നരേന്ദ്ര മോദിയുടെ വീടിന് മുകളില്‍ അജ്ഞാത ഡ്രോണ്‍; ഉന്നതതല അന്വേഷണം ആരംഭിച്ചു
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീടിന് മുകളില്‍ അജ്ഞാത ഡ്രോണ്‍ കണ്ടെത്തി. ഇന്ന് പുലർച്ചയോടെയാണ് വീടിന് മുകളിലൂടെ ഡ്രോണ്‍ പറക്കുന്നതായി കണ്ടെത്തിയത്. സംഭവത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. പുലർച്ചെ അഞ്ച് മണിയോടെയാണ് ഡ്രോണിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
ഡ്രോണ്‍ കണ്ടെത്തുന്നതിനായുള്ള തിരച്ചില്‍ പൊലീസ് നടത്തിവരികയാണ്. 'ഇതുവരെ ഡ്രോണൊന്നും കണ്ടെത്തിയിട്ടില്ല. തിരച്ചിൽ തുടരുകയാണ്' പൊലീസ് വ്യത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയുടെ വസതിക്കും സമീപ പ്രദേശങ്ങളിലും ഡ്രോണ്‍ ഉള്‍പ്പടേയുള്ളവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപം അജ്ഞാതമായ ഡ്രോണ്‍ പറക്കുന്നതിനെ സംബന്ധിച്ച് എൻഡിഡി കൺട്രോൾ റൂമിൽ വിവരം ലഭിച്ചു. സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും അത്തരത്തിലുള്ള ഒരു വസ്തുവും കണ്ടെത്താനായില്ല. എയർ ട്രാഫിക് കൺട്രോൾ റൂമുമായും (എടിസി) ബന്ധപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം അത്തരം പറക്കുന്ന വസ്തുക്കളൊന്നും അവർ കണ്ടെത്തിയില്ല.' ഡല്‍ഹി പൊലീസ് വ്യക്തമാക്കി.
ന്യൂഡൽഹിയിലെ 7 ലോക് കല്യാൺ മാർഗിലാണ് പ്രധാനമന്ത്രി മോദിയുടെ വസതി സ്ഥിതി ചെയ്യുന്നത്. 1920 നും 1930 നും ഇടയിൽ ആർക്കിടെക്റ്റ് റോബർട്ട് ടോർ റസ്സലാണ് ഈ വസതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ വിവിധ സർക്കാർ കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്ത പ്രശസ്ത ബ്രിട്ടീഷ് വാസ്തുശില്പിയായ എഡ്വിൻ ലൂട്ടിയൻസിന്റെ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.
അതേസമയം, ഈ വർഷം ഏപ്രിലിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ന്യൂഡൽഹിയിലെ വസതിക്ക് മുകളിലും ഡ്രോൺ കണ്ടെത്തിയിരുന്നു. ഈ പ്രദേശം റെഡ്, നോ ഫ്ലൈ സോൺ അല്ലെങ്കിലും നോ ഡ്രോൺ സോണിന് കീഴിലാണ് വരുന്നത്.












Click it and Unblock the Notifications