ബിരുദമുണ്ട്; ജോലിയില്ല: ജോലിയുള്ളവര്‍ക്ക് സ്ഥിര ശമ്പളമില്ല; രാജ്യത്ത് ജോലിയില്ലാത്ത ബിരുദധാരികള്‍ 1.1 കോടി
ബെംഗളൂരു: ഇന്ത്യയില്‍ ബിരുദം നേടിയിട്ടും തൊഴില്‍ കിട്ടാതെ അലയുന്നത് ഒരു കോടി 10 ലക്ഷം ചെറുപ്പക്കാര്‍. അസീം പ്രേംജി യൂണിവേഴ്‌സിറ്റി പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഇന്ത്യയിലെ പുതു തലമുറയെ സംബന്ധിച്ചിടത്തോളം വലിയ ആശങ്ക ഉണര്‍ത്തുന്നതാണ്. ഇന്ത്യയില്‍ 20 നും 29 നും ഇടയില്‍ പ്രായമുള്ള 6.3 കോടി ബിരുദധാരികളില്‍ 1.1 കോടി (11 ദശലക്ഷം) ആളുകളും ജോലിയില്ലാത്തവരാണ്. ബിരുദം നേടി ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥിരവരുമാനമുള്ള ജോലി നേടാന്‍ സാധിക്കുന്നത് വളരെ ചെറിയൊരു ശതമാനം ആളുകള്‍ക്ക് മാത്രമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പുതിയ റിപ്പോര്‍ട്ട് പ്രകാരം ബിരുദം കഴിഞ്ഞ് തൊഴിലന്വേഷകരായി തുടരുന്നവരില്‍ വെറും ഏഴു ശതമാനം പേര്‍ക്ക് മാത്രമാണ് ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥിര ശമ്പളമുള്ള ജോലി ലഭിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് രാജ്യം വലിയ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്. ബിരുദധാരികളുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാത്തതാണ് പ്രതിസന്ധിക്ക് കാരണം.

പ്രായത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ 15 മുതല്‍ 25 വയസ് വരെയുള്ള ബിരുദധാരികള്‍ക്കിടയില്‍ തൊഴിലില്ലായ്മ നിരക്ക് 40 ശതമാനത്തോളമാണ്. 25 മുതല്‍ 29 വയസ് വരെയുള്ളവരില്‍ ഇത് 20 ശതമാനവുമാണ്. ഓരോ വര്‍ഷവും ഏകദേശം 50 ലക്ഷം പേര്‍ ബിരുദം നേടി പുറത്തിറങ്ങുന്നുണ്ടെങ്കിലും ശരാശരി 28 ലക്ഷം പേര്‍ക്ക് മാത്രമാണ് ഏതെങ്കിലും തരത്തിലുള്ള തൊഴില്‍ കണ്ടെത്താന്‍ കഴിയുന്നത്. ഇതില്‍ തന്നെ സ്ഥിരം ശമ്പളമുള്ള ജോലി ലഭിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. ജീവിതച്ചെലവിന് അനുസരിച്ച് ശമ്പളം ലഭിക്കാത്തതാണ് പ്രതിസന്ധിക്കു കാരണം. ചെറുപ്പക്കാര്‍ വിദേശ രാജ്യങ്ങളിലേക്കു ചേക്കേറാന്‍ ശ്രമിക്കുന്നതും ഇതുകൊണ്ടാണ്.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്ന യുവാക്കളുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. കുടുംബം പുലര്‍ത്താന്‍ പഠനം നിര്‍ത്തേണ്ടി വരുന്നവരുടെ ശതമാനം 2017-ല്‍ 58 ശതമാനമായിരുന്നത് 2023 ആയപ്പോഴേക്കും 72 ശതമാനമായി ഉയര്‍ന്നു. 2017-ല്‍ 38 ശതമാനമായിരുന്ന ഉന്നത വിദ്യാഭ്യാസ രംഗത്തെ യുവാക്കളുടെ പങ്കാളിത്തം 2024 ആകുമ്പോള്‍ 34 ശതമാനമായി കുറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ശമ്പളത്തിന്റെ കാര്യത്തില്‍ ബിരുദധാരികള്‍ ബിരുദമില്ലാത്തവരേക്കാള്‍ മുന്നിലാണെങ്കിലും പ്രാരംഭത്തില്‍ കിട്ടുന്ന ശമ്പളത്തില്‍ നിന്ന് കാര്യമായ വളര്‍ച്ചയുണ്ടാകുന്നില്ല. എന്നാല്‍ സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ശമ്പളത്തിലെ വ്യത്യാസം കുറഞ്ഞു വരുന്നുണ്ട്. ഈ വിവേചനം ഇല്ലാതാകുന്നത് തൊഴില്‍ വിപണിയിലെ നല്ലൊരു മാറ്റമായി റിപ്പോര്‍ട്ട് വിലയിരുത്തുന്നു. സ്വാതന്ത്ര്യാനന്തരം വിദ്യാഭ്യാസ രംഗത്തെ വിടവുകള്‍ നികത്തുന്നതില്‍ ഇന്ത്യ വലിയ മുന്നേറ്റം നടത്തിയെങ്കിലും ബിരുദധാരികള്‍ക്ക് സ്ഥിരവും മാന്യവുമായ വരുമാനം ഉറപ്പാക്കുന്ന തൊഴിലുകള്‍ നല്‍കുന്നതില്‍ രാജ്യം ഇപ്പോഴും പിന്നിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.












Click it and Unblock the Notifications