കേന്ദ്ര ബജറ്റ് 2025; കൂടുതൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ? അമൃത് ഭാരത് എക്സ്പ്രസ്?, വമ്പൻ പ്രതീക്ഷയിൽ റെയിൽവെ
ഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാമത് ബജറ്റ് ഇന്ന്. രാവിലെ 11 മണിയോടെ ധനമന്ത്രി നിർമല സീതാരാമാൻ ബജറ്റ് അവതരിപ്പിക്കും. മധ്യവർഗത്തിന് അനുകൂലമായ കൂടുതൽ ഇളവുകൾ ബജറ്റിൽ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബജറ്റിൽ വലിയ പ്രതീക്ഷയിലാണ് റെയിൽവെയും. ഇക്കുറി റെയിൽവെയ്ക്കായി വമ്പൻ പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ വർഷം 2.62 ലക്ഷം കോടിയായിരുന്നു ബജറ്റിൽ റെയിൽവെയ്ക്കുള്ള നീക്കിയിരിപ്പ്. ഇത്തവണ അത് 3 ലക്ഷം കോടിയായി ഉയർത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ വർഷത്തെ ബജറ്റിൽ ചെന്നൈ, റായ്ബറേലി, കപൂർത്തല തുടങ്ങിയ റെയിൽവെ ഉത്പാദന യൂണിറ്റുകളിൽ കോച്ചുകളുടെ ഉൽപ്പാദന ശേഷി ഉയർത്തിയേക്കും. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റോളിംഗ് സ്റ്റോക്കിനായി 54,113 കോടി രൂപ ഇതിനായി അനുവദിച്ചരുന്നു. 2023-24 സാമ്പത്തിക വർഷത്തിലെ ചെലവിനെക്കാൾ 156 കോടി അധികമായിരുന്നു ഇത്.

അതേസമയം പുതിയ ബജറ്റിൽ കൂടുതൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്ത് ഇതുവരെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ സർവ്വീസ് ആരംഭിച്ചിട്ടില്ല. നിലവിൽ ഒരു സ്ലീപ്പർ ട്രെയിൻ അഹമ്മദാബാദ്-മുംബൈ റൂട്ടിൽ ട്രെയൽ റൺ പൂർത്തിയാക്കിയിട്ടുണ്ട്. വൈകാതെ തന്നെ ട്രെയിൻ സർവ്വീസ് ആരംഭിച്ചേക്കും. ഡൽഹി - കാശ്മീർ റൂട്ടിലായിരിക്കും ട്രെയിൻ അവതരിപ്പിക്കുക.
വന്ദേഭാരത് ട്രെയിനുകൾക്കൊപ്പം തന്നെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും വേണമെന്ന ആവശ്യം രാജ്യത്ത് ശക്തമാണ്. ഈ സാചര്യത്തിൽ ബജറ്റിൽ അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം വന്ദേഭാരതിനൊപ്പം സൂപ്പർഫാസ്റ്റ് പാസഞ്ചർ ട്രെയിനുകളായ അമൃത് ഭാരത് ട്രെയിനുകളും ബജറ്റിൽ പ്രഖ്യാപിച്ചേക്കും. ട്രെയിനുകളുടെ 50 നവീകരിച്ച പതിപ്പുകൾ ഉടൻ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.
തിരക്കുയരുന്ന സാഹചര്യത്തിൽ 22-24 കോച്ചുകളുള്ള കൂടുതൽ പാസഞ്ചർ ട്രെയിനുകൾ അവതരിപ്പിക്കുന്നതിന് ബജറ്റിൽ കർമ്മപദ്ധതി ആവിഷ്കരിക്കേണ്ടതിന്റെ പ്രാധാന്യവും റെയിൽവെ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടാതെ, ട്രെയിനുകളിലും സ്റ്റേഷനുകളിലും ടോയ്‌ലറ്റ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള പദ്ധതി നടപ്പാക്കണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ട്രെയിൻ റിസർവേഷനുകൾക്കായുള്ള വെയിറ്റിംഗ് ലിസ്റ്റുകൾ ഒഴിവാക്കുക, ജെ എൻ പി ടി-വെസ്റ്റേൺ ഡെഡിക്കേറ്റഡ് ചരക്ക് ഇടനാഴി കണക്റ്റിവിറ്റി, ശ്രീനഗറിലേക്ക് കൂടുതൽ സ്ലീപ്പർ ട്രെയിനുകൾ, ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ കമ്മീഷനിങ്ങ് ഉൾപ്പെടെ പ്രധാന പദ്ധതികൾ പൂർത്തിയാക്കുന്നതിന് വ്യക്തമായ സമയപരിധികൾ അവതരിപ്പിക്കേണ്ടതുണ്ടെന്നും ബജറ്റിൽ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications