ലാവായ മന്നത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ ബാന്ദ്ര പൊലീസിന് കൈമാറുകയായിരുന്നു. മതില്‍ ചാടി കടന്നാണ് ഇരുവരും ബംഗ്ലാവില്‍ കടന്നതെന്നാണ് പൊലീസ് കരുതുന്നത്. പ്രതികള്‍ക്ക് 20 ഉം 22 ഉം വയസാണ് പ്രായം എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ മാസം നടന്ന സംഭവത്തിന്റെ വിവരങ്ങള്‍ മുംബൈ പൊലീസ് ഇപ്പോഴാണ് പങ്ക് വെക്കുന്നത്. നേരത്തെ തന്നെ രണ്ട് പേര്‍ ഷാരൂഖ് ഖാന്റെ ബംഗ്ലാവില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചു എന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. അതേസമയം സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് മുംബൈ പൊലീസ് പറയുന്നത്.
പത്താന്‍ സിനിമ കണ്ട് താരാരാധന മൂത്ത് ചെയ്ത സാഹസമാണ് എന്നാണ് പ്രതികള്‍ ഇരുവരും പൊലീസിനോട് പറയുന്നത്. എന്നാല്‍ പത്താന്‍ സിനിമയോട് അനുബന്ധിച്ച് ഷാരൂഖ് ഖാന് നിരവധി ഭീഷണികള്‍ വന്നിരുന്നു. അതിനാല്‍ സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നത് എന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം എപ്പോഴും പൊലീസ് നിരീക്ഷണമുള്ള മേഖലയില്‍ അനായാസം പ്രതികള്‍ അകത്ത് കടന്നത് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.












Click it and Unblock the Notifications