ഗര്‍ഭസ്ഥ ശിശുവിനെയും വിറ്റു, വില 30000 രൂപ!
മാല്‍ഡ: ഗര്‍ഭസ്ഥ ശിശുവിനെ അച്ഛനും അമ്മയും ചേര്‍ന്ന് മുപ്പതിനായിരം രൂപയ്ക്ക് വിറ്റു. നാല് വര്‍ഷം മുമ്പ് വിവാഹിതരായ പ്രദ്യോത് - റുമ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞിനെയാണ് ഇവര്‍ മുപ്പതിനായിരം രൂപയ്ക്ക് വിറ്റത്. വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു ഇത്. ജനിച്ചത് ആണ്‍കുട്ടിയാണ് എന്ന് തിരിച്ചറിഞ്ഞ് റുമയുടെ മാതാപിതാക്കള്‍ കുഞ്ഞിനെ വിട്ടുനല്‍കാന്‍ വിസമ്മതിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സോവാനഗറിലെ മനോഹര്‍ - മമതാ ശര്‍മ ദമ്പതികളുടെ മകളായ റുമ, കൃഷ്ണപള്ളി സ്വദേശിയായ പ്രദ്യോതിനെ വിവാഹം ചെയ്തത് നാല് വര്‍ഷം മുന്‍പാണ്. ഇവര്‍ക്ക് മൂന്ന് വയസ്സുളള ഒരു മകളുണ്ട്. ഭാര്യ രണ്ടാമതും ഗര്‍ഭിണിയായതറിഞ്ഞ പ്രദ്യോത് ഒരു കുഞ്ഞിനെ കൂടി പോറ്റാനാവില്ല എന്ന് പറഞ്ഞ് വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. റുമയും ഇത് സമ്മതിച്ചു.

അയല്‍വാസികളായ മിഥുന്‍ - സിഖ ഹല്‍ദാര്‍ ദമ്പതികള്‍ക്കാണ് ഇവര്‍ കുഞ്ഞിനെ വില്‍ക്കാന്‍ തീരുമാനിച്ചത്. അഡ്വാന്‍സായി തന്നെ മുപ്പതിനായിരം രൂപയും ഇവര്‍ പ്രദ്യോതിന് നല്‍കിയിരുന്നത്രെ. ഞായറാഴ്ച രാത്രിയാണ് റുമയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റുമയുടെ അച്ഛനമ്മമാരും ആശുപത്രിയില്‍ എത്തിയിരുന്നു. ഇവര്‍ക്കും മകള്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ വില്‍ക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നില്ല.
സിഖ ഹല്‍ദാര്‍ എന്ന പേരിലാണ് റുമ ആശുപത്രിയില്‍ അഡ്മിറ്റായത്. മിഥുന്‍ ഹല്‍ദാര്‍ എന്നാണ് പ്രദ്യോത് പേര് നല്‍കിയത്. എന്നാല്‍ ജനിച്ചത് ആണ്‍കുട്ടിയാണ് എന്ന് കണ്ട റുമയുടെ മാതാപിതാക്കള്‍ കുഞ്ഞിനെ വിട്ടുനല്‍കാന്‍ തയ്യാറായില്ല. പോലീസ് സ്‌റ്റേഷനില്‍ എത്തിയ ഇവര്‍ പ്രദ്യോതിനും അച്ഛനമ്മമാര്‍ക്കും എതിരെ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലീസ് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications