ഗുജറാത്തിലും ഏകീകൃത സിവില്‍ കോഡ്; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ ഗുജറാത്തിന് അനുമതി. രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമത്തിന് അംഗീകാരം നല്‍കിയതോടെ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ അനുമതി ലഭിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമായി ഗുജറാത്ത് മാറി. അധികം വൈകാതെ തന്നെ ഏകീകൃത സിവില്‍ കോഡ് ബന്ധപ്പെട്ട ചട്ടങ്ങള്‍ ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിക്കും.

അതിനുശേഷം സംസ്ഥാനത്ത് നിയമം പ്രാബല്യത്തില്‍ വരും. ഏഴര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ മാര്‍ച്ച് മാസത്തില്‍ ഗുജറാത്ത് നിയമസഭ ഏകീകൃത സിവില്‍ കോഡ് ബില്‍ പാസാക്കിയിരുന്നു. ഇതോടെ ഉത്തരാഖണ്ഡിന് ശേഷം ഇത്തരം നിയമം പാസാക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി ഗുജറാത്ത് മാറി. ഏകീകൃത സിവില്‍ കോഡ് എല്ലാവര്‍ക്കും തുല്യാവകാശം നല്‍കുന്നുവെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അവകാശപ്പെട്ടു.

Uniform Civil Code

'ഗുജറാത്തിലെ സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും വേണ്ടിയാണ് ഈ ബില്‍ അവതരിപ്പിച്ചത്. 2047-ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള വേഗത വര്‍ധിപ്പിക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണ് ഏകീകൃത സിവില്‍ കോഡിലൂടെ സംസ്ഥാനം നടത്തിയിരിക്കുന്നത്. ഒരു വിഭാഗത്തോടും വിവേചനം കാണിക്കില്ലെന്ന് ഈ ബില്‍ ഉറപ്പുനല്‍കുന്നു. ഇത് ആരുടെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയോ സ്വാതന്ത്ര്യം നിയന്ത്രിക്കുകയോ ചെയ്യുന്നില്ല,' മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ ഈ നിയമം മുസ്ലിം വിരുദ്ധമാണ് എന്നും തിരഞ്ഞെടുപ്പ് നേട്ടത്തിനായി സര്‍ക്കാര്‍ ഇത് പാസാക്കിയതാണെന്നും ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. മതം പരിഗണിക്കാതെ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ലിവിംഗ്-ഇന്‍ ബന്ധങ്ങള്‍ എന്നിവ നിയന്ത്രിക്കുന്നതിനുള്ള പൊതുവായ നിയമ ചട്ടക്കൂട് ആണ് ഏകീകൃത സിവില്‍ കോഡ് മുന്നോട്ടുവെക്കഹുന്നത്.

ശബ്ദവോട്ടോടെ ബില്‍ പാസാക്കുന്നതിന് മുമ്പ്, കോണ്‍ഗ്രസ് സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ബില്‍ ഒരു സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വര്‍ഗീയ വിഷയങ്ങളെ മാത്രം അഭിസംബോധന ചെയ്യുന്നതും ഭരണകക്ഷിയുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതുമാണ് ഈ ബില്‍ എന്ന് പ്രതിപക്ഷം അഭിപ്രായപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരായ ഭരണവിരുദ്ധ വികാരം നേരിടാനാണ് സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.

'ഈ ബില്‍ നമ്മുടെ സമൂഹത്തിന് എതിരാണ്, ഇതില്‍ നിന്ന് നമുക്ക് ഗുണമൊന്നുമില്ല. ഞങ്ങള്‍ ഖുറാനിലും ശരീഅത്തിലും വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ ഈ ബില്ലിനെ എതിര്‍ക്കുന്നത്. മുസ്ലിം സ്ത്രീകളുടെ കാര്യത്തില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥമായ ആശങ്കയുണ്ടെങ്കില്‍, ബില്‍ക്കിസ് ബാനുവിന് നീതി ഉറപ്പാക്കുകയും അവരെ ആക്രമിച്ച പ്രതികള്‍ക്ക് നല്‍കിയ സ്വീകരണത്തിനെതിരെ നടപടിയെടുക്കുകയുമാണ് വേണ്ടത്,' ഗുജറാത്ത് കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേദവാല പറഞ്ഞു.

തങ്ങളുടെ തിരഞ്ഞെടുപ്പ് താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി മാത്രമാണ് സര്‍ക്കാര്‍ ഈ ബില്‍ കൊണ്ടുവന്നതെന്ന് എഎപി എംഎല്‍എ ഛത്തര്‍ വസവാനെ പറഞ്ഞു. പുതിയ ഏകീകൃത സിവില്‍ കോഡിന് കീഴില്‍ ഗോത്രവര്‍ഗ വിഭാഗങ്ങളുടെ പദവി എന്തായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഇക്കാര്യത്തില്‍ വ്യക്തത ആവശ്യമാണ്. മറ്റ് സമുദായങ്ങളിലെ പുരുഷന്മാരെ വിവാഹം കഴിക്കുന്ന ഗോത്രവര്‍ഗ സ്ത്രീകള്‍ക്ക് ഏതെല്ലാം നിയമങ്ങളാണ് ബാധകമാവുകയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2024 ഫെബ്രുവരിയില്‍ ആണ് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറിയത്. 2022-ലെ ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പ്രകടനപത്രികയില്‍ ബിജെപി മുന്നോട്ടുവെച്ച പ്രധാന വാഗ്ദാനങ്ങളിലൊന്നു കൂടിയായിരുന്നു ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma