ഏകീകൃത സിവില്‍ കോഡ്: പൊതുജനങ്ങളുടേയും മതസംഘടനകളുടേയും അഭിപ്രായം തേടി ലോ കമ്മിഷന്‍
ഡല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതില്‍ പൊതുജനാഭിപ്രായം തേടി ലോ കമ്മിഷന്‍ ഓഫ് ഇന്ത്യ. വ്യക്തികള്‍ക്കും അംഗീകൃത മതസംഘടനകള്‍ക്കും ഇ-മെയില്‍ വിലാസത്തില്‍ അഭിപ്രായം അറിയിക്കാം. 30 ദിവസത്തിനകം അഭിപ്രായം അറിയിക്കാനാണ് നിർദേശം. കഴിഞ്ഞ നിയമ കമ്മിഷനും വിഷയം പരിശോധിക്കുകയും അപ്പീലിലൂടെ ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടുകയും ചെയ്തിരുന്നു.
ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ കേന്ദ്രസർക്കാർ പാർലമെന്റില്‍ ബില്ല് അവതരിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകള്‍ പുറത്ത് വരുന്നതിനിടിയിലാണ് ലോ കമ്മിഷന്റെ നടപടിയെന്നതാണ് ശ്രദ്ധേയം. 2024 ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും ഏകീകൃത സിവില്‍ കോഡ് വിഷയം സജീവമാക്കി നിർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ബില്‍ അവതരിപ്പിക്കാനാവും ബിജെപിയുടെ നീക്കം.

നിയമമന്ത്രാലയം ആവശ്യപ്പെട്ട പ്രകാരമാണ് കമ്മിഷൻ അഭിപ്രായങ്ങൾ ക്ഷണിച്ചത്. കുടുംബനിയമത്തിലെ പരിഷ്‌കാരങ്ങൾ എന്ന പേരിൽ കഴിഞ്ഞ തവണത്തെ കമ്മിഷന്‍ 2018-ൽ ഒരു കൺസൾട്ടേഷൻ പേപ്പർ ഇറക്കിയിരുന്നു. വിഷയത്തിന്റെ പ്രാധാന്യവും ഇതുസംബന്ധിച്ച വിവിധ കോടതി ഉത്തരുവുകളും കണക്കിലെടുത്താണ് വീണ്ടും പൊതുജനാഭിപ്രായം തേടാന്‍ തയ്യാറായത്. അംഗീകൃത മതസംഘടനകൾക്കും പൊതുജനങ്ങൾക്കും മുപ്പത് ദിവസത്തിനകം [email protected] എന്ന വിലാസത്തിൽ നിലപാട് അറിയിക്കാം.
ബിജെപിയുടെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് യുണിഫോം സിവില്‍ കോഡ് നടപ്പിലാക്കുമെന്നത്. 2014ലെയും 2019ലെയും ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലയളവില്‍ ബിജെപി ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു. പൗരന്മാരുടെ മതം, ലിംഗഭേദം, ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും ഒരുപോലെ ബാധകമാകുന്ന വ്യക്തിഗത നിയമങ്ങൾ രൂപീകരിക്കുമെന്നാണ് ബിജെപിയുടെ വാഗ്ദാനം.
രാജ്യത്ത് ക്രിമിനൽ നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയാണെങ്കിലും വ്യക്തിനിയമങ്ങളിൽ വ്യത്യാസമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കണക്ക് പ്രകാരം ആയിരത്തോളം വ്യക്തിനിയമങ്ങളാണ് രാജ്യത്തുള്ളത്. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ തുടങ്ങിയ വിഷയങ്ങളിൽ വിവിധ മതങ്ങൾക്കിടയിൽ വ്യത്യസ്ത വ്യക്തിനിയമങ്ങള്‍ നിലനില്‍ക്കുന്നു.
ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിലെ നാലാം ഭാഗത്തിൽ പറയുന്ന പൊതുവ്യക്തിനിയമെന്ന നിർദേശം ചൂണ്ടിക്കാട്ടിയാണ് ബിജെപി ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കാനുള്ള നീക്കം സജീവമാക്കുന്നത്. അതേസമയം ഏതു മതത്തിലും വിശ്വസിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഭരണഘടനയുടെ 25-ാം അനുച്ഛേദം നല്‍കുന്ന അവകാശം യുണിഫോം സിവില്‍ കോഡിനെ എതിർക്കുന്നവരും ഉയർത്തിക്കാണിക്കുന്നു.
നിലവിൽ രാജ്യത്ത് ഏകീകൃത സിവില്‍ കോഡുള്ള ഏക സംസ്ഥാനം ഗോവയാണ്.












Click it and Unblock the Notifications