ഇത്തവണയും യുഎഇ അഞ്ചാം സ്ഥാനത്ത്: അമേരിക്കയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി വർധിക്കുന്നു
ലോകത്തെ മൂന്നാമത്തെ വലിയ ഊർജ ഉപഭോക്താവായ ഇന്ത്യയുടെ നവംബറിലെ യുഎസ് ക്രൂഡ് ഓയിൽ ഇറക്കുമതി കഴിഞ്ഞ മാസത്തെ അതേ നിലയില്‍ തുടർന്നേക്കും. സെപ്റ്റംബറിൽ യുഎഇയെ പിന്നിലാക്കി ഇന്ത്യയുടെ നാലാമത്തെ വലിയ ക്രൂഡ് വിതരണക്കാരനായി അമേരിക്ക മാറിയിരുന്നു. കെപ്ലർ ഡാറ്റ പ്രകാരം സെപ്റ്റംബറിൽ 568000 ബി പി ഡി ക്രൂഡ് ഓയിലായിരുന്നു ഇന്ത്യ യുഎസില്‍ നിന്നും ഇറക്കുമതി ചെയ്തത്. 2021 മാർച്ചിനു ശേഷമുള്ള റെക്കോർഡ് അളവ് ആണിത്. ഒക്ടോബറിലും ഇതേ തോത് തുടർന്നു.
നവംബറില്‍ 450000-500000 ബിപിഡി ക്രൂഡ് ഓയില്‍ അമേരിക്കയില്‍ നിന്നും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യൻ കമ്പനികളായ റോസ്നെഫ്റ്റ്, ലുക്കോയിൽ എന്നിവയ്ക്കെതിരായ യുഎസ് ഉപരോധങ്ങൾക്ക് മുൻപ് തീരുമാനിച്ച കയറ്റുമതികളാണിതെന്നും 45-55 ദിവസത്തെ യാത്രാ സമയം കണക്കിലെടുക്കുമ്പോൾ ഉപരോധം ഈ ഇടപാടില്‍ പ്രതിഫലിച്ചിട്ടില്ലെന്നും കെപ്ലറിന്റെ ലീഡ് റിസർച്ച് അനലിസ്റ്റ് സുമിത് റിതോലിയ വ്യക്തമാക്കുന്നു.

ഇന്ത്യയുടെ ഊർജസുരക്ഷയും വിതരണ വൈവിധ്യവൽക്കരണവും ഇറക്കുമതി വർധിപ്പിച്ചു. ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയില്‍ യുഎസ് വിഹിതം വർധിക്കുന്നത് തന്ത്രപരമായ മൂല്യവും വൈവിധ്യവൽക്കരണ തന്ത്രവും ഉയർത്തിക്കാട്ടുന്നു; യുഎസുമായുള്ള വ്യാപാര കമ്മി കുറയ്ക്കാനും ഊർജ വിതരണ ശൃംഖലകൾ വൈവിധ്യവത്കരിക്കാനും ഇത് സഹായിക്കും. യുഎസ്-ഇന്ത്യ ഊർജ സഹകരണം ശക്തിപ്പെടുത്തുന്നതോടൊപ്പം നൈജീരിയ ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള ലൈറ്റ് സ്വീറ്റ് ക്രൂഡ് കാർഗോകളുമായി സന്തുലനം നിലനിർത്താനും ഇന്ത്യയെ പ്രാപ്തമാക്കുന്നു.
ഒക്ടോബർ 22-നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് റഷ്യയുടെ രണ്ട് ഏറ്റവും വലിയ ഓയിൽ കമ്പനികളായ റോസ്നെഫ്റ്റിനും ലുക്കോയിലിനുമെതിരെ ഉപരോധം ഏർപ്പെടുത്തിയത്. ഉപരോധങ്ങൾ റഷ്യയുടെ യുക്രെയിൻ യുദ്ധത്തിനുള്ള ഫണ്ടിംഗ് തടയാൻ ലക്ഷ്യമിട്ടുള്ളതാണെങ്കിലും ഇത് ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്.
ഇന്ത്യയ്ക്ക് ഈ വർഷത്തിന്‍റെ ആദ്യത്തെ ഒമ്പത് മാസത്തിൽ 1.7 മില്യൺ ബിപിഡി എണ്ണയാണ് റഷ്യ വിതരണം ചെയ്തത്. ഉപരോധം കാരണം റഷ്യയില്‍ നിന്നുള്ള വിതരണം കുറയുന്ന സാഹചര്യത്തില്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി വിഹിതം വർധിച്ചേക്കും.












Click it and Unblock the Notifications