കേന്ദ്ര ബജറ്റ് 2022: വർക്ക് ഫ്രം ഹോം അലവന്‍സ്, നികുതിയിളവ് പ്രതീക്ഷയില്‍ ജീവനക്കാർ
ദില്ലി: രാജ്യത്ത് കേവിഡ് കേസുകള്‍ ഒരിടവേളക്ക് ശേഷം വീണ്ടും ഉയർന്ന് നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തവണത്തേയും കേന്ദ്ര ബജറ്റ് കടന്ന് വരുന്നത്. ഇടക്കാലത്ത് ഐടി കമ്പനികള്‍ ഉള്‍പ്പടേയുള്ള ഓഫീസുകള്‍ വീണ്ടും തുറന്ന് പ്രവർത്തിക്കാന്‍ തുടങ്ങിയിരുന്നെങ്കിലും ഭൂരിപക്ഷം ഓഫീസുകളും ഇപ്പോഴും വർക്ക് ഫ്രം ഹോം സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഒരു ഘടകം പ്രത്യേകമായി പരിഗണിച്ച് വേതന, നികുതി ഘടനയില്‍ മാറ്റമുണ്ടാക്കുന്ന പ്രഖ്യാപനം കേന്ദ്ര ബജറ്റില്‍ ഉണ്ടാവുമെന്നാണ് ജീവനക്കാർ പ്രതീക്ഷിക്കുന്നത്.
വര്‍ക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാനുള്ള നീക്കങ്ങള്‍ തൊഴില്‍ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഓഫീസുകളില്‍ നിന്നും വീടുകളിലേക്ക് മാറിയ തൊഴില്‍സാഹചര്യം അനുസരിച്ച് നികുതി ഘടനയിലെ മാറ്റമാണ് ബജറ്റില്‍ കാര്യമായും പ്രതീക്ഷിക്കുന്നത്. ബജറ്റിന് മുന്നോടിയായി വിവിധ കമ്പനികളുമായി ധനമന്ത്രാലയം ആശയവിനിമയം നടത്തിയതും പ്രതീക്ഷ വർധിപ്പിക്കുന്ന ഘടകമാണ്.

കൊവിഡ് നിയന്ത്രണങ്ങൾക്കിടയിൽ ജോലി ചെയ്യുന്നതിനോ പഠിക്കുന്നതിനോ ഉള്ള പുതിയ തരത്തിലുള്ള ചിലവുകൾ കാരണം കുടുംബ ബജറ്റുകളിലും ചിലവേറിയിട്ടുണ്ട്. പാൻഡെമിക്കിന് മുമ്പുള്ള സാഹചര്യത്തില്‍ ഓഫീസ് നിലവാരമുള്ള വൈഫൈ, വർക്ക്‌സ്റ്റേഷൻ, കുട്ടികൾക്കുള്ള ലാപ്‌ടോപ്പുകൾ തുടങ്ങിയ ചെലവുകള്‍ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം ഈ സാഹചര്യത്തെ ആകെ മാറ്റി മറിക്കുകയാണ് ഉണ്ടായത്. ഇതും കൂടി പരിഗണിച്ചാണ് വർക്ക് ഫ്രം ഹോം അലവന്‍സ് അനുവദിക്കുന്ന കാര്യം കേന്ദ്രം ആലോചിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയും (ഐസിഎഐ) സമാനമായ അഭ്യർത്ഥന നടത്തിയിട്ടുണ്ട്.
നേരിട്ടുള്ള ആനുകൂല്യം നൽകാനാവില്ലെങ്കിലും നികുതിയുമായി ബന്ധപ്പെട്ട ഇളവുകൾ നൽകണമെന്നതാണ് ഈ രംഗത്തെ വിദഗ്ധർ നിർദേശിക്കുന്നത്. ആവശ്യം ധനമന്ത്രാലയം അംഗീകരിച്ചാൽ, വർക്ക് ഫ്രം ഹോം ആയി ജോലി ചെയ്യുന്ന ജീവനക്കാർക്ക് 50,000 രൂപ വരെ അലവൻസ് ലഭിച്ചേക്കും. സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധിയിൽ നികുതിദായകർക്ക് ഇളവും ഐസിഎഐ ആവശ്യപ്പെട്ടിട്ടുണ്ട് . സ്റ്റാൻഡേർഡ് ഡിഡക്ഷന്റെ നിലവിലെ പരിധി 50,000 രൂപയാണെങ്കിലും ഇത് ഒരു ലക്ഷം രൂപയായി ഉയർത്തണമെന്നാണ് ആവശ്യം. ആദായനികുതി നിയമങ്ങളിലെ സെക്ഷൻ 10 പ്രകാരമാണ് നികുതിദായകർക്ക് ഇളവുകൾ നൽകിയിട്ടുണ്ട്. എന്നാല്‍ പണപ്പെരുപ്പം കൂടി കണക്കിലെടുക്കുമ്പോള്‍ 50,000 രൂപ എന്ന പരിധി വളരെ കുറവാണെന്നാണ് പൊതുവേയുള്ള അഭിപ്രായം.












Click it and Unblock the Notifications