കര്‍ണാടകയില്‍ ഇസ്രായേല്‍ യുവതിയടക്കം രണ്ടു സ്ത്രീകളെ കൂട്ടബലാല്‍സംഗം ചെയ്തു: യുവാവിനെ കൊലപ്പെടുത്തി
ബംഗളൂരു: കര്‍ണാടകയില്‍ ഇസ്രായേല്‍ യുവതി അടക്കം രണ്ടു സ്ത്രീകളെ കൂട്ടബലാല്‍സംഗം ചെയ്തു. ഹംപിക്കു സമീപം കൊപ്പല്‍ എന്ന നഗരത്തിലാണ് സംസ്ഥാനത്തെ നടുക്കിയ സംഭവം ഉണ്ടായത്. ഇസ്രായേലില്‍ നിന്ന് എത്തിയ വിനോദസഞ്ചാരിയും ഇവര്‍ താമസിച്ചരുന്ന ഹോംസ്റ്റേയുടെ ഉടമയുമാണ് പീഡനത്തിനിരയായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നു പുരുഷന്മാരെയും പ്രതികള്‍ ആക്രമിച്ച് കനാലിലേക്കു തള്ളിയിട്ടു. ഇതില്‍ ഒഡീഷ സ്വദേശിയായ യുവാവിന്റെ മൃതദേഹം കനാലില്‍ നിന്നു കണ്ടെടുത്തു.
വ്യാഴാഴ്ച്ച രാത്രിയാണ് ഇരുപത്തിയേഴ് വയസുള്ള ഇസ്രായേല്‍ വനിതയെയും ഇരുപത്തൊന്‍പത് വയസുള്ള ഹോംസ്റ്റേ ഉടമയെയും മൂന്നു പേരടങ്ങുന്ന സംഘം ആക്രമിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നു പുരുഷന്മാരെ അടിച്ചുവീഴ്ത്തി കനാലില്‍ തള്ളിയിട്ട ശേഷമായിരുന്നു യുവതികളെ കൂട്ടബലാല്‍സംഗം ചെയ്തത്. ഒഡീഷ സ്വദേശിയായ ബിബാഷാണ് കൊല്ലപ്പെട്ടത്.

ആക്രമണത്തിന് ഇരയായ സംഘത്തിലുണ്ടായിരുന്ന അമേരിക്കന്‍ പൗരന്‍ ഡാനിയല്‍, മഹാരാഷ്ട്രാ സ്വദേശി പങ്കജ് എന്നിവര്‍ നീന്തി രക്ഷപ്പെട്ടു. മുങ്ങിപ്പോയ ബിബാഷിന്റെ മൃതദേഹം ഇന്നു രാവിലെയാണ് കണ്ടെത്തിയത്. അമേരിക്കന്‍ പൗരനും മഹാരാഷ്ട്രാ സ്വദേശിയും നിലവില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബംഗളൂരുവില്‍നിന്ന് 350 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്ന കൊപ്പല്‍. പൊലീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് വ്യാഴാഴ്ച രാത്രി 11.30 നാണ് സംഭവം ഉണ്ടായത്. കര്‍ണാടകയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ സനാപൂര്‍ തടാകത്തിന് സമീപമാണ് യുവതികള്‍ ആക്രമിക്കപ്പെട്ടത്. അത്താഴത്തിനു ശേഷം താനും നാല് അതിഥികളും കനാല്‍ തീരത്ത് നക്ഷത്രങ്ങളെ നിരീക്ഷിക്കാന്‍ പോയതായി ഹോംസ്റ്റേ ഉടമ പരാതിയില്‍ പറയുന്നു. ബൈക്കിലെത്തിയ മൂന്നു പ്രതികള്‍ പെട്രോള്‍ എവിടെ കിട്ടുമെന്നു ചോദിച്ചു. തുടര്‍ന്ന് ഇസ്രയേലി യുവതിയോട് 100 രൂപ ആവശ്യപ്പെട്ടു. പണം നല്‍കാന്‍ വിസമ്മതിച്ചതോടെ തര്‍ക്കമായി.
കന്നഡയും തെലുങ്കും സംസാരിച്ച അക്രമികള്‍ സംഘത്തോട് മോശമായി പെരുമാറി. തുടര്‍ന്ന് പ്രതികള്‍ ആക്രമിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. അതിനു ശേഷം ഇവര്‍ ബൈക്കില്‍ രക്ഷപ്പെട്ടു. പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. പ്രദേശവാസികളാണ് ആക്രമിച്ചതെന്നാണ് അനുമാനം.












Click it and Unblock the Notifications