കേന്ദ്ര ബജറ്റ് 2025: ആദായ നികുതിയിൽ വൻ പൊളിച്ചെഴുത്തോ? മധ്യവർഗത്തിന് ആശ്വാസിക്കാൻ എന്തെല്ലാം
ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. ധനമന്ത്രി നിർമല സീതാരാമന്റെ 8-ാം ബജറ്റിൽ വ്യവസായം, തൊഴിൽ, ആരോഗ്യം, കാർഷികം തുടങ്ങി സകല മേഖലകളിലും വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മധ്യവർഗത്തിനും സാധാരണക്കാർക്കും കൂടുതൽ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.
ബജറ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും വെള്ളിയാഴ്ച പ്രസംഗങ്ങളിൽ ഇത് സംബന്ധിച്ച് സൂചന നൽകിയിരുന്നു. പ്രസംഗത്തിലുടനീളം ഇരുവരും മധ്യവർഗത്തിന്റെ ത്യാഗങ്ങളെ കുറിച്ച് പ്രതിപാദിക്കുകയും നികുതി കുറക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിച്ചേക്കുമെന്ന തരത്തിലുള്ള പരാമർശങ്ങളും നടത്തിയിരുന്നു. മാത്രമല്ല ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സാധാരണക്കാരെ ലക്ഷ്യം വെച്ച് കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

വിലക്കയറ്റം രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തിൽ ആദായ നികുതിയിളവാണ് ഇടത്തരക്കാർ ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്നത്. പുതിയ ആദായനികുതി വ്യവസ്ഥ പ്രകാരം 7 ലക്ഷം വാർഷിക ശമ്പളമുള്ളവർക്ക് ആദായനികുതി ബാധ്യത ഇല്ല. അതേസമയം വാർഷിക വരുമാനം 10 ലക്ഷം രൂപ വരെ ആദായനികുതി ഒഴിവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ബജറ്റിൽ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടിസ്ഥാന നികുതി പരിധിയിലും ഇളവ് ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. നിലവിൽ 3 ലക്ഷം രൂപ വരുമാനം ഉള്ളവർക്ക് നികുതി ബാധ്യത ഉണ്ട്. നേരത്തേ ഇത് 2.50 ലക്ഷമായിരുന്നു. പുതിയ ബജറ്റിൽ 3 ലക്ഷമെന്നത് 5 ലക്ഷമായി ഉയർത്തിയേക്കും. 15 -20 ലക്ഷത്തിന് ഇടയിൽ വാർഷിക വരുമാനം ഉള്ളവർക്ക് 25 ശതമാനം ടാക്സ് സ്ലാബും ബജറ്റിൽ അവതരിപ്പിച്ചേക്കും.
വിലക്കയറ്റം സാധാരണക്കാരന്റെ നടുവൊടിക്കുകയാണ്. പച്ചക്കറികൾ, പാചകവാതകം, പാൽ വില എല്ലാം കുത്തനെ കുതിക്കുകയാണ്. വിലക്കയറ്റം പിടിച്ചുനിർത്താനാകുന്ന നടപടി എന്താകുമെന്നതാണ് ഉറ്റുനോക്കപ്പെടുന്ന മറ്റൊരു കാര്യം. ഭക്ഷ്യ എണ്ണ പോലുള്ള അവശ്യ വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതും പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി ക്രമീകരിക്കുന്നതും ചെലവ് കുറയ്ക്കാൻ സഹായിക്കുകയും കുടുംബംഗങ്ങൾക്ക് ആശ്വാസം പകരുകയും ചെയ്യും. തൊഴിലാളികളുടെ ശമ്പളത്തിൽ കാര്യമായ വർധനവ് ഇല്ലാത്തത് സമീപകാലങ്ങളിൽ ഉപഭോഗം കുത്തനെ കുറയാൻ കാരണമായട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് സംബന്ധിച്ചും ബജറ്റിൽ ആശ്വാസ നടപടികൾ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.












Click it and Unblock the Notifications