ബജറ്റ് സമ്മേളനം; രാഷ്ട്രീയ പാർട്ടികൾ തുറന്ന മനസോടെ സംവാദത്തിന് തയ്യാറാകണമെന്ന് പ്രധാനമന്ത്രി
ദില്ലി; പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇന്ത്യയെ വികസനത്തിന്റെ പാതയിൽ മുന്നോട്ട് കൊണ്ടുപോകാൻ എല്ലാ എംപിമാരും രാഷ്ട്രീയ പാർട്ടികളും തുറന്ന മനസ്സോടെ സംവാദം നടത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

'ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. സമ്മേളനത്തിലേക്ക് എല്ലാ എംപിമാരേയും സ്വാഗതം ചെയ്യുകയാണ്. ഇന്നത്തെ ആഗോള സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ധാരാളം അവസരങ്ങളുണ്ട്.രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി, വാക്സിനേഷൻ പരിപാടി, ഇന്ത്യയിൽ നിർമ്മിച്ച വാക്സിനുകൾ എന്നിവയെക്കുറിച്ച് ഈ ബജറ്റ് സമ്മേളനം ലോകത്തിന് ആത്മവിശ്വാസം പകരുന്നു, പ്രധാനമന്ത്രി പറഞ്ഞു. ബജറ്റ് സമ്മേളനത്തിലെ ചര്ഡച്ചകളും സംവാദങ്ങളും ആഗോള തലത്തിൽ സ്വാധീനം ഉണ്ടാക്കാനുള്ള സുപ്രധാന അവസരമായി മാറും. രാജ്യത്തെ അതിവേഗം വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുപോകാൻ സഹായിക്കുന്ന തരത്തിൽ എല്ലാ എംപിമാരും രാഷ്ട്രീയ പാർട്ടികളും തുറന്ന മനസ്സോടെ ചർച്ച നടത്തണം', പ്രധാനമന്ത്രി പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് ബജറ്റ് സമ്മേളനത്തെ സ്വാധീനിക്കുമെന്ന് അറിയാം. എന്നാൽ തിരഞ്ഞെടുപ്പ് നടക്കട്ടെ, പക്ഷേ ബജറ്റ് സമ്മേളനം എന്നത് ഒരു മുഴവൻ വർഷത്തെ ബ്ലൂ പ്രിന്റ് ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.ബജറ്റ് സമ്മേളനം എത്രത്തോളം ഫലപ്രദമാകുന്നുവോ അത്രത്തോളം രാജ്യത്തെ രാജ്യത്തെ സാമ്പത്തിക ഉന്നതിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള മികച്ച അവസരമായി അത് മാറും, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പാർലമെൻറ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 11 വരെയാണ്. കൊവിഡ് മൂന്നാം തരംഗത്തിന്റെ സാഹചര്യത്തിൽ രാജ്യസഭ രാവിലെയും ലോക്സഭ വൈകിട്ടും ചേരുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. രാജ്യസഭ രാവിലെ 10 മുതൽ 3 വരെയും ലോക്സഭ വൈകുന്നേരം 4 മുതൽ രാത്രി 9 വരെയുമാകും ചേരുക.












Click it and Unblock the Notifications