ചെറുപ്പക്കാരില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നു; ഗ്രാമങ്ങളേക്കാള്‍ നഗരങ്ങളിലെ സ്ത്രീകള്‍ തൊഴില്‍ രഹിതര്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ തൊഴിലില്ലായ്മാ നിരക്ക് ആശങ്കപ്പെടുത്തുന്ന വിധം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഓഗസ്റ്റില്‍ 5.1 ശതമാനമായിരുന്ന തൊഴിലില്ലായ്മാ നിരക്ക് സെപ്റ്റംബറില്‍ 5.2 ശതമാനമായി ഉയര്‍ന്നു. ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും ഒരു പോലെ തൊഴിലില്ലായ്മ വര്‍ധിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലാണ് തൊഴിലില്ലായ്മാ നിരക്ക് വര്‍ദ്ധിച്ചത്. 15 വയസിനു മുകളിലുള്ളവരുടെ കണക്കെടുപ്പാണ് മന്ത്രാലയം നടത്തിയത്.
ഗ്രാമപ്രദേശങ്ങളിലെ തൊഴിലില്ലായ്മ ഓഗസ്റ്റില്‍ 4.3 ശതമാനം ആയിരുന്നത് സെപ്റ്റംബറില്‍ 4.6% ആയി ഉയര്‍ന്നതായി പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വ്വേ വ്യക്തമാക്കുന്നു. കൃഷിയില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞു. അതേസമയം, നഗരങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് 6.7 ശതമാനത്തില്‍ നിന്ന് 6.8 ശതമാനമായി ഉയര്‍ന്നു.

നഗര-ഗ്രാമീണ വ്യത്യാസമില്ലാതെ തൊഴിലില്ലായ്മാ നിരക്കിലും സ്ത്രീകള്‍ തന്നെയാണ് മുന്നിട്ടു നില്‍ക്കുന്നത്. നഗരപ്രദേശങ്ങളില്‍ സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മ ഓഗസ്റ്റില്‍ 8.9 ശതമാനം ആയിരുന്നത് സെപ്റ്റംബറില്‍ 9.3 ശതമാനമായി ഉയര്‍ന്നു. ഗ്രാമ പ്രദേശങ്ങളില്‍ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റിലെ 5.2 ശതമാനത്തില്‍ നിന്ന് സെപ്റ്റംബറില്‍ 5.5% ആയി ഉയര്‍ന്നു. നഗരപ്രദേശങ്ങളില്‍ താമസിക്കുന്ന സ്ത്രീകളാണ് തൊഴിലില്ലാതെ കൂടുതല്‍ വിഷമിക്കുന്നത്.
അതേസമയം നഗരങ്ങളില്‍ താമസിക്കുന്ന, ജോലി ഇല്ലാത്ത പുരുഷന്മാരുടെ എണ്ണം 5.9 ശതമാനത്തില്‍നിന്ന് ആറ് ശതമാനമായി ഉയര്‍ന്നു. ഗ്രാമപ്രദേശങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് 4.5 ശതമാനത്തില്‍ നിന്ന് സെപ്റ്റംബറില്‍ 4.7 ശതമാനമായി ഉയര്‍ന്നു.
ഏറ്റവും പുതിയ കണക്കുകള്‍ ഇന്ത്യയിലെ തൊഴില്‍ മേഖല നേരിടുന്ന വലിയ വെല്ലുവിളികളാണ് ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോഴും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് തൊഴില്‍ മേഖലയില്‍ ഉയര്‍ന്നുവരാന്‍ കഴിയുന്നില്ലെന്നതും ആശങ്കപ്പെടുത്തുന്നതാണ്.
യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയും വര്‍ദ്ധിച്ചിട്ടുണ്ട്. 15 നും 29നും ഇടയില്‍ പ്രായമുള്ള യുവാക്കളിലെ തൊഴിലില്ലായ്മാ നിരക്ക് ഓഗസ്റ്റില്‍ 14.6 ശതമാനം ആയിരുന്നത് സെപ്റ്റംബറില്‍ 15 ശതമാനമായി ഉയര്‍ന്നു.
ഗ്രാമീണ നഗരപ്രദേശങ്ങളിലായി 89,291 കുടുംബങ്ങളും 375703 വ്യക്തികളും സര്‍വ്വേയില്‍ ഉള്‍ക്കൊള്ളുന്നു. സര്‍വ്വേയ്ക്ക് മുന്‍പുള്ള ഏഴു ദിവസങ്ങളില്‍ വ്യക്തികള്‍ ജോലി ചെയ്യുന്നുണ്ടോ എന്നതിനെ അടിസ്ഥാനമാക്കിയാണ് സര്‍വ്വേ നടത്തുന്നത്. ഇന്ത്യയില്‍ മണ്‍സൂണിനു ശേഷം കാര്‍ഷിക മേഖലയില്‍ ഉണ്ടായ തൊഴില്‍ നഷ്ടവും കാര്‍ഷികേതര മേഖലകളില്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടാത്തതും ആണ് തൊഴിലില്ലായ്മാ നിരക്ക് വര്‍ധിക്കാന്‍ കാരണം.
ഗ്രാമപ്രദേശങ്ങളിലെ പുരുഷന്മാരില്‍ 74.4 ശതമാനം പേരും സ്ത്രീകളില്‍ 36.3 ശതമാനം പേരും സര്‍വ്വേയില്‍ പങ്കെടുത്തു. എന്നാല്‍ ഇത് നഗരപ്രദേശങ്ങളിലേക്ക് വരുമ്പോള്‍ സര്‍വേയില്‍ പങ്കെടുത്തവര്‍ പുരുഷന്മാര്‍ 70.8 ശതമാനവും സ്ത്രീകള്‍ 23.7 ശതമാനവും ആണ്.












Click it and Unblock the Notifications