ബെംഗളൂരുവിലെ വിദ്യാർത്ഥികളിൽ മൂന്നിലൊരാൾ മദ്യപാനികൾ; ഞെട്ടിക്കുന്ന റിപ്പോർട്ട്, നടപടിയുമായി കർണാടക
കൗമാരക്കാർക്കിടയിലെ മദ്യപാനവും പുകയില ഉപയോഗവും തടയുന്നതിനായി പബ്ബുകൾ, ബാറുകൾ, ക്ലബ്ബുകൾ എന്നിവയ്‌ക്കെതിരെ കർശന നടപടികളുമായി കർണാടക സർക്കാർ. പ്രായപൂർത്തിയാകാത്തവർക്ക് പ്രവേശനവും മദ്യവും നൽകുന്നില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും നോട്ടീസ് നൽകാൻ ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ പോലീസിന് നിർദ്ദേശം നൽകി. ബെംഗളൂരുവിലെ വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ ഞെട്ടിക്കുന്ന ഒരു പഠന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സർക്കാരിന്റെ ഈ അടിയന്തിര നീക്കം.
മൂന്നിലൊരാൾ മദ്യപാനി; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ
ബെംഗളൂരുവിലെ 4,093 വിദ്യാർത്ഥികൾക്കിടയിലാണ് കൗമാരക്കാരുടെ ലഹരി ഉപയോഗത്തെക്കുറിച്ച് പഠനം നടത്തിയത്. ഈ പഠനത്തിലെ കണ്ടെത്തലുകൾ അങ്ങേയറ്റം ആശങ്കാജനകമാണെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. പഠനത്തിൽ പങ്കെടുത്തവരിൽ 33% കുട്ടികളും മദ്യം ഉപയോഗിക്കുന്നവരാണ്. ഏകദേശം 18% കുട്ടികൾ പുകയില ഉൽപ്പന്നങ്ങൾക്ക് അടിമകളാണ്. കൗമാരക്കാരിൽ മൂന്നിലൊരാൾ വീതം മദ്യത്തിന്റെയോ പുകയിലയുടെയോ ഉപയോഗം മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ നിഴലിലാണ്. കുട്ടികൾ മദ്യപിക്കാൻ തുടങ്ങുന്ന ശരാശരി പ്രായം 17 വയസ്സാണ്. എന്നാൽ ചില സന്ദർഭങ്ങളിൽ 8 വയസ്സുള്ള കുട്ടികൾ വരെ മദ്യം ഉപയോഗിച്ചതായി റിപ്പോർട്ടിലുണ്ട്. ഇത് വെറുമൊരു ലൈസൻസ് ലംഘന പ്രശ്നമല്ലെന്നും യുവാക്കളുടെ സുരക്ഷയെയും പൊതുജനാരോഗ്യത്തെയും ബാധിക്കുന്ന ഗുരുതരമായ വിഷയമാണെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു.

'നോ ഐഡി, നോ എൻട്രി'; പുതിയ കടുത്ത നിയമങ്ങൾ
പ്രായപൂർത്തിയാകാത്തവർ മദ്യശാലകളിൽ പ്രവേശിക്കുന്നത് തടയാൻ താഴെ പറയുന്ന നിർദ്ദേശങ്ങളാണ് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ളത്. കൃത്യമായ തിരിച്ചറിയൽ രേഖകൾ (ഗവൺമെന്റ് അംഗീകൃത പ്രായം തെളിയിക്കുന്ന രേഖ) ഇല്ലാത്ത ഒരാളെയും പബ്ബുകളിലോ ബാറുകളിലോ ഇനിമുതൽ പ്രവേശിപ്പിക്കാൻ പാടില്ല. പ്രവേശന കവാടത്തിലും, അതോടൊപ്പം മദ്യം ഓർഡർ ചെയ്യുന്ന സമയത്തും കർശനമായ പ്രായപരിശോധന നടത്തണം.
സിസിടിവി നിരീക്ഷണം: കവാടങ്ങളിലെ സിസിടിവി സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കണം. ഇവയിലെ ദൃശ്യങ്ങൾ സുരക്ഷിതമായി സൂക്ഷിച്ചുവെക്കുകയും വേണം.
ഉത്തരവാദിത്തം ഉടമകൾക്ക്: നിയമലംഘനം നടത്തിയാൽ ബാർ ഉടമകൾ, മാനേജർമാർ, ലൈസൻസ് കൈവശമുള്ളവർ എന്നിവർക്കെതിരെ നേരിട്ട് നിയമനടപടി സ്വീകരിക്കും.
കർശന നടപടിയുമായി പോലീസ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ, സിറ്റിസൺ ഗ്രൂപ്പുകൾ എന്നിവരുമായി സഹകരിച്ച് നിയമം കർശനമായി നടപ്പാക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയും ഭാവിയും പണയം വെച്ചുകൊണ്ട് വാണിജ്യ ലാഭം കൊയ്യാൻ ആരെയും അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകി. "നോ ഐഡി, നോ എൻട്രി, നോ അണ്ടർഏജ് ഡ്രിങ്കിങ്" എന്ന സന്ദേശമാണ് സർക്കാർ നൽകുന്നത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ സീറോ ടോളറൻസ് നയമായിരിക്കും സംസ്ഥാന സർക്കാർ സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications