ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി; മണിപ്പൂരിൽ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ജെഡിയു
ഡൽഹി: മണിപ്പൂരിലെ ബി ജെ പി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് നിതീഷ് കുമാറിന്റെ ജെ ഡി യു. പാർട്ടിയുടെ ഏക എം എൽ എ മുഹമ്മദ് അബ്ദുൽ നാസർ നിയമസഭയിൽ ഇനി പ്രതിപക്ഷ നിരയിലിരിക്കും. പിന്തുണ പിൻവലിക്കാനുള്ള തീരുമാനം ബീരേൻ സിംഗ് സർക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കില്ലെങ്കിലും കേന്ദ്രത്തിൽ ബി ജെ പിയുടെ ഏറ്റവും വലിയ സഖ്യകക്ഷിയായ ജെ ഡി യുവിന്റെ നീക്കം ബി ജെ പിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
2022 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 6 സീറ്റുകൾ ജെ ഡി യു വിജയിച്ചിരുന്നു. എന്നാൽ അഞ്ച് മാസങ്ങൾക്കപ്പുറം 5 എം എൽ എമാർ ബി ജെ പിയിലേക്ക് കൂറുമാറുകയായിരുന്നു. നിലവിൽ 60 അംഗ സഭയിൽ ബി ജെ പിക്ക് 37 അംഗങ്ങളാണ് ഉള്ളത്. നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ 5 എംഎൽഎമാരുടേയും 3 സ്വതന്ത്രരുടേയും പിന്തുണ സർക്കാരിന് ഉണ്ട്.

മണിപ്പൂരിലെ ജെ ഡി യു സംസ്ഥാന തലവൻ കിഷ് ബിരേൻ സിംഗ് നിലവിലെ സംഭവ വികാസങ്ങളെ കുറിച്ച് ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് കത്തയച്ചു. '2022 മാർച്ചിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ജെഡിയുവിന്റെ 6 സ്ഥാനാർത്ഥികൾ വിജയിച്ചു. ഇവരിൽ അഞ്ച് പേർ പിന്നീട് ബി ജെ പിയിലേക്ക് കൂറുമാറി. പത്താം ഷെഡ്യൂള്‍ പ്രകാരം ഇവർക്കെതിരായ കൂറുമാറ്റ നടപടികൾ ഗവർണർ ഇതുവരെ തീർപ്പാക്കിയിട്ടില്ല. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായതിനാൽ ജനതാദൾ ബി ജെ പി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. ഈ സാഹചര്യത്തിൽ പാർട്ടിയുടെ ഏക എം എൽ എയായ അബ്ദുൾ നാസറിന് പ്രതിപക്ഷ നിരയിൽ ഇരിക്കാൻ ഗവർണർ അനുമതി നൽകിയിട്ടുണ്ട്. മണിപ്പൂരിലെ ബി ജെ പി സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ ഞങ്ങളുടെ എംഎൽഎ തീരുമാനിച്ചിരിക്കുകയാണെന്ന് ഇതിനാൽ അറിയിക്കുകയാണ്. ഇനി മുതൽ അദ്ദേഹത്തെ പ്രതിപക്ഷ എം എൽ എയായി പരിഗണിക്കണം',കിഷ് ബിരേൻ കത്തിൽ പറഞ്ഞു.
അടുത്തിടെ മേഘാലയയിലെ കോങ്റാഡ് സാങ്മയുടെ എൻപിപിയും മണിപ്പൂരിലെ ബി ജെ പി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജെ ഡി യുവിന്റേയും നീക്കം. എന്നാൽ കേന്ദ്രത്തിൽ ബി ജെ പിയുടെ സഖ്യകക്ഷിയായ നിതീഷ് കുമാർ മണിപ്പൂരിലെ ഈ നീക്കത്തിലൂടെ എന്താണ് ലക്ഷ്യം വെയ്ക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.
കേന്ദ്രത്തിൽ എൻ ഡി എ സർക്കാരിനെ താങ്ങി നിർത്തുന്നത് രണ്ട് പ്രധാനപാർട്ടികളിൽ ഒന്നാണ് ജെ ഡി യു. 12 എംപിമാരാണ് ജെ ഡി യുവിന് ഉള്ളത്. ബിഹാറിലും ജെ ഡി യും ബി ജെ പിയും സഖ്യത്തിലാണ് പ്രവർത്തിക്കുന്നത്. രാഷ്ട്രീയ മലക്കംമറിച്ചലിൽ വിദഗ്ധനായ നിതീഷ് കുമാർ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് ആർ ജെ ഡിയുമായുള്ള ബന്ധം ഉപേക്ഷിച്ച് ബി ജെ പിക്കൊപ്പം കൈകോർത്തത്.












Click it and Unblock the Notifications