പരീക്ഷ ക്രമക്കേട്; ഉന്നതതല സമിതി രൂപീകരിച്ച് സർക്കാർ,ഐഎസ്ആർഒ മുൻ ചെയർമാൻ കെ രാധാകൃഷ്ണൻ അധ്യക്ഷൻ
ഡൽഹി: ദേശീയ പരീക്ഷാ ഏജൻസിയുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം . 7 അംഗ സമിതിയാണ് രൂപീകരിച്ചത്. മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ കെ രാധാകൃഷ്ണനാണ് സിമിതിയുടെ അധ്യക്ഷൻ. കേന്ദ്ര വിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ജയ്‌സ്വാള്‍ സമിതിയുടെ മെമ്പര്‍ സെക്രട്ടറിയാണ്.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ) മുഖേനയുള്ള പരീക്ഷകളുടെ സുതാര്യവും സുഗമവും നീതിയുക്തവുമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനും ഡാറ്റാ സെക്യൂരിറ്റി പ്രോട്ടോക്കോളുകളിലും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഘടനയിലും പ്രവർത്തനത്തിലും പരീക്ഷാ പ്രക്രിയ മെച്ചപ്പെടുത്തുന്നതിനുള്ള മെക്കാനിസം പരിഷ്കരിക്കുന്നതിന് ശുപാർശ നൽകാനുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് വിദഗ്ധരുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചത്', വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. പരീക്ഷാ നടത്തിപ്പിലെ പരിഷ്‌കരണം, ഡാറ്റാ സെക്യൂരിറ്റി പ്രോട്ടോക്കോൾ മെച്ചപ്പെടുത്തൽ , എൻടിഎ കമ്മിറ്റിയുടെ ഘടനയും പ്രവർത്തനവും തുടങ്ങിയ വിഷങ്ങളിൽ രണ്ട് മാസത്തിനുള്ളിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും.

ആരൊക്കെയാണ് കമ്മിറ്റിയിലെ അംഗങ്ങൾ?
എയിംസ് മുന്‍ ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫസർ ബി ജെ റാവു, ഐ ഐ ടി മദ്രാസിലെ അധ്യാപകനായിരുന്ന കെ രാമമൂര്‍ത്തി, പീപ്പിള്‍ സ്‌ട്രോങ് സഹസ്ഥാപകനും കര്‍മയോഗി ഭാരത് ബോര്‍ഡ് അംഗവുമായ പങ്കജ് ബന്‍സാല്‍, ഡല്‍ഹി ഐ ഐ ടി ഡീന്‍ ആദിത്യ മിത്തല്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
ക്രമക്കേടുകൾ കണ്ടെത്തിയാൽ കർശന നടപടി-മന്ത്രി ധർമ്മേന്ദ്ര പ്രധാൻ
യുജിസി-നെറ്റ് പരീക്ഷ നടത്തിപ്പിൽ എന്തെങ്കിലും ക്രമക്കേടുകൾ കണ്ടെത്തിയാൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ) ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാര്‍ഥികളുടെ താത്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ചില ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. വിശദമായ അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കും', അദ്ദേഹം പറഞ്ഞു. അതേസമയം വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചോദ്യപേപ്പർ ചോർച്ച നടന്നുവെന്ന ആരോപണത്തിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത യു ജി സി-നെറ്റ് പരീക്ഷ റദ്ദാക്കാൻ കഴിഞ്ഞ ദിവസമായിരുന്നു കേന്ദ്രസർക്കാർ ഉത്തരവിട്ടത്. സംഭവത്തിൽ സി ബി ഐ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷയിൽ ക്രമക്കേടുകൾ നടന്നതായാണ് സി ബി ഐയുടെ പ്രാഥമിക കണ്ടെത്തൽ.
അതിനിടെ സി എസ് ഐ ആർ- യുജിസി നെറ്റ് പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്. ജൂണ്‍ 25 മുതല്‍ 27 വരെ നടക്കാനിരിക്കുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ചില സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് നടപടിയെന്നാണ് യു ജി സി വിശദീകരണം.












Click it and Unblock the Notifications