ബജറ്റ് 2023: ന്യൂനപക്ഷത്തിന്റെ വികസന പദ്ധതികൾക്കുള്ള തുക മൂന്നിലൊന്നായി വെട്ടിച്ചുരുക്കി കേന്ദ്രം
ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള പദ്ധതിക്കായി 1,428 കോടി രൂപയാണ് 2021-2022ൽ ചെലവിട്ടത്. 2022-23 ബജറ്റിൽ 1810 കോടി രൂപ വകയിരുത്തി.

ന്യൂഡൽഹി: ബുധനാഴ്ചയാണ് കേന്ദ്രബജറ്റ് അവതരിപ്പിച്ചത്. കേന്ദ്രബജറ്റിനെ അഭിനന്ദിച്ചും വിമർശിച്ചുമുള്ള അഭിപ്രായങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങളെ പരിഗണിക്കാത്ത ബജറ്റ് ആണെന്ന ആരോപണം ഉയർന്നുവന്നിരുന്നു.
ന്യൂനപക്ഷവിഭാഗത്തിൻറെ വികസന പദ്ധതികൾക്കുള്ള തുക മൂന്നിലൊന്നായി കേന്ദ്രസർക്കാർ വെട്ടിച്ചുരുക്കിയിട്ടുണ്ട്. 610 കോടിയാണ് നീക്കിയിരിപ്പ്. ദേശീയ ആരോഗ്യമിഷനുള്ള നീക്കിയിരിപ്പും ഇത്തവണത്തെ ബജറ്റിൽ കുറച്ചു.
ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള പദ്ധതിക്കായി 1,428 കോടി രൂപയാണ് 2021-2022ൽ ചെലവിട്ടത്. 2022-23 ബജറ്റിൽ 1810 കോടി രൂപ വകയിരുത്തി. പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ചെലവിട്ടത് പക്ഷെ 530 കോടി രൂപ. ഇത്തവണത്തെ ബജറ്റിൽ നീക്കിവച്ചിട്ടുള്ളത് 610 കോടി രൂപ. ദുർബല വിഭാഗങ്ങൾക്കുള്ള ക്ഷേമപദ്ധതി വിഹിതം ഉയർന്നു. 1931 കോടിയിൽ നിന്ന് 2,194 കോടി രൂപയായി.
ദേശീയ ആരോഗ്യമിഷനുള്ള നീക്കിയിരിപ്പ് 37,160 കോടിയിൽ നിന്ന് 36,785 കോടി രൂപയായി കുറഞ്ഞു. സ്വച്ഛ് ഭാരത് പദ്ധതിക്ക് നീക്കിയിരിപ്പ് ഇരട്ടിയായി. 2,300 കോടിയിൽ നിന്ന് 5,000 കോടി. നദീ സംയോജനത്തിന് 1,400 കോടിയിൽ നിന്ന് 3,500 കോടിയായി നീക്കിയിരിപ്പ് ഉയർന്നു. പ്രധാനമന്ത്രി ഭവന പദ്ധതി, പ്രാഥമിക കാർഷിക വായ്പ സംഘങ്ങളുടെ കംപ്യൂട്ടർ വൽക്കരണം, ക്ഷേമപദ്ധതികളുടെ ഭാഗമായി സംസ്ഥാനങ്ങൾക്ക് പയറുവർഗങ്ങൾ വിതരണം ചെയ്യൽ, യൂറിയ സബ്സിഡി എന്നിവയ്ക്കുള്ള നീക്കിയിരിപ്പ് വർധിച്ചിട്ടുണ്ട്.













Click it and Unblock the Notifications