എംഫില്‍ ബിരുദത്തിന് അംഗീകാരമില്ലെന്ന് യുജിസി; 'വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ എടുക്കരുത്'
ന്യൂദല്‍ഹി: എംഫില്‍ ബിരുദം നിര്‍ത്തലാക്കി യു ജി സി ( യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ ). എം.ഫില്‍ ബിരുദം അംഗീകൃത ബിരുദമല്ലാത്തതിനാല്‍ ഇനി പ്രവേശനം നേടരുത് എന്നാണ് യു ജി സി അറിയിച്ചിരിക്കുന്നത്. ugc.gov.in. എന്ന യു ജി സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എം.ഫില്‍ പ്രോഗ്രാമിലേക്ക് ഏതാനും സര്‍വകലാശാലകള്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ചതിന് ശേഷമാണ് യു ജി സി ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
എംഫില്‍ പ്രോഗ്രാമിലേക്ക് ഏതാനും സര്‍വകലാശാലകള്‍ പുതിയ അപേക്ഷകള്‍ ക്ഷണിക്കുന്നതായി യു ജി സിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. യു ജി സിയുടെ 14-ാം നമ്പര്‍ (പിഎച്ച്.ഡി ബിരുദം നല്‍കുന്നതിനുള്ള മിനിമം സ്റ്റാന്‍ഡേര്‍ഡുകളും നടപടിക്രമങ്ങളും) റെഗുലേഷന്‍സ് 2022-ല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എം.ഫില്‍ പ്രോഗ്രാം നല്‍കില്ലെന്ന് വ്യക്തമായി പറയുന്നുണ്ട്'', അറിയിപ്പില്‍ പറയുന്നു.

2023 - 24 അധ്യയന വര്‍ഷത്തേക്കുള്ള എം.ഫില്‍ പ്രോഗ്രാമിലേക്കുള്ള പ്രവേശനം നിര്‍ത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന്‍ സര്‍വകലാശാലാ അധികൃതരോട് അഭ്യര്‍ത്ഥിച്ചു. എംഫില്‍ കോഴ്‌സുകള്‍ നിര്‍ത്താന്‍ യു ജി സി നേരത്തെ തന്നെ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതാണ്. കേരളത്തിലെ സര്‍വകലാശാലകളില്‍ എം.ഫില്‍ കോഴ്‌സുകള്‍ നിര്‍ത്താന്‍ 2021 ഡിസംബറില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഗവേണിങ് ബോഡി ഉത്തരവിട്ടിരുന്നു.
രാജ്യത്തുടനീളം നിരവധി പുതിയ കോഴ്‌സുകള്‍ വരുന്നുണ്ട് എന്നും അവയില്‍ പലതും യുജിസി അംഗീകരിക്കാത്ത കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്നു എന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തുടനീളം 140 സ്വകാര്യ സര്‍വ്വകലാശാലകള്‍ സ്ഥാപിതമായതായി വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു. ഗുജറാത്ത് ആണ് ഇതില്‍ മുന്‍പന്തിയില്‍.
മഹാരാഷ്ട്രയും മധ്യപ്രദേശും ആണ് തൊട്ടുപിന്നില്‍ ഉള്ളത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗുജറാത്തില്‍ 28 സ്വകാര്യ സര്‍വ്വകലാശാലകളും മഹാരാഷ്ട്രയില്‍ 15 സര്‍വ്വകലാശാലകളും സ്ഥാപിച്ചു. ഈ കാലയളവില്‍ മധ്യപ്രദേശും കര്‍ണാടകയും യഥാക്രമം 14, 10 സര്‍വകലാശാലകള്‍ സ്ഥാപിച്ചിട്ടുണ്ട്.
സംസ്ഥാന നിയമസഭ പാസാക്കിയ നിയമവും ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനവും വഴിയാണ് സ്വകാര്യ സര്‍വ്വകലാശാലകള്‍ സ്ഥാപിക്കുന്നത് എന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്.












Click it and Unblock the Notifications