ദുര്‍മന്ത്രവാദം: അമ്മയെയും മകളെയും അടിച്ചുകൊന്നു
റായ്പൂര്‍: ദുര്‍മന്ത്രവാദത്തില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ച് അമ്മയെയും മകളെയും ആള്‍ക്കൂട്ടം അടിച്ചുകൊന്നു. ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലെ മാഹകിലാണ് സംഭവം. നവംബര്‍ 13 നാണ് ദസ്രി ബായി എന്ന 60 കാരിയും രംബതി എന്ന 40 കാരി മകളും ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്. ഇവരുടെ കുടുംബത്തിലെ പ്രായമായ മറ്റൊരാളെ ആളുകള്‍ മര്‍ദ്ദിച്ചതോടെ വെള്ളിയാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്.
കൊല്ലപ്പെട്ട സ്ത്രീകളുടെ അകന്ന ബന്ധത്തിലുള്ള ഒരാള്‍ പോലീസില്‍ വിവരം അറിയിച്ചിരുന്നത്രെ. എന്നാല്‍ പോലീസ് നടപടിയൊന്നും സ്വീകരിച്ചില്ല എന്നാണ് ആക്ഷേപം. കൊലപാതകവുമായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകുന്നേരം വരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായി വിവരമില്ല. നാരായണ്‍പൂര്‍ പോലീസ് സൂപ്രണ്ട് സംഭവത്തോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ദസ്രി ബായിയുടെയും മകള്‍ രംബതിയുടെ ദുര്‍മന്ത്രവാദം കാരണം ഗ്രാമത്തിലെ കുറേപ്പേര്‍ക്ക് ജീവന്‍ നഷ്ടമായി എന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗ്രാമവാസികള്‍ യോഗം കൂടി തീരുമാനിച്ചത് പ്രകാരം അമ്മയെയും മകളെയും ആക്രമിക്കുകയായിരുന്നു. ഇരുവരുടെയും വീട്ടുകാര്‍ തടഞ്ഞെങ്കിലും ആതൊന്നും കാര്യമാക്കാതെയായിരുന്നു ആക്രമണം.
ഇടിച്ചും തൊഴിച്ചും കുത്തിയും ഇരുവരെയും കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹങ്ങള്‍ ഗ്രാമത്തിന് പുറത്തുകൊണ്ടുപോയി സംസ്‌കരിച്ചു. സ്ത്രീകള്‍ ഇരുവരും മരിച്ചതോടെ പ്രശ്‌നങ്ങള്‍ തീര്‍ന്നു എന്നും ഇനി ഇതിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാക്കരുത് എന്നും ഗ്രാമവാസികള്‍ ഇവരുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തത്രെ. ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളിലൊന്നാണ് മാഹക്.












Click it and Unblock the Notifications