
ഉദയ്പൂര്‍ കേസ്; കോടതി വളപ്പില്‍ പ്രതികളെ ആക്രമിച്ചു, പ്രതികളുമായി ബന്ധമില്ലെന്ന് ബിജെപി
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ഉദയ്പൂര്‍ കൊലപാതക കേസിലെ പ്രതികളെ കോടതി വളപ്പില്‍ ആള്‍ക്കൂട്ടം അക്രമിച്ചു. ജയ്പൂര്‍ കോടതിയില്‍ ഹാജരാക്കി തിരിച്ചുകൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. പ്രതികളുടെ വസ്ത്രങ്ങള്‍ കീറി. പോലീസ് ഏറെ പണിപ്പെട്ട് ഇവരെ വാനില്‍ കയറ്റുകയായിരുന്നു. കനയ്യ ലാല്‍ എന്ന ടൈലര്‍ കഴഞ്ഞ ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്. കഴുത്തറുക്കുന്ന ദൃശ്യം പ്രതികള്‍ വീഡിയോ എടുത്തിരുന്നു. റിയാസ് അത്താരി, ഗോസ് മുഹമ്മദ് എന്നിവരാണ് കേസിലെ പ്രതികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന പ്രതികളുടെ വീഡിയോയും പുറത്തുവന്നിരുന്നു.
കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം പ്രതികളെ രാജസ്ഥാന് പോലീസ് പിടികൂടി. കേസില്‍ മറ്റു രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം എന്‍ഐഎക്ക് കൈമാറിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ജയ്പൂരിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ആള്‍ക്കൂട്ടം അക്രമിച്ചത്. പാകിസ്താന് മുര്‍ദാബാദ്, കനയ്യയുടെ കൊലപാതകികള്‍ക്ക് വധശിക്ഷ നല്‍കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി അഭിഭാഷകര്‍ ഉള്‍പ്പെടെ കോടതി പരിസരത്തുണ്ടായിരുന്നു. ജൂലൈ 12 വരെ പ്രതികളെ എന്‍ഐഎ കസ്റ്റഡിയില്‍ വിടുകയാണ് കോടതി ചെയ്തത്.
പുത്രി വാല്‍സല്യത്താല്‍ പിണറായിക്ക് ഭ്രാന്തായി; പശു തൊഴുത്ത് പണിതു... ഷോണ്‍ ജോര്‍ജ് പറയുന്നു
പ്രവാചകനെ നിന്ദിച്ച ബിജെപി നേതാവ് നുപുര്‍ ശര്‍മയെ പിന്തുണച്ച് രംഗത്തുവന്നിരുന്നു കനയ്യ ലാല്‍. ഇതില്‍ തനിക്ക് ഭീഷണിയുണ്ടെന്ന് ഇയാള്‍ കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് പോലീസിനെ അറിയിച്ചിരുന്നു. അതേസമയം, പ്രതികള്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവന്നു. എന്നാല്‍ പ്രതികളുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ബിജെപി ന്യൂനപക്ഷ വിഭാഗം സംസ്ഥാന അധ്യക്ഷന്‍ സാദിഖ് ഖാന് പ്രതികരിച്ചു. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വീഴ്ചയാണ് കൊലപാതകമെന്നും അദ്ദേഹം ആരോപിച്ചു.
കേസിലെ പ്രതികളില്‍ ഒരാള്‍ ബിജെപി അംഗമാണ് എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. അതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ കേസ് അതിവേഗം എന്‍ഐഎക്ക് വിട്ടത്. റിയാസ് അത്താരി എന്ന പ്രതിക്കാണ് ബിജെപി ബന്ധമുള്ളതെന്നും കോണ്‍ഗ്രസ് നേതാവ് പവന് ഖേര പറഞ്ഞു. മറ്റു കോണ്‍ഗ്രസ് നേതാക്കളും ഇതേ ആരോപണം ഉന്നയിച്ചു. റിയാസ് ബിജെപിയുടെ ന്യൂനപക്ഷ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. നിരവധി ബിജെപി പരിപാടികളില്‍ അവര്‍ പങ്കെടുത്തിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും ചെയ്തിരുന്നു. എന്നാല്‍ എല്ലാം വ്യാജ വാര്‍ത്തകളാണെന്ന് ബിജെപി ഐടി സെല്‍ മേധാൈവി അമിത് മാളവ്യ പറഞ്ഞു.
അതേസമയം, പ്രതികള്‍ക്ക് പാകിസ്താനിലെ കറാച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദഅ്വത്തെ ഇസ്ലാമി എന്ന സംഘടനുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതികളുമായി സംഘടനയുടെ നേതാക്കള്‍ 2014 മുതല്‍ സംസാരിച്ചതിനുള്ള തെളിവാണ് കിട്ടിയതത്രെ. ബിജെപിയില്‍ നുഴഞ്ഞുകയറാന്‍ പ്രതികള്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.