ഉജ്ജയിനില്‍ പള്ളി പൊളിക്കാന്‍ നീക്കം; സംഘര്‍ഷം, കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനം

മധ്യപ്രദേശിലെ ഉജ്ജയിനില്‍ പള്ളി പൊളിക്കുന്നതിനെതിരെ പ്രതിഷേധം. റോഡ് വികസനത്തിന്റെ ഭാഗമായിട്ടാണ് പള്ളി ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ മുന്‍സിപ്പാല്‍ കോര്‍പറേഷന്‍ തീരുമാനിച്ചത്. എന്നാല്‍ നൂറ്റാണ്ടിലധികം പഴക്കമുള്ള ഷാഹി മസ്ജിദ് പൊളിക്കാന്‍ സമ്മതിക്കില്ലെന്ന് വിശ്വാസികള്‍ നിലപാടെടുത്തു. രാത്രിയില്‍ പള്ളി പൊളിച്ചുനീക്കുമെന്ന പ്രചാരണമുണ്ടായതോടെ രണ്ടു ദിവസം വിശ്വാസികള്‍ പള്ളിയില്‍ കുത്തിയിരുന്നു.

ഇതിനിടെയാണ് ഇന്ന് രാവിലെ കൂടുതല്‍ പോലീസിനെ വിന്യസിച്ചത്. പള്ളിയുടെ ഭാഗത്ത് വിശ്വാസികളും നിലയുറപ്പിച്ചു. ഇന്നുതന്നെ പള്ളി പൊളിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിനിടെ പോലീസിന് നേരെ അജ്ഞാതര്‍ കല്ലെറിഞ്ഞു. പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതോടെ സംഘര്‍ഷ സാഹചര്യമായി. പള്ളി കമ്മിറ്റി ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

ujjain

2028ല്‍ ഉജ്ജയിനില്‍ സിംഹസ്ത കുംഭമേള നടക്കാന്‍ പോകുകയാണ്. 12 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കുംഭമേളയില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഇതിന് മുന്നോടിയായിട്ടാണ് റോഡ് വീതി കൂട്ടാന്‍ ഉജ്ജയിന്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തീരുമാനിച്ചത്. 9 കോടിയുടെ വികസന പ്രവൃത്തികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. നിരവധി കടകളും വീടുകളും പൊളിച്ചുനീക്കുന്നുണ്ട്.

മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ ജന്മനാടാണ് ഉജ്ജയിന്‍. അദ്ദേഹത്തിന്റെ തറവാട് വീട് ഉള്‍പ്പെടെ പൊളിച്ചുനീക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 272 കെട്ടിടങ്ങളാണ് പൊളിച്ചുനീക്കാന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ''വ്യാഴവട്ടത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന ചടങ്ങാണ് കുംഭമേള. ലക്ഷക്കണക്കിന് ആളുകളാണ് 2028 മാര്‍ച്ചില്‍ നടക്കുന്ന മേളയ്ക്ക് എത്തുക. ഇതിന്റെ ഭാഗമായിട്ടാണ് റോഡ് വീതി കൂട്ടുന്നത്. എല്ലാവരും സഹകരിക്കണം'' എന്ന് കോര്‍പറേഷന്‍ അധ്യക്ഷന്‍ കലാവതി യാദവ് ആവശ്യപ്പെട്ടു.

പള്ളി പൊളിക്കുന്നതിനെതിരെ നേരത്തെ സമര്‍പ്പിച്ച ഹര്‍ജികള്‍ മധ്യപ്രദേശ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ പള്ളിക്കമ്മിറ്റി സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കാനിരിക്കുകയാണ്. മാത്രമല്ല, വിഷയത്തില്‍ അനുകൂല നിലപാട് ഹൈക്കോടതിയില്‍ നിന്ന് ലഭിച്ചില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാനും പള്ളി കമ്മിറ്റി ആലോചിക്കുന്നുണ്ട്. കോടതി തീരുമാനം വരുന്നതിന് മുമ്പ് പൊളിക്കാന്‍ അനുവദിക്കില്ലെന്ന് കമ്മിറ്റി വ്യക്തമാക്കുന്നു.

അതിനിടെയാണ് ഇന്ന് രാവിലെ പോലീസിന് നേരെ കല്ലേറുണ്ടായതും പോലീസ് ലാത്തി വീശിയതും കണ്ണീര്‍ വാതകം പ്രയോഗിച്ചതും. പള്ളിയുടെ ഒരു ഭാഗം ഉടന്‍ പൊളിക്കുമെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. ഇതിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉള്ളതിനാല്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma