വെടിനിർത്തൽ സ്വാഗതം ചെയ്ത് യുഎൻ; ഭീകരതയ്ക്കെതിരായ നിലപാട് തുടരുമെന്ന് ഇന്ത്യ
ഡൽഹി: സംഘർഷം ലഘൂകരിക്കാനുള്ള എല്ലാ ശ്രമങ്ങളേയും സ്വാഗതം ചെയ്യുന്നുവെന്ന് യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്. ഇന്ത്യ-പാക് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സാഹചര്യങ്ങൾ നിരീക്ഷിച്ച് വരികയായിരുന്നുവെന്നും സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ നടപടികളേയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-പാക് സംഘർഷത്തിൽ യുഎൻ നേരത്തേ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ലോകത്തിന് താങ്ങാനാവില്ലെന്നും ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നുമായിരുന്നു യുഎൻ ജനറൽ സെക്രട്ടറി അഭ്യർത്ഥിച്ചത്.
അതേസമയം ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ നിലവിൽ വന്നത്. വെടിനിർത്തലിന് തങ്ങളാണ് മധ്യസ്ഥത വഹിച്ചത് എന്നായിരുന്നു യുസ് അവകാശപ്പെട്ടത്. ' യുഎസ് മധ്യസ്ഥതയിൽ രാത്രി വൈകിയോളം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തലിന് തയ്യാറായ കാര്യം സന്തോഷത്തോടെ അറിയിക്കുകയാണ്. സാമാന്യബുദ്ധിയും ബോധവും ഉപയോഗിച്ച് പ്രവർത്തിച്ചതിന് ഇരുരാജ്യങ്ങളേയും അഭിനന്ദിക്കുന്നു', എന്നായിരുന്നു ട്വീറ്റിൽ ട്രംപ് പറഞ്ഞത്.

ഇന്ത്യ-പാക് പ്രശ്നങ്ങളിൽ മധ്യസ്ഥതയ്ക്ക് തയ്യാറായെന്ന് ഡൊണാൾഡ് ട്രംപ് ആദ്യം വ്യക്തമാക്കിയിരുന്നു. എന്നാൽ അമേരിക്ക വിഷയത്തിൽ ഇടപെടില്ലെന്നായിരുന്നു പിന്നീട് വൈസ് പ്രസിഡന്റ് ജെഡി വാൻസ് അറിയിച്ചത്. ഇരുരാജ്യങ്ങളോടും ആയുധം താഴെവെക്കാൻ ആവശ്യപ്പെടാൻ സാധിക്കില്ലെന്നും ഇത് തങ്ങളുടെ വിഷയം അല്ലെന്നുമായിരുന്നു ജെഡി വാൻസ് പറഞ്ഞത്. അതേസമയം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും ജെഡി വാൻസുമാണ് പാക്കിസ്ഥാനും ഇന്ത്യയുമായും ചർച്ച നടത്തിയതെന്നാണ് അമേരിക്ക പറയുന്നത്.
നരേന്ദ്ര മോദി, ഷെഹ്ബാസ് ഷെരീഫ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, കരസേനാ മേധാവി അസിം മുനീർ, ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളായ അജിത് ഡോവൽ, അസിം മാലിക് എന്നിവരുമായെല്ലാം ഇരുനേതാക്കളും ചർച്ച നടത്തിയെന്ന് യുഎസ് വ്യക്തമാക്കി. 'സമാധാനത്തിന്റെ പാത തിരഞ്ഞെടുത്തതിൽ പ്രധാനമന്ത്രിമാരായ മോദിയെയും ഷെരീഫിനെയും അവർ കാണിച്ച വിവേകത്തേയും രാഷ്ട്രതന്ത്രത്തേയും അഭിനന്ദിക്കുന്നുവെന്നും റൂബി പറഞഅഞു.
അതേസമയം മധ്യസ്ഥ ചർച്ചയ്ക്ക് യുഎസ് ഇടപെട്ടെന്ന് പരാമർശിക്കാതെയായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വെടിനിർത്തലിന് ധാരണയായിട്ടുണ്ട്. എല്ലാതരത്തിലുളള ഭീകരതയ്ക്കെതിരേയും ശക്തമായതും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാട് ഇന്ത്യ തുടരും', വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു.പാക്ക് ഡിജിഎംഒ വൈകീട്ട് മൂന്നരയോടെ ഇന്ത്യയെ ബന്ധപ്പെടുകയായിരുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു. അഞ്ച് മണിയോടെയാണ് വെടിനിർത്തലിന് ധാരണയായത്. വെടിനിർത്തൽ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ മെയ് 12 ന് നടത്താനും തീരുമാനം ആയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications