ഒരു രൂപയുടെ വരവും പോക്കും ഇങ്ങനെ; വായ്പയും പലിശയും നികുതിയും... രസകരമായ കണക്ക്
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കോടികളുടെ കണക്കുകളാണ് പറയുന്നതെങ്കിലും ഇതിനുള്ള പണം എവിടെ നിന്നാണ് സര്‍ക്കാരിന് ലഭിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. അടുത്ത ഒരു വര്‍ഷക്കാലത്തേക്കുള്ള വരവും ചെലവുമെല്ലാം വിശദമാക്കുന്നതാണ് ബജറ്റ്. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍, സംസ്ഥാനങ്ങള്‍ക്ക് എന്തൊക്കെ നല്‍കും, വിവിധ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള പദ്ധതികള്‍, അവയ്ക്ക് നീക്കി വയ്ക്കുന്ന തുക എന്നിവയെല്ലാം ബജറ്റില്‍ വിശദീകരിക്കുക പതിവാണ്.
എന്നാല്‍ സര്‍ക്കാരിലേക്ക് പണം വരുന്നതും പോകുന്നതും എങ്ങനെ എന്ന് അധികപേര്‍ക്കും അറിയില്ല. പ്രധാന വരുമാന മാര്‍ഗം വായ്പ തന്നെയാണ്. മറ്റൊന്ന് ആദായ നകുതിയും. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നികുതി വിഹിതം വഴിയാണ് സര്‍ക്കാരിന്റെ പണം പ്രധാനമായും മടങ്ങിപ്പോകുന്നത്. രസകരമായ കണക്കുകള്‍ ഇങ്ങനെയാണ്...

ഒരു രൂപ അടിസ്ഥാനമാക്കി വിശദീകരിച്ചാല്‍ ഇക്കാര്യം എളുപ്പം മനസിലാകും. സര്‍ക്കാരിന് ഒരു രൂപ കിട്ടുന്നത് എങ്ങനെ എന്ന് ആദ്യം പറയാം. വായ്പയും കടമെടുക്കലും വഴി 24 പൈസയാണ് സര്‍ക്കാരിന് കിട്ടുന്നത്. ആദായ നികുതി വഴി 22 പൈസയും. ജിഎസ്ടി ഉള്‍പ്പെടെയുള്ള മറ്റു നികുതികള്‍ വഴി 18 പൈസ കിട്ടും. കമ്പനി കാര്യ നികുതി വഴി 17 പൈസ ലഭിക്കും. നികുതി ഇതര വരുമാനം 9 പൈസയാണ്. കസ്റ്റംസ് നികുതി നാല് പൈസയും എക്‌സൈസ് നികുതി അഞ്ച് പൈസയും ലഭിക്കും. മൂലധന വരുമാനം ഒരു പൈസയും. ഇങ്ങനെയാണ് ഒരു രൂപ സര്‍ക്കാരിന് ലഭിക്കുന്നത്.

ഇനി ഒരു രൂപ എങ്ങനെയാണ് സര്‍ക്കാര്‍ ചെലവാക്കുന്നത് എന്ന് പറയാം. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതമായി 22 പൈസ കൊടുക്കും. വായ്പക്കുള്ള പലിശയായി 20 പൈസയും. കേന്ദ്ര മേഖലാ പദ്ധതികള്‍ക്ക് 16 പൈസ, പ്രതിരോധം, ധനകാര്യ കമ്മീഷന്‍, കേന്ദ്ര പദ്ധതികള്‍, മറ്റു ചെലവുകള്‍ എന്നീ ഇനങ്ങളില്‍ എട്ട് പൈസ വീതം ചെലവഴിക്കും. സബ്‌സിഡിയായി ആറ് പൈസയും പെന്‍ഷനായി നാല് പൈസയും ചെലവഴിക്കും.
ബജറ്റിന്റെ വിശദാംശങ്ങള്‍ എങ്ങനെ അറിയാം?
ഇന്ന് 11 മണിക്കാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിച്ചത്. ഇന്ത്യ ബജറ്റ് ഡോട്ട് ഗവ് ഡോട്ട് ഇന്‍ എന്ന സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ നിന്ന് ബജറ്റ് രേഖ ഡൗണ്‍ലോഡ് ചെയ്യാം. ബജറ്റ് പ്രസംഗം കഴിഞ്ഞതു മുതല്‍ ഇത് ലഭിക്കും. യൂണിയന്‍ ബജറ്റ് മൊബൈല്‍ ആപ്പ് വഴിയും ഇത് ലഭിക്കും.
ഹിന്ദിയിലും ഇംഗ്ലീഷിലും രേഖ ലഭിക്കുന്നതാണ്. മൊബൈല്‍ ആപ്പ് വഴി യൂണിയന്‍ ബജറ്റ് വെബ് പോര്‍ട്ടലില്‍ നിന്ന് ബജറ്റിന്റെ പിഡിഎഫ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
Download











Click it and Unblock the Notifications