'വന്ദേഭാരത് സ്ലീപ്പറും വരില്ല, അമൃത് ഭാരതും ഇല്ല'; ബജറ്റിൽ റെയിൽവെയ്ക്ക് നിരാശ
ഡൽഹി: കേന്ദ്രബജറ്റിൽ റെയിൽവെയ്ക്കായി പ്രഖ്യാപനങ്ങളൊന്നുമില്ല. കഴിഞ്ഞ വർഷം അനുവദിച്ച 2.62 ലക്ഷം കോടി തന്നെയാണ് ബജറ്റിൽ ഈ വർഷം റെയിൽവെയ്ക്ക് അനുവദിച്ചത്. പുതിയ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അടക്കം പ്രഖ്യാപിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും ഉണ്ടായില്ല.
2023-2024 സാമ്പത്തിക വർഷത്തിൽ 2,40,200 കോടിയായിരുന്നു റെയിൽവെയ്ക്കുള്ള ബജറ്റ് വിഹിതം. 2024 ൽ ഇത് 2,55,200 കോടിയാക്കി ഉയർത്തി. അതായത് മുൻവർഷത്തെ അപേക്ഷിച്ച് 5 ശതമാനം വർധന. ഇത്തവണ വിഹിത 3 ലക്ഷം കോടിയായി ഉയർത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത് പക്ഷെ നിരാശയാണ് ഫലം.

കഴിഞ്ഞ ബജറ്റിൽ പുതിയ വന്ദേഭാരത് ട്രെയിനുകൾ കൂടാതെ പ്രധാന സാമ്പത്തിക ഇടനാഴികൾ എന്നിവയു ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.
ഈ വർഷത്തെ ബജറ്റിൽ ചെന്നൈ, റായ്ബറേലി, കപൂർത്തല തുടങ്ങിയ റെയിൽവെ ഉത്പാദന യൂണിറ്റുകളിൽ കോച്ചുകളുടെ ഉൽപ്പാദന ശേഷി ഉയർത്തുമെന്നും വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ കൂടാതെ സൂപ്പർഫാസ്റ്റ് പാസഞ്ചർ ട്രെയിനുകളായ അമൃത് ഭാരത് ട്രെയിനുകളും പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ പുതിയ പ്രഖ്യാപനങ്ങളൊന്നും തന്നെ ബജറ്റിൽ ഇടംപിടിച്ചില്ല.
അതേസമയം കേന്ദ്രബജറ്റിൽ അതിരൂക്ഷമായ വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിനേയും ഡൽഹിയേയും മുന്നിൽക്കണ്ടുള്ള പ്രഖ്യാപനങ്ങൾ മാത്രമാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും മറ്റ് സംസ്ഥാനങ്ങളോട് സർക്കാർ കടുത്ത അവഗണനയാണ് കാണിച്ചതെന്നും നേതാക്കൾ വിമർശിച്ചു. ആദായ നികുതിയിൽ അനുവദിച്ച വമ്പൻ ഇളവിനെ എൻ ഡി എ നേതാക്കൾ ഉയർത്തിക്കാട്ടുമ്പോൾ ശമ്പളം ഇല്ലാത്തവർ എന്ത് ചെയ്യുമെന്ന ചോദ്യമാണ് പ്രതിപക്ഷ നേതാക്കൾ ഉയർത്തുന്നത്.
ആദായ നികുതിയിൽ ഇളവ് ലഭിക്കണമെങ്കിൽ ആദ്യം വേണ്ടത് ജോലിയല്ലേയെന്നാണ് ശശി തരൂർ എംപി പ്രതികരിച്ചത്. 'മധ്യവർഗത്തെ സഹായിക്കാൻ ലക്ഷ്യം വെച്ചുള്ള ആദായ നികുതി ഇളവിന് ഭരണപക്ഷത്തെ എംപിമാർ കൈയ്യടിക്കുന്നുണ്ടായിരുന്നു. അത് നല്ല കാര്യം തന്നെയായിരിക്കാം. ശമ്പളം ഉണ്ടെങ്കിൽ തീർച്ചയായും നികുതി അടക്കേണ്ടി വരില്ല. എന്നാൽ ശമ്പളം ഇല്ലെങ്കിലോ എന്നതാണ് പ്രധാന ചോദ്യം. എവിടെ നിന്നാണ് ശമ്പളം വരുന്നത്? ജോലിയെടുക്കുമ്പോഴല്ലേ. അതിന് ആദ്യം ജോലി വേണ്ടി. തൊഴിലില്ലായ്മയെ കുറിച്ച് കേന്ദ്രമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തിനായി വാദിക്കുന്ന ബിജെപി ഓരോ വർഷവും തിരഞ്ഞെടുപ്പ് ഉള്ള സംസ്ഥാനങ്ങൾക്ക് വാരിക്കോരി നൽകുകയാണ്. അവർക്ക് ചിലപ്പോൾ ഒറ്റ തിരഞ്ഞെടുപ്പ് വേണ്ടി വരില്ല. മറിച്ച് തിരഞ്ഞെടുപ്പ് നടത്തുമ്പോഴല്ലേ അവരുടെ എംപിമാർക്ക് ഇത്തരത്തിൽ കൈയ്യടിക്കാൻ കഴിയുകയുള്ളൂ', ശശി തരൂർ പരിഹസിച്ചു.












Click it and Unblock the Notifications