ഒരു തവണ വായ്പ തിരിച്ചടയ്ക്കാത്തവരെ കള്ളനെന്ന് വിളിക്കുന്നത് ശരിയല്ല; മല്യയെ അനുകൂലിച്ച് നിതിൻ ഗഡ്കരി

മുംബൈ: വളരെ അപൂർവ്വമായി വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വരുന്നവരെ കള്ളനെന്ന് വിളിക്കുന്നത് മര്യാദയല്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കിൽ നിന്നും 9000 കോടി രൂപ വായ്പ്പയെടുത്ത വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് നിതിൻ ഗഡ്കരിയുടെ പരാമർശം.
40 വർഷത്തോളം വായ്പാ തുകയും പലിശയും മുടങ്ങാതെ തിരിച്ചടച്ചിരുന്ന ആളായിരുന്നു മല്യ. വ്യോമയാന മേഖലയിലേക്ക് പ്രവേശിച്ച ശേഷമാണ് ചില തിരിച്ചടികൾ നേരിട്ട് തുടങ്ങിയത്. വർഷങ്ങളായി സത്യസന്ധ്യമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്ന ഒരാൾ ഒരു തവണ മാത്രം വീഴ്ച വരുത്തുമ്പോൾ തട്ടിപ്പുകാരനെന്ന് വിളിക്കുന്ന ചിന്താഗതി ശരിയല്ലെന്നും ഗഡ്കരി പറഞ്ഞു. ടൈംസ് നെറ്റ് വര്‍ക്ക് ഇന്ത്യ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിസിനസ്സിൽ ഉയർച്ച താഴ്ചകൾ സ്വഭാവികമാണ്. ഒരാൾ പ്രതിസന്ധി നേരിടുമ്പോൾ ഒപ്പം നിന്ന് പിന്തുണയ്ക്കുകയാണ് വേണ്ടത്. ആഗോള തലത്തിലെ സാമ്പത്തിക മാന്ദ്യമോ ആഭ്യന്തര പ്രശ്നങ്ങളോ വ്യവസായ മേഖലയിലെ പ്രതിസന്ധിയോ ആണ് വായ്പ തിരിച്ചടക്കുന്നതിന് തടസ്സമെങ്കില്‍ ഇവരെ സഹായിക്കുകയാണ് വേണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
നീരവ് മോദിയോ വിജയ് മല്യയോ തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ അവരെ ജയിലിൽ അയയ്ക്കണം. പക്ഷെ പ്രതിസന്ധികൾ നേരിടുന്ന വ്യവസായികളെ സഹായിക്കുകയാണ് വേണ്ടത്. ഇല്ലെങ്കിൽ നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് പുരോഗതിയുണ്ടാകില്ലെന്നും നിതിൻ ഗഡ്കരി പറഞ്ഞു. മല്യയുമായി തനിക്ക് യാതൊരു സാമ്പത്തിക ഇടപാടുകളുമില്ല എന്ന ആമുഖത്തോടെയായിരുന്നു കേന്ദ്രമന്ത്രി പ്രസംഗം ആരംഭിച്ചത്. മല്യയെ ഇന്ത്യയ്ക്ക് വിട്ടു നൽകുന്ന കോടതി വിധി സ്വാഗതം ചെയ്യുന്നതായി ധനമന്ത്രി അരുൺ ജെയ്റ്റ്ലി ട്വീറ്റ് ചെയ്തിരുന്നു.
വനിതാ മതിലിന്റെ ഉദ്ദേശത്തിൽ സംശയമുണ്ട്; ഹൈക്കോടതിയിൽ ഹർജിയുമായി പികെ ഫിറോസ്
കണ്ടിട്ടും കണ്ടിട്ടും മിണ്ടാതെ തമ്മിൽ.. രാഹുൽ ഗാന്ധിയെ കണ്ടിട്ടും മുഖത്ത് പോലും നോക്കാതെ മോദി!