യുഎഇ മാത്രമല്ല സൗദിക്കും പണികിട്ടുമോ? ഇന്ത്യയിലേക്കുള്ള ക്രൂഡ് ഇറക്കുമതിയിൽ യുഎസ് കുതിക്കുന്നു
ഇന്ത്യ - യുഎസ് വ്യാപാരക്കരാർ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ പടിപടിയായി ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ കയറ്റുമതി വർധിപ്പിച്ച് യുഎസ്. ഏപ്രിൽ വരെ യുഎസ് ഇറക്കുമതിയിൽ 270 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.
ഡയറക്ടറേറ്റ് ജനറൽ ഓഫ് കൊമേഴ്‌സ്യൽ ഇന്റലിജൻസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ 6.31 ദശലക്ഷം ക്രൂഡ് ഓയിലാണ് ഇന്ത്യ യുഎസിൽ നിന്നും ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1.69 ദശലക്ഷം ടൺ ആയിരുന്നു. ഇതോടെ യുഎസിൽ നിന്നുള്ള ഇറക്കുമതി 7 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷം വെറും രണ്ട് ശതമാനം മാത്രമായിരുന്നു.
ചരക്ക് വ്യാപാരത്തിലെ കുറവ് പരിഹരിക്കുന്നതിനായി യുഎസിൽ നിന്നുള്ള ഇറക്കുമതി ഇനിയും വർധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. മാത്രമല്ല അമേരിക്കയിൽ നിന്നുള്ള കാറുകൾ പ്രതിരോധ ഉപകരണങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ഇന്ത്യൻ വിപണി തുറന്നിടാനുള്ള നീക്കങ്ങളും ഇന്ത്യ നടതുന്നുണ്ട്.
യുഎസുമായുള്ള ഊർജ്ജ വ്യാപാരം വിപുലീകരിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താൻ സഹായിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല ഇത്തരത്തിൽ യുഎസിൽ നിന്നും കൂടുതലായി ഇറക്കുമതി ചെയ്യുന്നത് സ്വന്തം വിപണി സുരക്ഷിതമാക്കാൻ ഇന്ത്യയ്ക്ക് ക്രൂഡ് ഓയിൽ വില കുറച്ച് നൽകാൻ മറ്റ് രാജ്യങ്ങളെ നിർബന്ധിതരാക്കുകയും ചെയ്യും. നേരത്തേ യുക്രൈൻ-റഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുഎസും മറ്റ് ചില യൂറോപ്യൻ രാജ്യങ്ങളും റഷ്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഈ സമയത്ത് തങ്ങളുടെ വിപണി കണ്ടെത്താൻ എണ്ണ വില കുറച്ചുവിൽക്കാൻ റഷ്യയെ പ്രേരിപ്പിച്ചു. ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾക്ക് വളരെ വിലക്കുറവിൽ റഷ്യൻ ക്രഡ് ഓയിൽ ലഭിക്കാൻ ഇത് സഹായിച്ചിരുന്നു.

ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് അടക്കുമെന്ന ഭീഷണി ഉയർന്നിരുന്നു. ലോകത്തിന്റെ പ്രധാന ഊർജപാതയാണ് ഇത്. ഗൾഫ് രാജ്യങ്ങൾ പ്രധാനമായും ഈ മാർഗമാണ് എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. ഈ മാർഗം വഴി അല്ലാതെ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ നിന്നും കൂടുതലായി എണ്ണ ഇറക്കുമതി ചെയ്യാൻ സാധിച്ചാൽ അത് രാജ്യത്തെ സംബന്ധിച്ച് ഏറെ ഗുണകരമായിരിക്കും. രാജ്യത്തിന്റെ ക്രൂഡ് ഓയിൽ ആവശ്യകതയുടെ 88 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഉയർന്ന ഇറക്കുമതി ആശ്രയത്വവും വർദ്ധിച്ചുവരുന്ന ഊർജ്ജ ഉപഭോഗവും എണ്ണ ഉത്പാദക രാജ്യങ്ങളുടെ പ്രധാന വിപണിയാക്കി ഇന്ത്യയെ മാറ്റുന്നു.
ഇന്ത്യയിലേക്കുള്ള ഊർജ്ജ കയറ്റുമതി വർദ്ധിപ്പിക്കാനുള്ള നീക്കങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലക്ഷ്യമിടുന്നുണ്ട്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് ചർച്ച നടത്തിയിരുന്നു. യുഎസിൽ നിന്നുളള ഇറക്കുമതി 15 ബില്യൺ ഡോളറിൽ 25 ബില്യൺ ഡോളറായി വർധിപ്പിക്കാനുള്ള സാധ്യതയാണ് യുഎസ് പരിശോധിക്കുന്നത്.
നേരത്തേ ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ കയറ്റുമതിയിൽ നാലാം സ്ഥാനത്തായിരുന്നു യുഎസ്. എന്നാൽ റഷ്യയുടെ വരവോടെ യുഎസ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. യുഎസിന്റെ കുതിപ്പ് നിലവിൽ നാലാം സ്ഥാനത്തുണ്ടായിരുന്ന യു എ ഇക്കാണ് തിരിച്ചടിയായിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ആദ്യ സ്ഥാനത്ത് റഷ്യയാണ്, സൗദിയും ഇറാഖുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ വരുന്നത്. യുഎസിന്റെ കുതിപ്പ് വരും നാളുകളിൽ ആർക്കാകും കൂടുതൽ പ്രഹരമാകുകയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.












Click it and Unblock the Notifications