ഗുഡ്‌സ് ഓട്ടോയില്‍ വന്ന വരനെ വധുവിന്റെ ബന്ധുക്കള്‍ പൊതിരെ തല്ലി
നൈനിറ്റാള്‍: ഹോട്ടല്‍ മാനേജരാണെന്ന് പറഞ്ഞ് പറ്റിക്കാന്‍ ശ്രമിച്ച യുവാവിനെ ഭാര്യവീട്ടുകാര്‍ കൈയ്യോടെ പിടികൂടി പൊതിരെ തല്ലി. അഞ്ചാം ക്ലാസില്‍ തോറ്റ് പഠിത്തം നിര്‍ത്തിയ നന്ദകിഷോര്‍ എന്ന 30 കാരനാണ് അടി കിട്ടിയത്. ഹോട്ടല്‍ മാനേജരാണ് എന്ന് അവകാശപ്പെട്ട ഇയാള്‍ കനത്ത സ്ത്രീധനവും ആവശ്യപ്പെട്ടിരുന്നു. ഗുഡ്‌സ് കാരിയര്‍ ഓട്ടോയില്‍ എട്ട് കൂട്ടുകാര്‍ക്കൊപ്പമാണ് ഇയാള്‍ സ്വന്തം വിവാഹത്തിന് എത്തിയതത്രേ.
വരന്റെ വരവ് കണ്ട ബന്ധുക്കള്‍ക്ക് സംശയം തോന്നിയതോടെയാണ് സംഭവം തുടങ്ങുന്നത്. ടാറ്റയുടെ ഗുഡ്‌സ് കാരിയര്‍ ഓട്ടോയില്‍ എട്ട് കൂട്ടുകാരെയും കൂട്ടിയാണ് നന്ദകിഷോര്‍ വിവാഹം കഴിക്കാനെത്തിയത്. ഇയാളുടെ അച്ഛനമ്മമാരോ ബന്ധുക്കളോ കൂടെ ഉണ്ടായിരുന്നില്ല. ചോദ്യം ചെയ്യലിന് ശേഷം നന്നായി കൈകാര്യം കൂടി ചെയ്ത ശേഷമാണ് വരന്‍ അടക്കം ഒമ്പത് പേരെയും വധുവിന്റെ ബന്ധുക്കള്‍ പോലീസില്‍ ഏല്‍പിച്ചത്.
മോദിനഗറിലെ കോളേജില്‍ ഡിഗ്രി വിദ്യാര്‍ഥിനിയാണ് വധു. പെണ്‍കുട്ടിയുടെ അച്ഛന് സമീപത്ത് തന്നെ സ്വന്തമായി റസ്‌റ്റോറന്റ് ഉണ്ട്. നൈനിറ്റാളില്‍ ഹോട്ടല്‍ മാനേജരാണ് എന്ന് പറഞ്ഞാണ് നന്ദകിഷോര്‍ വിവാഹാലോചനയുമായി എത്തിയത്. മകളെ താന്‍ പൊന്നുപോലെ നോക്കാമെന്നും മകള്‍ക്ക് പറ്റിയ പങ്കാളിയാണ് താനെന്നും പറഞ്ഞാണ് ഇയാള്‍ പെണ്ണിന്റെ അച്ഛനെ പാട്ടിലാക്കിയത്.
രണ്ട് തവണ പെണ്ണിന്റെ വീട്ടിലെത്തിയപ്പോഴും ഇയാള്‍ ബന്ധുക്കളെയും മറ്റും കൊണ്ടുവന്നിരുന്നു. ഇതിനിടയില്‍ ഒരു ലക്ഷം രൂപയുടെ സ്വര്‍ണം സ്ത്രീധനമായി ഇയാള്‍ കൈക്കലാക്കിയിരുന്നത്രെ. ജനുവരി 25 നാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ബന്ധുക്കള്‍ പിടിച്ച് അടി കൊടുത്തപ്പോഴാണ് താന്‍ വെറും അഞ്ചാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ എന്ന കാര്യം ഇയാള്‍ തുറന്നുപറഞ്ഞത്.












Click it and Unblock the Notifications