കേന്ദ്രബജറ്റ്; മുതിര്‍ന്ന പൗരന്മാര്‍ക്ക് എന്തുകിട്ടി; ട്രെയിന്‍ ടിക്കറ്റില്‍ ഇളവുണ്ടോ? പ്രഖ്യാപനങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തിന് ഒന്നും കിട്ടിയില്ലെങ്കിലും മുതിര്‍ന്ന പൗരന്മാരോട് അനുഭാവം പുലര്‍ത്തുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ബജറ്റില്‍ മുതിര്‍ന്ന പൗരന്മാരുടെ നികുതി ഭാരം കുറയ്ക്കാനും മികച്ച ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് ധനമന്ത്രി നടത്തിയത്. അന്താരാഷ്ട്ര യാത്രകള്‍ നടത്തുന്ന പ്രായമായവര്‍ക്ക് വ്യക്തിപരമായ രീതിയില്‍ ഗുണം ചെയ്യുന്ന ചില പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. അതേസമയം, മുതിര്‍ന്ന വിഭാഗം ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന, റെയില്‍വേ ടിക്കറ്റ് കണ്‍സെഷന്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെടാത്തത് നിരാശ നല്‍കുന്നു.
ഇന്ത്യയില്‍ ഭൂരിപക്ഷം മുതിര്‍ന്ന പൗരന്മാരും ശമ്പള വിഭാഗത്തില്‍ ഉള്‍പ്പെടുന്നില്ല. ജോലി ചെയ്യുന്നവര്‍ക്കു ലഭിക്കുന്നതു പോലെ വിരമിച്ചവര്‍ക്ക് ശമ്പള വര്‍ധനയോ മറ്റ് തൊഴില്‍ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. മിക്കവരും റിട്ടയര്‍മെന്റ് വരുമാനത്തെ മാത്രം ആശ്രയിച്ചാണ് ജീവിക്കുന്നത്. പെന്‍ഷന്‍, സ്ഥിര നിക്ഷേപങ്ങള്‍, സമ്പാദ്യത്തില്‍ നിന്നുള്ള പലിശ, മക്കളുടെ വരുമാനം എന്നിവയില്‍ നിന്നാണ് മുതിര്‍ന്ന പൗരന്മാര്‍ ജീവിക്കാനുള്ള വരുമാനം കണ്ടെത്തുന്നത്.

ഇന്ത്യയില്‍ 60 വയസിനും അതിനു മുകളിലും പ്രായമുള്ള 14.9 കോടിയിലധികം ആളുകളുണ്ടെന്നാണ് സര്‍ക്കാരിന്റെ ജനസംഖ്യാ കണക്കുകള്‍ കാണിക്കുന്നത്. 2031 ആകുമ്പോഴേക്കും ഈ സംഖ്യ 19 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വയോജന പരിചരണം, ഹോം കെയര്‍ സേവനങ്ങള്‍ എന്നിവയുടെ ആവശ്യകത വര്‍ധിപ്പിക്കുന്നു.
വര്‍ധിച്ചു വരുന്ന മെഡിക്കല്‍ ചെലവുകള്‍ നേരിടുക എന്നതാണ് ഈ വിഭാഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ആരോഗ്യ മേഖലയിലെ പ്രഖ്യാപനങ്ങള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഗുണം ചെയ്യും. കേന്ദ്ര ബജറ്റില്‍ 17 തരം കാന്‍സര്‍ മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കിയത് ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കും. ഇത് രോഗികളായ മുതിര്‍ന്ന പൗരന്മാര്‍ക്ക് വലിയ സാമ്പത്തിക ആശ്വാസം നല്‍കും.
മുതിര്‍ന്ന പൗരന്മാരെ പരിചരിക്കാനായി അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 1.5 ലക്ഷം പരിചാരകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. അടിസ്ഥാന പരിചരണത്തിന് പുറമെ യോഗ, വെല്‍നസ്, ആധുനിക മെഡിക്കല്‍ ഉപകരണങ്ങളുടെ ഉപയോഗം എന്നിവയിലും ഇവര്‍ക്ക് പരിശീലനം ലഭിക്കും. ഇത് മുതിര്‍ന്നവര്‍ക്ക് വീടുകളിലും ആശുപത്രികളിലും കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭിക്കാന്‍ ഇടയാക്കും.
വിദേശ യാത്രകള്‍ നടത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് വിമാനത്താവളങ്ങളിലെ നടപടിക്രമങ്ങള്‍ ലളിതമാക്കിയത് ബജറ്റിലെ പ്രധാന പ്രഖ്യാപനമാണ്. കസ്റ്റംസ് ഡിക്ലറേഷനുകളും പേയ്മെന്റുകളും നടത്താന്‍ ആപ്പ്/ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും. കസ്റ്റംസ് പരിശോധനകള്‍ ഡിജിറ്റലാകുന്നതോടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ക്യൂ നില്‍ക്കാതെ കാര്യങ്ങള്‍ വേഗത്തില്‍ തീര്‍ക്കാം.
മുതിര്‍ന്ന പൗരന്മാര്‍ക്ക് വ്യക്തിഗത ഉപയോഗത്തിനായി പുതിയ ലാപ്‌ടോപ്പ് യാതൊരു നികുതിയും നല്‍കാതെ വിദേശത്തു നിന്ന് ഡ്യൂട്ടി ഫ്രീ ആയി കൊണ്ടുവരാം. വിദേശത്തെ താമസം അവസാനിപ്പിച്ച് സ്ഥിരമായി ഇന്ത്യയിലേക്ക് മടങ്ങുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കും ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങളുണ്ട്. വീട്ടുപകരണങ്ങള്‍, ഫര്‍ണിച്ചര്‍ തുടങ്ങിയവ കൊണ്ടുവരുന്നതിനുള്ള ഡ്യൂട്ടി ഫ്രീ പരിധി പരിഷ്‌കരിച്ചു.
പലിശയെ ആശ്രയിച്ച് ജീവിക്കുന്ന വിരമിച്ചവര്‍ക്ക് ടിഡിഎസ് നടപടിക്രമങ്ങള്‍ ലളിതമാക്കിയത് ഗുണകരമാകും. മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങളിലെ പലിശ വരുമാനത്തിന്മേലുള്ള ഒരു ലക്ഷം രൂപ വരെയുള്ള ടിഡിഎസ് പരിധി മാറ്റമില്ലാതെ തുടരുന്നു
ബജറ്റില്‍ ആദായനികുതി സ്ലാബുകളില്‍ വലിയ മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ആദായ നികുതി ഇളവും ലഭിച്ചിട്ടില്ല. ചുരുക്കത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് സാമ്പത്തികമായ നികുതി ഇളവുകള്‍ ലഭിക്കുന്ന പ്രഖ്യാപനങ്ങളൊന്നും ബജറ്റില്‍ ഇല്ല.












Click it and Unblock the Notifications