മദ്യനയത്തിനെതിരെ, മദ്യശാലയിലേക്ക് കല്ലെറിഞ്ഞ് ഉമാഭാരതി
ലഖ്‌നൗ: ഭോപ്പാലിൽ മദ്യശാലക്ക് നേരെ കല്ലെറിഞ്ഞ് മുൻ കേന്ദ്രമന്ത്രി ഉമാഭാരതി. മധ്യപ്രദേശിൽ മദ്യനിരോധനം നടത്തണമെന്ന് ആഹ്വാനം ചെയ്‌തുള്ള പ്രതിഷേധത്തിനിടെയാണ് മുൻ മന്ത്രിയുടെ ഈ രോഷപ്രകടനം. മദ്യശാലക്ക് മുന്നിലെത്തിയപ്പോൾ ഉമാഭാരതി, കല്ലെറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഉമാഭാരതിയും ഈ ദ്യശ്യങ്ങൾ ട്വിറ്ററിലൂടെ തന്നെ പങ്കുവക്കുകയും ചെയ്‌തു.
ഉത്തർപ്രദേശിൽ മദ്യനിരോധനം ഏർപ്പെടുത്തണമെന്ന് ഉമാഭാരതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് നടപ്പിലാകാതെ വന്നപ്പോഴാണ് ഉമാഭാരതിയുടെ പ്രകടനം. ഒരാഴ്‌ചക്കകം എല്ലാ മദ്യശാലകളും അടച്ചുപൂട്ടണമെന്നും ഉമാഭാരതി പറഞ്ഞു. 'ബർഖേദ പഠാനി പ്രദേശത്തെ തൊഴിലാളികളുടെ കോളനിയിൽ നിരവധി മദ്യശാലകളുണ്ട്. ഈ കടകളിലേക്ക് തൊഴിലാളികളുടെ പണമാണ് ഒഴുകുന്നത്. അവിടെ അടഞ്ഞ സ്ഥലത്താണ് മദ്യം വിളമ്പുന്നത്. ഇത് സർക്കാർ നയത്തിന് എതിരായതിനാൽ താമസക്കാരും സ്ത്രീകളും എതിർക്കുകയും പ്രതിഷേധിക്കുകയും ചെയ്‌തിരുന്നു. കട പൂട്ടുമെന്ന് ഭരണകൂടം മുമ്പ് പലതവണ ഉറപ്പ് നൽകിയിരുന്നു. പക്ഷേ വർഷങ്ങളായി ഇത് സംഭവിച്ചിട്ടില്ലെന്ന്' വീഡിയോ പങ്കുവെച്ച് ഉമാഭാരതി പറഞ്ഞു.

കുറച്ചു നാളുകളായി മദ്യനിരോധനം നടപ്പിലാക്കണമെന്ന നിലപാട് സ്വീകരിക്കുന്ന നേതാവാണ് ഉമാഭാരതി. ജനുവരി 15നുള്ളിൽ മദ്യ നിരോധനം നടപ്പിലാക്കിയില്ലെങ്കിൽ വടിയുമായി തെരുവിലിറങ്ങുമെന്നായിരുന്നു ഉമാഭാരതി പറഞ്ഞത്. കഴിഞ്ഞ വർഷമായിരുന്നു ഉമാഭാരതിയുടെ ഇത്തരത്തിലുള്ള പ്രസ്‌താവന വന്നത്. മദ്യത്തിനെതിരായ പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും മദ്യാസക്തിയിൽ മദ്യപാനികൾ മരിച്ചാൽ പോലും മദ്യം നിരോധിക്കണമെന്നും ഉമാഭാരതി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
അതേ സമയം സർക്കാരിന്‍റെ പുതിയ എക്സൈസ് ഉമാഭാരതിയുടെ നിലപാടിന് എതിരാണ്. മദ്യത്തിന് വില കുറച്ചുകൊണ്ടാണ് നിയമം വന്നത്. വിദേശ മദ്യത്തിന്റെ എക്സൈസ് തീരുവ 10-13 ശതമാനമായും കുറച്ചിട്ടുണ്ട്. സർക്കാർ സമീപനത്തെയും ഉമാഭാരതി വിമർശിച്ചു. ഗംഗ പ്രചരണത്തിന്റെ ഭാഗമായിരുന്നതുകൊണ്ടാണ് പ്രതിഷേധം വൈകിയതെന്നും ഇവർ പറഞ്ഞു.
വിവാദ പ്രശ്‌നങ്ങളുമായി എപ്പോഴും വാർത്തകളിൽ ഇടം പിടിക്കുന്ന നേതാവാണ് ഉമാ ഭാരതി. അടുത്തിടെ ഉദ്യോഗസ്ഥരെപ്പറ്റിയുടെ ഉമഭാരതിയുടെ പ്രസ്‌താവന ഏറെ വിവാദമായിരുന്നു. 'ബ്യൂറോക്രസി ഒന്നുമല്ല, വെറും ചെരുപ്പ് പെറുക്കികള്‍" എന്നായിരുന്നു പ്രസ്‌താവന. "ഞങ്ങൾ അവർക്ക് ശമ്പളം നൽകുന്നു, അവർക്ക് പോസ്റ്റിംഗ് നൽകുന്നു, ഞങ്ങൾ അവർക്ക് സ്ഥാനക്കയറ്റവും തരം താഴ്ത്തലും നൽകുന്നു. അവർക്ക് യാതൊരു നിലയും വിലയുമില്ല, ബ്യൂറോക്രസിയുടെ മറവിൽ ഞങ്ങൾ രാഷ്ട്രീയം കളിയ്ക്കുന്നു എന്നതാണ് യഥാർഥ കാര്യം", ഉമാ ഭാരതി ഇങ്ങനെയാണ് ഉദ്യോഗസ്ഥരെപ്പറ്റി പറഞ്ഞു വക്കുന്നത്.












Click it and Unblock the Notifications