ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം; സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാം, കടുത്ത വ്യവസ്ഥകള്‍
ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ത്ത് ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ഖാലിദിന് ഇടക്കാല ജാമ്യം. ഡല്‍ഹിയിലെ വിചാരണ കോടതിയാണ് ജാമ്യം അനുവദിച്ചത്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണം എന്ന് ഉമര്‍ ഖാലിദ് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് രണ്ടാഴ്ചത്തെ ജാമ്യം നല്‍കിയത്. ഡിസംബര്‍ 16 മുതല്‍ 29 വരെയാണ് ജാമ്യം.
ഈ മാസം അവസാന വാരത്തിലാണ് ഉമര്‍ ഖാലിദിന്റെ സഹോദരിയുടെ വിവാഹം. ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണം എന്ന് ഉമര്‍ ഖാലിദ് കര്‍ക്കര്‍ദൂമ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അപേക്ഷ കോടതി അനുവദിച്ചു. ഡിസംബര്‍ 27ന് നടക്കുന്ന വിവാഹത്തില്‍ തന്റെ സാന്നിധ്യം അനിവാര്യമാണ് എന്ന് അദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

20000 രൂപ കെട്ടിവെക്കണം, തുല്യമായ തുകയുടെ രണ്ട് ആള്‍ജാമ്യവും വേണം എന്ന നിബന്ധനയാണ് കോടതി മുന്നോട്ട് വച്ചിട്ടുള്ളത്. ഇത് മൂന്നാം തവണയാണ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം ലഭിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ അധികമായി വിചാരണ തടവുകാരനായി കഴിയുകയാണ് അദ്ദേഹം. 2022ല്‍ സഹോദരിയുടെ വിവാഹത്തിന് ഒരാഴ്ച ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനും ജാമ്യം കിട്ടിയിരുന്നു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തി എന്നാരോപിച്ച് 2020 സെപ്തംബറിലാണ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്. ഇത്രയും കാലമായിട്ടും ജാമ്യം അനുവദിക്കാത്തതിനെതിരെ പല പ്രമുഖരും രംഗത്തുവന്നിരുന്നു. ജെഎന്‍യുവിലെ വിദ്യര്‍ഥി നേതാവായിരുന്നു ഉമര്‍ ഖാലിദ്. വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും അദ്ദേഹം പ്രതിഷേധിച്ചിരുന്നു.
ഉമര്‍ ഖാലിദിന്റെ ജാമ്യ വ്യവസ്ഥകള്‍
കേസുമായി ബന്ധപ്പെട്ട ആരെയും കാണാന്‍ ശ്രമിക്കരുത് എന്ന് കോടതി ഉപാധിവച്ചിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാനും പാടില്ല. മൊബൈല്‍ നമ്പര്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണം. ജാമ്യ കാലാവധിയില്‍ എല്ലാ സമയവും മൊബൈല്‍ ആക്ടീവ് ആയിരിക്കണം. സ്വിച്ച്ഡ് ഓഫ് ചെയ്യരുത് തുടങ്ങിയ നിബന്ധനകളോടെയാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.
ജാമ്യ വേളയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ല. കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരെ കാണാം. അല്ലാത്തവരുമായി സമ്പര്‍ക്കം പാടില്ല. വീട്ടിലും വിവാഹ ചടങ്ങ് നടക്കുന്ന സ്ഥലത്തും മാത്രമായിരിക്കണം താമസിക്കേണ്ടത് എന്നും കോടതി നിര്‍ദേശിച്ചു. വിവാഹ വേദി സംബന്ധിച്ച് ജാമ്യ ഹര്‍ജിയില്‍ ഉമര്‍ ഖാലിദ് സൂചിപ്പിച്ചിരുന്നു.
ജാമ്യ കാലാവധി കഴിഞ്ഞാല്‍ ജയിലില്‍ സൂപ്രണ്ട് മുമ്പാകെ എത്തണം. ഡിസംബര്‍ 29ന് വൈകീട്ടാണ് ഹാജരാകേണ്ടത്. ഈ വേളയില്‍ സൂപ്രണ്ട് വിവരം കോടതിയെ അറിയിക്കണം. ഉമര്‍ ഖാലിദ്, സര്‍ജീല്‍ ഇമാം തുടങ്ങിയ യുഎപിഎ കേസില്‍ അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം ലഭിച്ചിരിക്കുന്നത്.












Click it and Unblock the Notifications