ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; വിവാദ വിഷയങ്ങളില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കന്‍വാര്‍ യാത്ര, നീറ്റ്, മണിപ്പൂര്‍ തുടങ്ങി ഒന്നിലധികം വിവാദങ്ങളുടെ നിഴലില്‍ ആണ് ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി ഒന്നിന് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് 2024-25 ലെ ഇടക്കാല കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്.
ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വേ ഇന്ന് അവതരിപ്പിക്കും. സമ്പദ്വ്യവസ്ഥയെയും വളര്‍ച്ചയെയും കുറിച്ചുള്ള റിപ്പോര്‍ട്ട് കാര്‍ഡ്, സര്‍വേ ലോക്സഭയില്‍ അവതരിപ്പിക്കും. വിവിധ സാമ്പത്തിക മേഖലകളുടെ പ്രകടനത്തെക്കുറിച്ചുള്ള വിശദാംശങ്ങളും തൊഴില്‍, ജിഡിപി വളര്‍ച്ച, പണപ്പെരുപ്പം, ബജറ്റ് കമ്മി എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും സര്‍വേയില്‍ അടങ്ങിയിരിക്കുന്നു.

വിവാദ വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം പ്രതിഷേധിക്കും എന്നുറപ്പായതോടെ ബജറ്റ് അവതരണത്തെ തുടര്‍ന്നുള്ള ചര്‍ച്ച ചൂടുപിടിക്കും. പുതിയ എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമുള്ള ആദ്യ സമ്മേളനത്തില്‍ പല വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ബിഹാറില്‍ നിന്നുള്ള ബിജെപിയുടെ സഖ്യകക്ഷികള്‍ പ്രത്യേക കാറ്റഗറി പദവി ആവശ്യപ്പെടുന്നുണ്ട്.
ആന്ധ്രാപ്രദേശിനായി വൈഎസ്ആര്‍ കോണ്‍ഗ്രസും ഒഡീഷയ്ക്കായി നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദളും ആവശ്യമുയര്‍ത്തുന്നുണ്ട്. ഞായറാഴ്ച നടന്ന സര്‍വകക്ഷി യോഗത്തില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തെങ്കിലും ആന്ധ്രാപ്രദേശിന് പ്രത്യേക കാറ്റഗറി പദവി വേണമെന്ന ആവശ്യം ടിഡിപി നേതാവും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ഉന്നയിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
മുതിര്‍ന്ന നേതാക്കളുടെ പ്രസംഗം തടസ്സപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് സര്‍വകക്ഷി യോഗത്തില്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി പ്രതിപക്ഷ അംഗങ്ങളുടെ മുദ്രാവാക്യം വിളികളാല്‍ ആവര്‍ത്തിച്ച് തടസ്സപ്പെട്ടിരുന്നു.
സഹകരിക്കുന്നതിന് തടസമില്ലെന്നും സുപ്രധാന ജനകീയ വിഷയങ്ങള്‍ ഉന്നയിക്കാന്‍ അനുവദിക്കണമെന്നും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ സര്‍വകക്ഷിയോഗത്തില്‍ ആവശ്യപ്പെട്ടു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഒഴിച്ചിടരുതെന്നും ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷാംഗത്തെ ഡെപ്യൂട്ടി സ്പീക്കറായി നിയമിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും ഇതിന് സര്‍ക്കാര്‍ മറുപടി നല്‍കിയില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷനേതാക്കളായ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും യോഗത്തിനെത്തിയിരുന്നില്ല. ഗൗരവ് ഗൊഗോയി, പ്രമോദ് തിവാരി, ചീഫ് വിപ്പുമാരായ കൊടിക്കുന്നില്‍ സുരേഷ്, ജയറാം രമേഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ബജറ്റ് സമ്മേളനം ഓഗസ്റ്റ് 12 ന് സമാപിക്കും. ഇതിന് മുന്‍പ് വ്യോമയാന മേഖലയില്‍ ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന് 90 വര്‍ഷം പഴക്കമുള്ള എയര്‍ക്രാഫ്റ്റ് നിയമത്തിന് പകരമായി ആറ് ബില്ലുകള്‍ പാസാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications