union budget:ഞായറാഴ്ച്ച ബജറ്റ് അവതരിപ്പിക്കുന്നത് 27 വര്‍ഷത്തിനു ശേഷം: 1999-ലെ ബജറ്റിന് മറ്റൊരു പ്രത്യേകത കൂടി
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ നാളെ രാവിലെ 11 മണിക്കാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2026-27-ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റില്‍ എന്തൊക്കെ സര്‍പ്രൈസുകളും പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്ന ആകാംക്ഷയിലാണ് രാജ്യത്തെ ജനങ്ങളും സാമ്പത്തിക മേഖലയും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ കേരളവും വലിയ പ്രതീക്ഷയിലാണ് ബജറ്റിനെ ഉറ്റുനോക്കുന്നത്.
അവധി ദിനത്തില്‍ കേന്ദ്ര ബജറ്റ്
അവധി ദിനമായിട്ടും ഞായറാഴ്ച്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനെ കുറിച്ച് ചിലരെങ്കിലും സംശയം പ്രകടിപ്പിക്കുന്നുണ്ടാകും. എന്തുകൊണ്ട് പ്രവൃത്തി ദിനമായ തിങ്കളാഴ്ച്ചയിലേക്കു മാറ്റിവച്ചില്ലെന്നു ചോദിക്കുന്നവരും ഉണ്ടാകും. എന്നാല്‍ ഇതാദ്യമല്ല കേന്ദ്ര ബജറ്റ് ഞായറാഴ്ച്ച അവതരിപ്പിക്കുന്നത്. നീണ്ട 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഞായറാഴ്ച ദിനത്തില്‍ വീണ്ടുമൊരു കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. ഇതിനുമുമ്പ് 1999-ലാണ് ഞായറാഴ്ച ദിനത്തില്‍ ബജറ്റ് അവതരിപ്പിച്ചത്.

അന്നും എന്‍ഡിഎ സര്‍ക്കാരായിരുന്നു രാജ്യം ഭരിച്ചിരുന്നത്. അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹയാണ് ഫെബ്രുവരി 28 ഞായറാഴ്ച ദിനത്തില്‍ ബജറ്റ് അവതരിപ്പിച്ചത്. ഇന്ത്യയുടെ ബജറ്റ് അവതരണ ചരിത്രത്തിലെ വലിയൊരു മാറ്റത്തിനും ആ ദിവസം സാക്ഷ്യം വഹിച്ചിരുന്നു.
ബ്രിട്ടീഷ് ഭരണകാലം മുതല്‍ തുടര്‍ന്നു പോന്നിരുന്ന, വൈകിട്ട് അഞ്ചു മണിക്ക് ബജറ്റ് അവതരിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, സമയം രാവിലെ 11 മണിയിലേക്ക് മാറ്റിയത് യശ്വന്ത് സിന്‍ഹയായിരുന്നു. ലണ്ടനിലെ സമയക്രമവുമായി പൊരുത്തപ്പെടാന്‍ വേണ്ടിയായിരുന്നു മുന്‍പ് വൈകുന്നേരങ്ങളില്‍ ബജറ്റ് അവതരിപ്പിച്ചിരുന്നത്. പിന്നീട് ഇന്ത്യയില്‍ ബജറ്റ് അവതരണത്തിനുള്ള സ്റ്റാന്‍ഡേര്‍ഡ് സമയമായി 11 മണി മാറുകയും ചെയ്തു.
2017 മുതലാണ് ബജറ്റ് അവതരണം ഫെബ്രുവരി അവസാന വാരത്തില്‍ നിന്നും ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയത്. ഏപ്രില്‍ ഒന്നിന് പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് പാര്‍ലമെന്റില്‍ ബജറ്റ് നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനും അംഗീകരിക്കാനും അതു നടപ്പാക്കാനും കൂടുതല്‍ സമയം ലഭിക്കാനായിരുന്നു ഈ പരിഷ്‌കാരം. ഫെബ്രുവരി ഒന്ന് അവധി ദിവസമാണെങ്കിലും ബജറ്റ് അവതരണത്തിനായി പാര്‍ലമെന്റ് പ്രത്യേകം സമ്മേളിക്കും. 11 മണിക്കു തന്നെ ബജറ്റ് അവതരണം തുടങ്ങുകയും ചെയ്യും.
ഞായറാഴ്ചയായതിനാല്‍ ഓഹരി വിപണികള്‍ക്ക് സാധാരണ അവധിയാണെങ്കിലും ബജറ്റ് പ്രഖ്യാപനങ്ങളുള്ളതിനാല്‍ ബിഎസ്ഇയും എന്‍എസ്ഇയും നാളെ പ്രവര്‍ത്തിക്കും. ഇത് നിക്ഷേപകര്‍ക്കും സാമ്പത്തിക വിദഗ്ധര്‍ക്കും ബജറ്റ് നിര്‍ദേശങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്യാന്‍ അവസരം ലഭിക്കുന്നു. നികുതിയുമായി ബന്ധപ്പെട്ടോ മറ്റ് മേഖലകളിലോ അപ്രതീക്ഷിത പ്രഖ്യാപനങ്ങള്‍ ഉണ്ടായാല്‍ വിപണിയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്.












Click it and Unblock the Notifications