ഖത്തർ അല്ല, യുഎഇയുമായി എല്‍എന്‍ജിയില്‍ വമ്പന്‍ കരാറുമായി ഇന്ത്യ: ഇത് ആദ്യം; കോടികളുടെ കരാർ
ഇന്ത്യയുടെ പ്രധാന പ്രകൃതിവാതക ഇറക്കുമതി രാഷ്ട്രമാണ് ഖത്തർ. കഴിഞ്ഞ വർഷം അവസാനം ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് വന്‍ തോതില്‍ ദ്രവീകൃത പ്രകൃതി വാതകം (എല്‍ എന്‍ ജി) എത്തിക്കുന്നതിനുള്ള കരാറില്‍ ഇന്ത്യയും ഖത്തറും എത്തിയിരുന്നു. ഇന്ത്യയിലെ മുൻനിര പ്രകൃതിവാതക വിതരണക്കാരായ ഗെയിലിന് അഞ്ച് വർഷത്തേക്ക് ഇന്ധനം നല്‍കാനാണ് തീരുമാനം.
കരാർ പ്രകാരം ഖത്തർ എനർജി ട്രേഡിംഗ് കമ്പനി ഏപ്രില്‍ മുതല്‍ ഗെയിലിന് പ്രതിമാസം ഒരു കാർഗോ വീതം ഇന്ത്യയിലേക്ക് എത്തും. ഗെയിലുമായി ഖത്തർ എനർജി ട്രേഡിംഗ് കമ്പനി നടത്തുന്ന ഏറ്റവും വലിയ ഇടപാടുകളിലൊന്നാണ് ഇത്. അതേസമയം ഇപ്പോഴിതാ ഖത്തറിന് പുറമൊരു മറ്റൊരു അറബ് രാഷ്ട്രമായും ദ്രവീകൃത പ്രകൃതി വാതകത്തിനായി ഇന്ത്യ കരാറിലേർപ്പെട്ടിരിക്കുകയാണ്.

കൂടുതല്‍ ദ്രവീകൃത പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നതിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷനും (ഐ ഒ സി) ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (ബി പി സി എൽ) യു എ ഇ സർക്കാറിന്റെ ഉടമസ്ഥതയിലുള്ള അഡ്നോക്ക് കമ്പനിയുമായി കോടിക്കണക്കിന് രൂപയുടെ കരാറിലേർപ്പെട്ടിരിക്കുന്നുവെന്നാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
പൊതുമേഖലാ എണ്ണ വിപണന കമ്പനിയായ ഐ ഒ സിയാണ് ഏറ്റവും വലിയ കരാറിൽ ഒപ്പുവച്ചത്. ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ എനർജി വീക്കിൽ (ഐ ഇ ഡബ്ല്യു) യു എ ഇയുടെ അഡ്നോക്കുമായി 14 വർഷത്തെ എൽഎൻജി ഇറക്കുമതി കരാറിലാണ് ഐ ഒ സി ഒപ്പിട്ടിരിക്കുന്നത്. 7-9 ബില്യൺ ഡോളർ മൂല്യമുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ 2026 മുതൽ യു എ ഇയില്‍ നിന്നും പ്രതിവർഷം 1.2 ദശലക്ഷം ടൺ എൽ എൻ ജി ഐ ഒ സിക്ക് ലഭിക്കും.
മറ്റൊരു പൊതുമേഖലാ സ്ഥാപനമായ ബി പി സി എല്ലും അഡ്‌നോക്കുമായി ഒരു ടേം എൽ എൻ ജി ഓഫ്‌ടേക്ക് കരാറിൽ ഒപ്പുവച്ചു. കരാർ പ്രകാരം ഈ വർഷം ഏപ്രിൽ മുതൽ 5 വർഷത്തേക്ക് 2.4 ദശലക്ഷം ടൺ എൽ എൻ ജി കമ്പനിക്ക് സ്വന്തമാകും. ഇരുകക്ഷികളുടേയും തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വേണമെങ്കില്‍ കരാർ മറ്റൊരു 5 വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്.
അതേസമയം, ഫ്രഞ്ച് ഊർജ്ജ ഭീമനായ ടോട്ടൽ എനർജിസ്, 2026 മുതൽ 10 വർഷത്തേക്ക് ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന് (GPSC) പ്രതിവർഷം 400,000 ടൺ എൽ എൻ ജി നല്‍കുന്നതിനുള്ള കരാറും നിലവില്‍ വന്നിട്ടുണ്ട്. പ്രതിവർഷം ആറ് കാർഗോ എല്‍ എന്‍ ജിയാകും ടോട്ടൽ എനർജിസ് ജി പി എസ് സിക്ക് കൈമാറുക.












Click it and Unblock the Notifications